
കറെന്‍ പൊള്ളാര്‍ഡ്
മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വിശേഷണമുള്ള താരമാണ് കറെന്‍ പൊള്ളാര്‍ഡ്. ടീമിന്റെ വൈസ് ക്യാപ്റ്റനും ഫിനിഷറുമെല്ലാമായ പൊള്ളാര്‍ഡ് ഇത്തവണ നനഞ്ഞ പടക്കമായിരുന്നു. 35കാരനായ താരത്തിന് പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒന്നും ചെയ്യാനായില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച പൊള്ളാര്‍ഡിനെ മുംബൈ നിലവില്‍ പ്ലേയിങ് 11ല്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. 11 മത്സരത്തില്‍ നിന്ന് 144 റണ്‍സാണ് അദ്ദേഹം ആകെ നേടിയത്. 25 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. പൊള്ളാര്‍ഡിനെ ഇത്തവണ നിലനിര്‍ത്തിയെങ്കിലും അടുത്ത തവണ ടീമില്‍ നിന്ന് ഒഴിവാക്കാനാണ് സാധ്യത.

രവീന്ദ്ര ജഡേജ
സിഎസ്‌കെ ഇത്തവണ ജഡേജയെ ക്യാപ്റ്റനാക്കിയാണ് ഇറങ്ങിയത്. എന്നാല്‍ തൊട്ടതെല്ലാം പിഴച്ചപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെയ്ക്ക് പ്ലേ ഓഫ് കാണാതെ പുറത്താകേണ്ടി വന്നു. പാതിവഴിയില്‍ നായകസ്ഥാനം ഒഴിഞ്ഞ ജഡേജ നിലവില്‍ പരിക്കിനെത്തുടര്‍ന്ന് സീസണില്‍ നിന്ന് പുറത്താണ്. സിഎസ്‌കെ സുപ്രധാന താരമായാണ് ജഡേജയെ കണ്ടിരുന്നതെങ്കിലും ഇപ്പോള്‍ ടീം മാനേജ്‌മെന്റും ജഡേജയും തമ്മില്‍ നല്ല ബന്ധമല്ല. അതുകൊണ്ട് തന്നെ ജഡേജയെ സിഎസ്‌കെ അടുത്ത സീസണില്‍ കൈയൊഴിയാനുള്ള സാധ്യത കൂടുതലാണ്.

കെയ്ന്‍ വില്യംസണ്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇത്തവണ പിന്നോട്ട് പോകാന്‍ കാരണങ്ങളിലൊന്ന് നായകന്‍ കെയ്ന്‍ വില്യംസണിന്റെ മോശം ഫോമാണ്. ഓപ്പണറായി ഇറങ്ങുന്ന വില്യംസണിന്റെ മെല്ലപ്പോക്ക് ബാറ്റിങ് ഹൈദരാബാദിനെ പ്രതികൂലമായി ബാധിക്കുന്നു. 11 മത്സരത്തില്‍ നിന്ന് 199 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. ശരാശരി 20ല്‍ താഴെയും സ്‌ട്രൈക്കറേറ്റ് 100ല്‍ താഴെയും. അടുത്ത സീസണില്‍ ഹൈദരാബാദ് വില്യംസണെ തഴയാനുള്ള സാധ്യത കൂടുതലാണ്. ഇനിയൊരു അവസരം വില്യംസണ് ഹൈദരാബാദ് നല്‍കിയേക്കില്ല.

മുഹമ്മദ് സിറാജ്
ആര്‍സിബി ഇത്തവണ നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് പേസര്‍ മുഹമ്മദ് സിറാജ്. എന്നാല്‍ അദ്ദേഹം റണ്‍സ് വിട്ടുകൊടുക്കാന്‍ യാതൊരു മടിയും കാട്ടുന്നില്ല. ഇത്തവണ ഏറ്റവും റണ്‍സ് വഴങ്ങിയ താരമാണ് സിറാജ്. 13 മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. ഇക്കോണമി റേറ്റ് 9.82 റണ്‍സാണ്. കഠിനാധ്വാനിയായ പേസറാണ് അദ്ദേഹമെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ നിയന്ത്രണമില്ലാത്തതിനാല്‍ സിറാജിനെ ആര്‍സിബി അടുത്ത സീസണില്‍ തഴയുമെന്ന കാര്യം ഉറപ്പാണ്.

അബ്ദുല്‍ സമദ്
ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തിയ താരമാണ് അബ്ദുല്‍ സമദ്. 20കാരനായ താരം 2021 സീസണില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തി. രണ്ട് മത്സരങ്ങളില്‍ മാത്രമാണ് അവസരം ലഭിച്ചത്. നേടിയത് നാല് റണ്‍സ്. ഒരു മത്സരത്തില്‍ ഡെക്കും. അതുകൊണ്ട് തന്നെ ഹൈദരാബാദ് അടുത്ത സീസണില്‍ താരത്തെ ഒഴിവാക്കുമെന്ന കാര്യം 100 ശതമാനം ഉറപ്പാണ്. ഇത്തവണ ഹൈദരാബാദ് നിലനിര്‍ത്തിയ താരങ്ങളുടെ കാര്യത്തില്‍ സംഭവിച്ച വലിയ പാളിച്ചയാണ് അബ്ദുല്‍ സമദ്.


Click it and Unblock the Notifications












