'അവന്‍ എന്തിനാണ് ടീമില്‍?', അടുത്ത സീസണില്‍ ആര്‍ആര്‍ പുറത്താക്കണം, നിര്‍ദേശിച്ച് സഞ്ജയ്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍ കലമുടച്ചിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനോട് ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്‍ തോറ്റത്. വീറുറ്റ പോരാട്ടം ഫൈനലില്‍ കാഴ്ചവെക്കാന്‍ രാജസ്ഥാന് സാധിച്ചില്ലെങ്കിലും സീസണിലുടെനീളം മോശമില്ലാത്ത പ്രകടനം നടത്താന്‍ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. സഞ്ജു സാംസണ്‍ എന്ന നായകന് കീഴില്‍ അത്ഭുതപ്പെടുത്തുന്ന കുതിപ്പ് തന്നെയാണ് രാജസ്ഥാന്‍ നടത്തിയത്.
എന്നാല്‍ ചില ദൗര്‍ബല്യങ്ങള്‍ രാജസ്ഥാന്‍ റോയല്‍സിനെ വേട്ടയാടുന്നുണ്ട്. ഇത്തവണത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ ചില താരങ്ങളെ ഒഴിവാക്കി ചില പൊസിഷനിലേക്ക് പുതിയ താരങ്ങളെ രാജസ്ഥാന്‍ എത്തിക്കേണ്ടതായുണ്ട്. ഇപ്പോഴിതാ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ആരെയാണ് പുറത്താക്കേണ്ടതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. അത് മറ്റാരുമല്ല റിയാന്‍ പരാഗിന് പകരക്കാരന്‍ വേണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്.

'അടുത്ത സീസണില്‍ 80-90 ശതമാനം മികച്ച ടീം തന്നെ രാജസ്ഥാനൊപ്പമുണ്ട്. എന്നാല്‍ റിയാന്‍ പരാഗിനെക്കാളും മികച്ച സ്ഥിരതയുള്ള ബാറ്റ്‌സ്മാനെ രാജസ്ഥാന്‍ കണ്ടെത്തേണ്ടതായുണ്ട്. 2-3 ഓവറുകള്‍ എറിയാന്‍ സാധിക്കുന്ന താരം കൂടിയായിരിക്കണം. രാഹുല്‍ തെവാത്തിയെപ്പോലൊരു താരത്തെയാണ് രാജസ്ഥാന് വേണ്ടത്. ഈ ഒരു ദൗര്‍ബല്യം മാറ്റിനിര്‍ത്തിയാല്‍ രാജസ്ഥാന്‍ ടീം കരുത്തരാണ്. രാജസ്ഥാന്‍ ടീമില്‍ നിന്ന് ബട്‌ലറെ മാറ്റിനിര്‍ത്തിയാല്‍ ഈ ടീം ശക്തമാണോ ?. ഷിംറോന്‍ ഹെറ്റ്‌മെയര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ എല്ലാം ടീമിലുണ്ടെങ്കിലും ഈ ടീമിലെ ഏറ്റവും മികച്ചവന്‍ ബട്‌ലര്‍ തന്നെയാണ്' -സഞ്ജയ് പറഞ്ഞു.
രാജസ്ഥാനെ സംബന്ധിച്ച് ഇത്തവണ പ്രശ്‌നമായത് മധ്യനിരയുടെ ബാറ്റിങ് പ്രകടനമാണ്. ടോപ് ത്രീയെ അമിതമായി ആശ്രയിച്ചാണ് ഇത്തവണ ടീം മുന്നോട്ട് പോയത്. ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ എന്നിവരെയാണ് ടീം ബാറ്റിങ്ങില്‍ ആശ്രയിച്ചത്. മധ്യനിര ഇത്തവണ ദുര്‍ബലമായിരുന്നു. ദേവ്ദത്ത് പടിക്കല്‍, റിയാന്‍ പരാഗ് എന്നിവര്‍ നിരന്തരം പരാജയപ്പെട്ടു. ഷിംറോന്‍ ഹെറ്റ്‌മെയര്‍ നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് വരെ തിളങ്ങിയെങ്കിലും നാട്ടില്‍ പോയി തിരിച്ചുവന്ന ശേഷം പ്രതീക്ഷക്കൊത്ത പ്രകടനമല്ല കാഴ്ചവെച്ചത്.

പ്ലേ ഓഫില്‍ രാജസ്ഥാനെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്തു. അടുത്ത സീസണില്‍ മികച്ചൊരു ഓള്‍റൗണ്ടറെ രാജസ്ഥാന് ആവിശ്യമാണ്. കൂടാതെ മറ്റ് ടീമുകള്‍ക്കുള്ള പോലെ മികച്ചൊരു ഫിനിഷറേയും രാജസ്ഥാന് ആവിശ്യമാണ്. ഹെറ്റ്‌മെയര്‍ മികച്ച താരമാണെങ്കിലും ഫിനിഷറെന്ന് വിളിക്കാനാവില്ല. ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, ആന്‍ഡ്രേ റസല്‍ തുടങ്ങിയവരെപ്പോലെ മത്സരം ഫിനിഷ് ചെയ്യാന്‍ കഴിവുള്ളവരെ രാജസ്ഥാനും വേണം. തെവാത്തിയയെ രാജസ്ഥാന്‍ വിട്ടുകളഞ്ഞത് മണ്ടത്തരമായിപ്പോയെന്ന് ഇപ്പോള്‍ അവര്‍ക്ക് തോന്നുന്നുണ്ടാവും.

ഇത്തവണ ഗുജറാത്തിന്റെ കിരീട നേട്ടത്തെക്കുറിച്ചും സഞ്ജയ് വിശദീകരിച്ചു. 'ഇത്തവണത്തെ മെഗാ ലേലം കഴിഞ്ഞപ്പോള്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഗുജറാത്ത് ടൈറ്റന്‍സിനും വലിയ സാധ്യത കല്‍പ്പിച്ചിരുന്നില്ല. ഒരുപാട് ആളുകള്‍ക്ക് ഇത് തോന്നിയിട്ടുണ്ടാവും. മികച്ച നായകനെയും ടീമിനേയും വിലയിരുത്തി ഇവര്‍ കിരീടം നേടുമെന്ന് പറയാനാവില്ല. ഐപിഎല്ലില്‍ നിന്നുള്ള പാഠമുള്‍ക്കൊണ്ട് പറയുമ്പോള്‍ മെഗാ ലേലത്തിലൂടെ മാത്രം ഒരു ടീമിന് കിരീടം നേടാനാവില്ല'- സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

2008ലെ പ്രഥമ സീസണില്‍ കിരീടം നേടിയ രാജസ്ഥാന്‍ ഇത്തവണയാണ് മറ്റൊരു ഫൈനലിലേക്കെത്തിയത്. ബട്‌ലറുടെ കഠിനാധ്വാനവും സഞ്ജുവെന്ന നായകന്റെ മികവും ഇത്തവണ രാജസ്ഥാന്റെ ഫൈനല്‍ പ്രവേശനത്തിന് പിന്നിലുണ്ട്. ഇത്തവണ കിരീടം നേടാനായില്ലെങ്കിലും അടുത്ത തവണ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് പ്രഖ്യാപിച്ചാണ് രാജസ്ഥാന്‍ ഇത്തവണ മടങ്ങിയിരിക്കുന്നത്. എന്തായാലും ഇത്തവണ കൈയകലത്തില്‍ നഷ്ടമായ കിരീടം അടുത്ത തവണ രാജസ്ഥാന്‍ തിരിച്ചുപിടിക്കുമോയെന്ന് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications