Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'തലയുയര്‍ത്തി സഞ്ജു', തട്ടകത്തില്‍ മുംബൈയെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 23 റണ്‍സിന് തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ജോസ് ബട്ലര്‍ (68 പന്തില്‍ 100) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഷിംറോന്‍ ഹെറ്റ്മെയര്‍ (14 പന്തില്‍ 35), സഞ്ജു സാംസണ്‍ (21 പന്തില്‍ 30) എന്നിവര്‍ രാജസ്ഥാനായി ബാറ്റിങ്ങില്‍ തിളങ്ങി. യുസ് വേന്ദ്ര ചഹാല്‍, നവദീപ് സൈനി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും രാജസ്ഥാനായി പങ്കിട്ടു. മുംബൈക്കായി തിലക് വര്‍മ (33 പന്തില്‍ 61), ഇഷാന്‍ കിഷന്‍ (43 പന്തില്‍ 54) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി.

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന രാജസ്ഥാന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ആദ്യ രണ്ട് ഓവറിലും മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ യുവ ഓപ്പണര്‍ യശ്വസി ജയ്സ്വാള്‍ ആദ്യം മടങ്ങി. രണ്ട് പന്ത് നേരിട്ട് 1 റണ്‍സ് മാത്രം നേടിയ ജയ്സ്വാളിനെ ജസ്പ്രീത് ബുംറ ടിം ഡേവിഡിന്റെ കൈയിലെത്തിക്കുകയായിരുന്നു. നേരിട്ട രണ്ടാം പന്ത് തന്നെ ബുംറയെ ബൗണ്ടറി കടത്തിയാണ് ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയത്. എന്നാല്‍ ഏഴ് പന്ത് നേരിട്ട് ഏഴ് റണ്‍സെടുത്ത താരം ടൈമല്‍ മില്‍സിനെ സിക്സറിന് ശ്രമിച്ച് രോഹിത് ശര്‍മക്ക് ക്യാച്ച് നല്‍കി മടങ്ങി.

1

ഈ ക്യാച്ചോടെ ടി20യില്‍ 150 ക്യാച്ച് രോഹിത് ശര്‍മ പൂര്‍ത്തിയാക്കി. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, സുരേഷ് റെയ്ന എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. നാലാം ഓവറില്‍ മലയാളി പേസര്‍ ബേസില്‍ തമ്പിയെ പന്തേല്‍പ്പിച്ച രോഹിത്തിന് പിഴച്ചു. ജോസ് ബട്ലര്‍ മൂന്ന് സിക്സും രണ്ട് ഫോറുമടക്കം നിറഞ്ഞാടിയ മത്സരത്തില്‍ 26 റണ്‍സാണ് ബേസിലിന് വഴങ്ങേണ്ടി വന്നത്.

1

ഈ സീസണില്‍ ഒരോവറില്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കുന്ന രണ്ടാമത്തെ താരമെന്ന നാണക്കേടിലേക്കും ബേസിലിന് പേര് ചേര്‍ക്കേണ്ടി വന്നു. ഐപിഎല്ലില്‍ ഒരു മത്സരത്തില്‍ ഏറ്റവും റണ്‍സ് വഴങ്ങിയ ബൗളറെന്ന നാണക്കേടും ബേസിലിന്റെ പേരിലാണ്. 2018ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമായിരിക്കെ ആര്‍സിബിക്കെതിരേ നാല് ഓവറില്‍ 70 റണ്‍സാണ് ബേസില്‍ വിട്ടുകൊടുത്തത്.

1

നാലാം ഓവറില്‍ ബട്ലര്‍ നേടിയ 26 റണ്‍സ് രാജസ്ഥാന്റെ കുതിപ്പിന് ശക്തി പകര്‍ന്നു. മൂന്നാം വിക്കറ്റില്‍ നായകന്‍ സഞ്ജു സാംസണ്‍ (21 പന്തില്‍ 30) ബട്ലര്‍ക്കൊപ്പം ചേര്‍ന്നതോടെ രാജസ്ഥാന്‍ ഇന്നിങ്സിന് അടിത്തറയായി. മൂന്നാം വിക്കറ്റില്‍ 82 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. മൂന്ന് സിക്സും ഒരു ബൗണ്ടറിയുമടക്കം കത്തികയറിയ സഞ്ജു കറെന്‍ പൊള്ളാര്‍ഡിന് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ബോര്‍ഡ് 130 എന്ന ഭേദപ്പെട്ട നിലയിലേക്കെത്തിയിരുന്നു.

1

അഞ്ചാമനായി ക്രീസിലെത്തിയ ഷിംറോന്‍ ഹെറ്റ്മെയര്‍ തുടക്കം മുതല്‍ ആക്രമിച്ചു. 17ാം ഓവര്‍ കറെന്‍ പൊള്ളാര്‍ഡിനെ ഏല്‍പ്പിക്കാനുള്ള രോഹിത്തിന്റെ തീരുമാനം തെറ്റാണെന്ന് ഹെറ്റ്മെയര്‍ ബാറ്റുകൊണ്ട് തെളിയിച്ചു. രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 26 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. 14 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും പറത്തിയ ഹെറ്റ്മെയര്‍ 35 റണ്‍സാണ് നേടിയത്. കൂടുതല്‍ അപകടകാരിയാവുന്നതിന് മുമ്പെ ബുംറയാണ് ഹെറ്റ്മെയറെ പുറത്താക്കിയത്. ഒരു വശത്ത് സെഞ്ച്വറി നേടി നിന്ന ജോസ് ബട്ലറെയും 19ാം ഓവറില്‍ ബുംറ പുറത്താക്കി. 68 പന്തുകള്‍ നേരിട്ട് 11 ഫോറും അഞ്ച് സിക്സും പറത്തിയ ബട്ലറെ ബുംറ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു.

