IPL 2022: വരുണിനെ തല്ലിപ്പറത്തി ത്രിപാഠി, കരുത്തായതെന്ത് ?, പാര്‍ഥിവ് പട്ടേല്‍ പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കെകെആര്‍ മത്സരത്തില്‍ ഏറ്റവും കൈയടി നേടിയത് ഹൈദരാബാദിന്റെ രാഹുല്‍ ത്രിപാഠിയാണ്. അവസാന സീസണില്‍ കെകെആറിന്റെ ഭാഗമായിരുന്ന ത്രിപാഠിയെ മെഗാ ലേലത്തിന് മുമ്പ് ടീം കൈവിടുകയായിരുന്നു. ഇപ്പോഴിതാ എന്തിനാണ് ത്രിപാഠിയെ കൈവിട്ടതെന്ന് അവര്‍ക്ക് തോന്നിപ്പോകുന്ന തരത്തിലാണ് അദ്ദേഹം കളിച്ചത്. 37 പന്തില്‍ നാല് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 71 റണ്‍സാണ് ത്രിപാഠി നേടിയത്.
കെകെആര്‍ ബൗളര്‍മാരെ കടന്നാക്രമിച്ച ത്രിപാഠി കൂടുതല്‍ ആക്രമിച്ചത് വരുണ്‍ ചക്രവര്‍ത്തിയെയാണ്. മികച്ച പ്രകടനം നടത്തുന്ന സ്പിന്നറാണ് വരുണെങ്കിലും വളരെ അനായാസമായാണ് ത്രിപാഠി അദ്ദേഹത്തെ നേരിട്ടത്. അനായാസമായാണ് ത്രിപാഠി വരുണിനെ സിക്‌സുകള്‍ പറത്തിയത്. ഇപ്പോഴിതാ ത്രിപാഠിയുടെ മികച്ച ബാറ്റിങ് പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍. കെകെആറിനായി കളിക്കവെ നെറ്റ്‌സില്‍ വരുണിനെ നേരിട്ടതാണ് മികച്ച പ്രകടനത്തിന് ത്രിപാഠിയെ സഹായിച്ചതെന്നും പാര്‍ഥിവ് പറഞ്ഞു.

'ഗെയിം ചെയിഞ്ചറായ താരമാണവന്‍. അവന്‍ ആ ആത്മവിശ്വാസം കാട്ടുന്നു. രണ്ട് വിക്കറ്റുകള്‍ നേരത്തെ വീണിട്ടും അവന്‍ തലതാഴ്ത്താന്‍ തയ്യാറായില്ല. വരുണ്‍ ചക്രവര്‍ത്തിയെ കൃത്യസമയത്ത് സമ്മര്‍ദ്ദത്തിലാക്കാന്‍ അവനായി. കെകെആറിനൊപ്പം കളിക്കവെ വരുണിനെ നെറ്റ്‌സില്‍ നേരിട്ടുള്ള അനുഭവസമ്പത്ത് തൃപാഠിക്ക് കരുത്തായി. ഓവര്‍ കവറിലൂടെ വരുണിനെ സിക്‌സര്‍ പറത്തുക എളുപ്പമല്ല. എന്നാല്‍ രണ്ട് തവണ വരുണത് ചെയ്തു. അവന്റെ പ്രധാന കരുത്ത് സ്‌ട്രൈക്ക് റേറ്റാണ്'- പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.
മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സുകളും വരുണിനെതിരേ ത്രിപാഠി നേടി. മൂന്ന് ഓവറില്‍ 45 റണ്‍സാണ് വരുണ്‍ വിട്ടുകൊടുത്തത്. ഒരു ഘട്ടത്തിലും സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ വരുണിന് സാധിച്ചില്ല. ത്രിപാഠിയുടെ കടന്നാക്രമിച്ചുള്ള ബാറ്റിങ്ങാണ് കെകെആര്‍ ബൗളര്‍മാരുടെ നിയന്ത്രണം നഷ്ടപ്പെടുത്തിയത്. റണ്ണൊഴുക്ക് തുടര്‍ന്നതോടെ കെകെആര്‍ ബൗളര്‍മാര്‍ക്ക് നോക്കി നില്‍ക്കാനെ സാധിച്ചുള്ളു.

തങ്ങളുടെ മുന്‍ താരങ്ങള്‍ ഇത്തരത്തില്‍ പ്രകടനം നടത്തുന്നത് ശരിക്കും വേദനിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. കെകെആറിനൊപ്പം മികച്ച പ്രകടനം നടത്തിയ ത്രിപാഠി അവസാന സീസണില്‍ ടീമിനെ ഫൈനലിലേക്കെത്തിക്കുന്നതിലും നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. എന്നിട്ടും അവര്‍ ത്രിപാഠിയെ ഒഴിവാക്കി. ഈ സീസണില്‍ മൂന്ന് മത്സരമാണ് കെകെആര്‍ തോറ്റത്. അതില്‍ മൂന്ന് മത്സരത്തിലും അവസാന സീസണില്‍ കെകെആറിന്റെ താരങ്ങളായിരുന്നവരാണ് എതിരാളികളായി അന്തകരായത്. ആര്‍സിബിക്കെതിരേ ദിനേഷ് കാര്‍ത്തികും ഡല്‍ഹിക്കെതിരേ കുല്‍ദീപ് യാദവും ഇപ്പോഴിതാ ഹൈദരാബാദിനെതിരേ ത്രിപാഠിയുമാണ് കെകെആറിന് തിരിച്ചടി നല്‍കിയത്.

'വളരെ തിരിക്കുള്ള താരമാണവന്‍. ക്രീസിലെത്തി നേരിടുന്ന ആദ്യ പന്ത് മുതല്‍ ഇംപാക്ട് സൃഷ്ടിക്കാന്‍ അവന് സാധിക്കുന്നു. ടീം അവനില്‍ വലിയ വിശ്വാസമാണ് വെച്ചിരിക്കുന്നത്. അണ്‍ക്യാപ്പഡ് താരമാണെങ്കിലും ഗംഭീര പ്രകടനം ത്രിപാഠി നടത്തുന്നു. അല്‍പ്പം കൂടി അവസരം നല്‍കാമായിരുന്നുവെന്ന് കെകെആര്‍ ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാവും. തങ്ങളുടെ മുന്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ അത് തീര്‍ച്ചയായും വലിയ പ്രയാസമുണ്ടാക്കും'- പ്രഗ്യാന്‍ ഓജ പറഞ്ഞു.
ഐപിഎല്ലിലെ അണ്‍ക്യാപ്പഡ് താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ താരം രാഹുല്‍ ത്രിപാഠിയാണ്. തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തിയിട്ടും അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിട്ടില്ല. ടീമിനായി കഠിനാധ്വാനം ചെയ്യുന്ന താരങ്ങളിലൊരാളാണ് ത്രിപാഠി. ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാനാവും എന്നതാണ് താരത്തിന്റെ സവിശേഷത. ത്രിപാഠിയുടെ സ്ഥിരതയാണ് എടുത്തുപറയേണ്ടത്. ടീമിന്റെ ആവിശ്യമനുസരിച്ച് അതിവേഗം റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും മിടുക്കുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് ത്രിപാഠി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications