
അഹമ്മദാബാദ്: റണ്‍മെഷീന്‍ ജോസ് ബട്‌ലര്‍ (106*) സീസണിലെ നാലാം സെഞ്ച്വറിയോടെ 'അഴിഞ്ഞാടിയപ്പോള്‍' സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സും ഐപിഎല്‍ ട്രോഫിയെന്ന സ്വപ്‌നത്തിലേക്ക് ഒരുപടി കൂടി അടുത്തു. തികച്ചും ഏകപക്ഷീയമായ രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴു വിക്കറ്റിനു റോയല്‍സ് വാരിക്കളയുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടു മണിക്കു ഇതേ വേദിയില്‍ നടക്കാനിരിക്കുന്ന ഫൈനലില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സാണ് റോയല്‍സിന്റെ എതിരാളികള്‍.
രണ്ടാം ക്വാളിഫയറില്‍ തുടക്കം മുതല്‍ കാര്യങ്ങള്‍ സഞ്ജുവിനു അനുകൂലമായിരുന്നു. നിര്‍ണായകമായ ടോസ് നേടിക്കൊണ്ടാണ് സഞ്ജു തുടങ്ങിയത്. ആര്‍സിബിയെ 157 റണ്‍സിലൊതുക്കി റോയല്‍സ് വിജയത്തിലേക്കു ആദ്യ ചുവടുവച്ചു. മറുപടിയില്‍ ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 61 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ റോയല്‍സ് വിജയമുറപ്പാക്കിയിരുന്നു. 18.1 ഓവവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ റോയല്‍സ് വിജയം കൊയ്തു. 60 ബോളില്‍ 10 ബൗണ്ടറികളും ആറു സിക്‌സറുമടക്കം 106 റണ്‍സ് വാരിക്കൂട്ടിയ ബട്‌ലറാണ് ആര്‍സിബിയുടെ ഫൈനല്‍ മോഹങ്ങള്‍ തല്ലിക്കെടുത്തിയത്. സഞ്ജു 23 റണ്‍സിനും യശസ്വി ജയ്‌സ്വാള്‍ 21 റണ്‍സിനും പുറത്തായി. സഞ്ജു 21 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചപ്പോള്‍ ജയ്‌സ്വാള്‍ 13 ബോൡ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും നേടി. ദേവ്ദത്ത് പടിക്കല്‍ ഒമ്പതു റണ്‍സിനു പുറത്തായി. ബട്‌ലറും ഷിംറോണ്‍ ഹെറ്റ്‌മെയറും (2*) ചേര്‍ന്നാണ് റോയല്‍സിന്റെ വിജയം പൂര്‍ത്തിയാക്കിയത്.

റണ്‍ചേസില്‍ തുടക്കത്തില്‍ തന്നെ 2-3 വിക്കറ്റുകള്‍ വീഴ്്ത്തിയാല്‍ മാത്രമേ ആര്‍സിബിക്കു സാധ്യതയുണ്ടായിരുന്നുള്ളൂ. പക്ഷെ ആദ്യ ഓവറില്‍ തന്നെ ആര്‍സിബിയുടെ തുടക്കം പാളി. മുഹമ്മദ് സിറാജ് എറിഞ്ഞ എറിഞ്ഞ ഓവറില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 16 റണ്‍സാണ് റോയല്‍സ് അടിച്ചെടുത്തത്. മൂന്നാമത്തെ ഓവറും സിറാജിനു നല്‍കാനുള്ള ആര്‍സിബി നായകന്‍ ഫഫ് ഡുപ്ലെസിയുടെ തീരുമാനം വീണ്ടും ദുരന്തമായി. രണ്ടു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 15 റണ്‍സ് ഈ ഓവറില്‍ അദ്ദേഹം വിട്ടുകൊടുത്തു. അഞ്ചോവറില്‍ 61 റണ്‍സ് റോയല്‍സ് വാരിക്കൂട്ടിയതോടെ മല്‍സരം ആര്‍സിബിയില്‍ നിന്നും വഴുതിപ്പോയിരുന്നു.
ജയ്‌സ്വാളിനെ പുറത്താക്കി ഹേസല്‍വുഡാണ് റോയല്‍സിന്റെ റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്തിയത് (ഒന്നിന് 61). രണ്ടാം വിക്കറ്റില്‍ ബട്‌ലറും സഞ്ജുവും ഒത്തുചേര്‍ന്നതോടെ റോല്‍സിന്റെ സ്‌കോറിങ് ഇതേ വേഗത്തില്‍ തന്നെ മുന്നോട്ടു പോയി. ഇരുവരും ക്രീസിലുണ്ടായിരുന്നപ്പോള്‍ 15 ഓവറില്‍ തന്നെ റോയല്‍സ് ജയിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. 52 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. എന്നാല്‍ വനിന്ദു ഹസരംഗയ്‌ക്കെതിരേ ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ടിനു മുതിര്‍ന്ന സഞ്ജുവിനെ ദിനേശ് കാര്‍ത്തിക് സ്റ്റംപ് ചെയ്തു പുറത്താക്കി (രണ്ടിന് 113). ഇതോടെ റോയല്‍സിന്റെ സ്‌കോറിങിന്റെ വേഗവും കുറഞ്ഞു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ആര്‍സിബിക്കു എട്ടു വിക്കറ്റിനു 157 റണ്‍സാണ് നേടാനായത്. എലിമിനേറ്ററില്‍ സെഞ്ച്വറി നേടിയതിനു പിന്നാലെ ഈ മല്‍സരത്തില്‍ ഫിഫ്റ്റിയും കുറിച്ച രജത് പാട്ടിദാറാണ് ആര്‍സിബിയെ മോശമല്ലാത്ത ടോട്ടലിലെത്തിച്ചത്. 58 റണ്‍സോടെ താരം ടീമിന്റെ അമരക്കാരനായി. 42 ബോളില്‍ നാലു ബൗണ്ടറിയും മൂന്നു സികസറും താരം നേടി. ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി (25), ഗ്ലെന്‍ മാക്‌സ്വെല്‍ (24), ഷഹബാസ് അഹമ്മദ് (12*) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.
വിരാട് കോലി (7), മഹിപാല്‍ ലൊംറോര്‍ (8), ദിനേശ് കാര്‍ത്തിക് (6), വനിന്ദു ഹസരംഗ (0), ഹര്‍ഷല്‍ പട്ടേല്‍ (1) എന്നിവരെല്ലാം ഫ്‌ളോപ്പായി മാറി. ഒരോവറിലെ രണ്ടു വിക്കറ്റുള്‍പ്പെടെ മൂന്നു വിക്കറ്റുകള്‍ പിഴുത പ്രസിദ്ധ് കൃഷ്ണയാണ് ബംഗ്ലൂരിനെ തകര്‍ത്തത്. നാലോവറില്‍ 22 റണ്‍സ് വഴങ്ങിയാണ് താരം മൂന്നു പേരെ പുറത്താക്കിയത്. പ്രസിദ്ധിനെക്കൂടാതെ ഒബെഡ് മക്കോയ്ക്കും മൂന്നു വിക്കറ്റ് ലഭിച്ചു. നാലോവറില്‍ 23 റണ്‍സാണ് താരം വഴങ്ങിയത്. ട്രെന്റ് ബോള്‍ട്ടിനും ആര്‍ അശ്വിനും ഓരോ വിക്കറ്റ് ലഭിച്ചു.

ഒരു ഘട്ടത്തില്‍ 180നു മുകളില്‍ ആര്‍സിബി അടിച്ചെടുക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അവസാന ഓവറുകളില്‍ റോയല്‍സിന്റെ മൂര്‍ച്ചയേറിയ ബൗളിങ് ആക്രമണത്തില്‍ ബാംഗ്ലൂര്‍ കടപുഴകി. ക്വാളിയര്‍ രണ്ടില്‍ ഫ്‌ളോപ്പാവുകയെന്ന പതിവ് മുന്‍ നായകന്‍ കോലി തുടര്‍ച്ചയായ മൂന്നാം തവണയും തെറ്റിച്ചില്ല. രണ്ടാം ഓവറില്‍ തന്നെ അദ്ദേഹം എഡ്ജായി സഞ്ജു സാംസണിന്റെ കൈകളിലൊതുങ്ങി. സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ ഒമ്പതു റണ്‍സ് മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഡുപ്ലെസിക്കു കൂട്ടായി മികച്ച ഫോമിലുള്ള പാട്ടിദാര്‍ വന്നതോടെ ആര്‍സിബി കരകയറി. 70 റണ്‍സ് ടീം സ്‌കോറിലേക്കു ഈ സഖ്യം കൂട്ടിച്ചേര്‍ത്തു. ഡുപ്ലെസിയെ പുറത്താക്കി മക്കോയിയാണ് റോയല്‍സിനു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. 27 ബോളില്‍ മൂന്നു ബൗണ്ടറിയോടെ 25 റണ്‍സെയുത്ത ഡുപ്ലെസിയെ മക്കോയിയുടെ ബൗളിങില്‍ അശ്വിന്‍ പിടികൂടി.
മൂന്നാം വിക്കറ്റില്‍ പാട്ടിദാര്‍- മാക്‌സി സഖ്യം 32 റണ്‍സ് നേടി. ഈ സഖ്യം ക്രീസിലുണ്ടായിരുന്നപ്പോള്‍ വലിയൊരു ടോട്ടലിലേക്കാണ് ആര്‍സിബി നീങ്ങിയത്. പക്ഷെ മാക്‌സിയുടെ പുറത്താവല്‍ ആര്‍സിബിയുടെ താളം തെറ്റിച്ചു. ടീം സ്‌കോര്‍ 111ല്‍ നില്‍ക്കെ മാക്‌സ്വെല്ലിനെ ബോള്‍ട്ടിന്റെ ബൗളിങില്‍ മക്കോയ് ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കി. പിന്നീട് ബാംഗ്ലൂരിന് വിക്കറ്റുകള്‍ നഷ്ടനായിക്കൊണ്ടിരുന്നു. അവസാന അഞ്ചോവറില്‍ 34 റണ്‍സ് മാത്രമാണ് അവര്‍ക്കു ലഭിച്ചത്. ഇതിനിടെ അഞ്ചു വിക്കറ്റുകളും നഷ്ടമായി.
നേരത്തേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ക്വാളിഫയര്‍ വണ്ണില്‍ ടൈറ്റന്‍സിനോടു ഏഴു വിക്കറ്റിനു റോയല്‍സ് പരാജയപ്പെടുകയായിരുന്നു. ജയിക്കാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും അതു പ്രതിരോധിക്കാനാവാതെയായിരുന്നു റോയല്‍സ് തോല്‍വിയിലേക്കു വീണത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട റോയല്‍സ് ആറു വിക്കറ്റിനു 188 റണ്‍സ് നേടിയിരുന്നു. മറുപടിയില്‍ മൂന്നു വീതം ബോളുകളും വിക്കറ്റുകളും ബാക്കിനില്‍ക്കെ ജിടി വിജയത്തിലെത്തുകയായിരുന്നു.
എന്നാല്‍ എലിമിനേറ്ററില്‍ ഫേവറിറ്റുകളായ ലഖൗ സൂപ്പര്‍ ജയന്റ്‌സിന്റെ കഥ കഴിച്ചാണ് ബാംഗ്ലൂരിന്റെ വരവ്. രജത് പാട്ടിദര്‍ (112) ഇടിവെട്ട് സെഞ്ച്വറിയുായി ആര്‍സിബിയുടെ വിജയശില്‍പ്പിയാവുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ആര്‍സിബി നാലു വിക്കറ്റിനു 207 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. വെറും 54 ബോളില്‍ 12 ബൗണ്ടറിയും ഏഴു സിക്‌സറുമടക്കം 112 റണ്‍സുമായി പുറത്താവാതെ നിന്ന പാട്ടിദറായിരുന്നു ഹീറോ.്‌റണ്‍ചേസില്‍ ആറു വിക്കറ്റിനു 193 റണ്‍സെടുക്കാനേ ലഖ്‌നൗവിനായുള്ളു.
പ്ലെയിങ് ഇലവന്‍
രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, ഒബെഡ് മക്കോയ്.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോ്ലി, ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), രജത് പാട്ടിദാാര്‍, ഗ്ലെന്‍ മാക്സ്വെല്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്.