1

അവസാന ഓവറിലെ അവസാന പന്തില്‍ ആര്‍ അശ്വിന്‍ (1) റണ്ണൗട്ടാവുകയും ചെയ്തു. ബുംറ 19ാം ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്തപ്പോള്‍ ഒരു റണ്ണൗട്ടടക്കം മൂന്ന് വിക്കറ്റാണ് മത്സരത്തില്‍ പിറന്നത്. അവസാന ഓവറില്‍ ടൈമല്‍ മില്‍സും മികച്ച ബൗളിങ് കാഴ്ചവെച്ചു. ഒരു ഘട്ടത്തില്‍ 200ന് മുകളില്‍ പോകുമെന്ന രാജസ്ഥാന്‍ സ്‌കോറിനെ 193ല്‍ ഒതുക്കാന്‍ മുംബൈ ബൗളര്‍മാര്‍ക്കായി. മുംബൈക്കായി ജസ്പ്രീത് ബുംറയും ടൈമല്‍ മില്‍സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ കറെന്‍ പൊള്ളാര്‍ഡ് ഒരു വിക്കറ്റും സ്വന്തമാക്കി.

1

മറുപടിക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ തുടക്കം പിഴച്ചു. നായകന്‍ രോഹിത് ശര്‍മയെ (5 പന്തില്‍ 10) നിലയുറപ്പിക്കും മുമ്പെ മുംബൈക്ക് നഷ്ടമായി. മൂന്നാമന്‍ അന്‍മോല്‍പ്രീത് സിങ്ങും (5) കാര്യമായൊന്നും ചെയ്യാതെ മടങ്ങി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷന്‍ (54) തിലക് വര്‍മ (61) കൂട്ടുകെട്ട് മുംബൈയുടെ തിരിച്ചടി ശക്തമാക്കി. 43 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമടക്കം 54 റണ്‍സുമായി ഇഷാന്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 121 റണ്‍സ്. 81 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും സൃഷ്ടിച്ചത്. അധികം വൈകാതെ തിലക് വര്‍മയെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി. 33 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ ഗംഭീര ഇന്നിങ്‌സ് കളിച്ച തിലക് ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.

15, 16 ഓവറുകളില്‍ സ്പിന്നിനെ ഉപയോഗിച്ച സഞ്ജു സാംസണിന്റെ തന്ത്രം ഫലിച്ചു. 16ാം ഓവര്‍ എറിയാനെത്തിയ യുസ് വേന്ദ്ര ചഹാല്‍ അപകടകാരിയായ ടിം ഡേവിഡിനെ (1) എല്‍ബിയില്‍ കുടുക്കി. തൊട്ടടുത്ത പന്തില്‍ ഡാനിയല്‍ സാംസിനെ ഗോള്‍ഡന്‍ ഡെക്കാക്കി ചഹാല്‍ മടക്കിയതോടെ മുംബൈ പ്രതിസന്ധിയിലായി. ഹാട്രിക്കിനുള്ള അവസരം ചഹാലിന് ലഭിച്ചെങ്കിലും ഫസ്റ്റ് സ്ലിപ്പില്‍ കരുണ്‍ നായര്‍ ക്യാച്ച് പാഴാക്കി. അര്‍ഹിച്ച ഹാട്രിക്കാണ് ചഹാലിന് നഷ്ടമായത്.

1

അവസാന ഓവറുകളില്‍ കറെന്‍ പൊള്ളാര്‍ഡ് (24 പന്തില്‍ 22) ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍ എന്നിവര്‍ രാജസ്ഥാനായി ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി സൈനിക്കും ചഹാലിനും മികച്ച പിന്തുണ നല്‍കി.

ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സ് നിരയിലേക്ക് സൂര്യകുമാര്‍ യാദവ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം ടീമിലേക്കെത്തിയില്ല. ആദ്യ മത്സരത്തിലെ അതേ പ്ലേയിങ് 11നെ മുംബൈ നിലനിര്‍ത്തി. അതേ സമയം ഒരു മാറ്റമാണ് രാജസ്ഥാന്‍ പ്ലേയിങ് 11ലുണ്ടായത്. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത നതാന്‍ കോള്‍ട്ടര്‍ നെയലിനെ ഒഴിവാക്കിയപ്പോള്‍ നവദീപ് സൈനി ടീമിലേക്കെത്തി.

1

പ്ലേയിങ് 11: രാജസ്ഥാന്‍- ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ.

മുംബൈ- രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, അന്‍മോല്‍പ്രീത് സിങ്, തിലക് വര്‍മ, കറെന്‍ പൊള്ളാര്‍ഡ്, ടിം ഡേവിഡ്, ഡാനിയല്‍ സാംസ്, മുരുഗന്‍ അശ്വിന്‍, ടൈമല്‍ മില്‍സ്, ജസ്പ്രീത് ബുംറ, ബേസില്‍ തമ്പി.

Story first published: Saturday, April 2, 2022, 19:40 [IST]
Other articles published on Apr 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+