
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ തുടക്കത്തിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷാ. അവസാന രണ്ട് മത്സരത്തിലും വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടാന്‍ പൃഥ്വിക്കായി. കെകെആറിനെതിരേ 29 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 51 റണ്‍സാണ് പൃഥ്വി നേടിയത്. ഇതോടെ തകര്‍പ്പനൊരു റെക്കോഡും പൃഥ്വി സ്വന്തം പേരിലാക്കി.

ഇന്ത്യന്‍ താരങ്ങളില്‍ പവര്‍പ്ലേയില്‍ വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡാണ് പൃഥ്വി നേടിയത്. ഈ നേട്ടത്തിലെത്താന്‍ 57 ഇന്നിങ്‌സുകളാണ് പൃഥ്വിക്ക് വേണ്ടി വന്നത്. 56 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകന്‍ കെ എല്‍ രാഹുലാണ് ഈ റെക്കോഡില്‍ തലപ്പത്ത്. വീരേന്ദര്‍ സെവാഗിന്റെ (59) റെക്കോഡിനെ കടത്തിവെട്ടിയാണ് പൃഥ്വിയുടെ നേട്ടം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ശിഖര്‍ ധവാന്‍, മുരളി വിജയ് എന്നിവര്‍ 67 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലേക്കെത്തിയത്.

കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ മത്സരത്തില്‍ 34 പന്തില്‍ 61 റണ്‍സാണ് പൃഥ്വി നേടിയത്. അപ്പോഴും സെവാഗിന്റെ റെക്കോഡിനെ തിരുത്താന്‍ പൃഥ്വിക്ക് സാധിച്ചിരുന്നു. ഇന്ത്യന്‍ താരങ്ങളില്‍ ഐപിഎല്ലില്‍ ഏറ്റവും മികച്ച പവര്‍പ്ലേ സ്ട്രൈക്കറേറ്റുള്ള താരമെന്ന (കുറഞ്ഞത് 500 റണ്‍സെങ്കിലും നേടിയവരില്‍) റെക്കോഡിലാണ് പൃഥ്വി സെവാഗിനെ മറികടന്ന് തലപ്പത്തെത്തിയത്. മത്സരത്തില്‍ പൃഥ്വിയുടെ സ്ട്രൈക്കറേറ്റ് 179.41 ആയിരുന്നു. എന്നാല്‍ പവര്‍പ്ലേയില്‍ 47 റണ്‍സ് നേടിയ പൃഥ്വിയുടെ സ്ട്രൈക്കറേറ്റ് 147.68 ആയിരുന്നു. മുന്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്സ് താരമായിരുന്ന വീരേന്ദര്‍ സെവാഗിന്റെ സ്ട്രൈക്കറേറ്റ് 144.16 ആയിരുന്നു.
കെകെആറിനെതിരേ എന്നും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് പൃഥ്വി. 62, 99, 14, 66, 82, 18, 51 എന്നിങ്ങനെയാണ് കെകെആറിനെതിരേ പൃഥ്വിയുടെ ഇതുവരെയുള്ള സ്‌കോര്‍. കെകെആറിനെതിരേ കൂടുതല്‍ റണ്‍സെന്ന റെക്കോഡില്‍ ശിഖര്‍ ധവാനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കും പൃഥ്വിയെത്തി. 392 റണ്‍സാണ് പൃഥ്വിയുടെ പേരിലുള്ളത്. 395 റണ്‍സുമായി മുന്‍ ആര്‍സിബി നായകന്‍ വിരാട് കോലിയാണ് ഈ റെക്കോഡില്‍ മുന്നിലുള്ളത്.

ഇത്തവണത്തെ സീസണ്‍ പൃഥ്വിയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും സ്ഥാനം ഉറപ്പിക്കുന്ന നിലയിലേക്ക് വളരാന്‍ അദ്ദേഹത്തിനായിരുന്നില്ല. അതുകൊണ്ട് തന്നെ ഐപിഎല്ലില്‍ സ്ഥിരതയോടെ കളിച്ച് ടീമിലെ സ്ഥാനം വീണ്ടും നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പൃഥ്വി. എന്നാല്‍ അവസാന ഫിറ്റ്‌നസ് ടെസ്റ്റില്‍ പൃഥ്വി പരാജയപ്പെട്ടിരുന്നു.