IPL 2022: മെലിഞ്ഞ അവനെക്കൊണ്ട് വലിയ ഷോട്ട് നടക്കില്ലെന്ന് പലരും കരുതി!- പുകഴ്ത്തി ഡുപ്ലെസി
ഐപിഎല്ലില്‍ ചൊവ്വാഴ്ച രാത്രി നടന്ന ആവേശകരമായ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഷഹബാസ് അഹമ്മദിനെ പുകഴ്ത്തി ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി. ത്രസിപ്പിച്ച റണ്‍ചേസില്‍ രാജസ്ഥാന്‍ റോയല്‍സിനെയാണ് ആര്‍സിബി നാലു വിക്കറ്റിനു തോല്‍പ്പിച്ചത്.
ഒരു ഘട്ടത്തില്‍ ആര്‍സിബി പരാജയഭീതിയിലായിരുന്നെങ്കിലും ആറാം വിക്കറ്റില്‍ ഷഹബാസ്- ദിനേശ് കാര്‍ത്തിക് ജോടി 67 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ കരകയറ്റുകയായിരുന്നു. 45 റണ്‍സാണ് ഷഹബാസ് നേടിയത്. 26 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. മല്‍സരശശേഷം സംസാരിക്കവെയാണ് ഷഹബാസിന്റെ ബാറ്റിങിനെ ഡുപ്ലെസി പ്രശംസിച്ചത്

കൈവിട്ടെന്നു പോയ ഘട്ടത്തില്‍ നിന്നും തിരിച്ചുവരാന്‍ നിങ്ങള്‍ക്കു മഹത്തായ ചില വ്യക്തികള്‍ ആവശ്യമാണ്. ഡികെ (ദിനേശ് കാര്‍ത്തിക്) നിങ്ങള്‍ക്കു ലഭിക്കാവുന്നതില്‍ ഏറ്റവും മഹത്തായ വ്യക്തികളിലൊരാളാണ്. സമ്മര്‍ദഘട്ടത്തില്‍ അദ്ദേഹത്തിന്റെ ശാന്തത അതിശയിപ്പിക്കുന്നതാണ്. ഡികെ വളരെ ശാന്തനും ഞങ്ങളെ സംബന്ധിച്ച് വലിയ മുതല്‍ക്കൂട്ടുമാണ്. ഞങ്ങള്‍ 18ാമത്തെ ഓവര്‍ വരെ വളരെ നന്നായി ബൗള്‍ ചെയ്തു. അതിനു ശേഷം ജോസ് ബട്‌ലര്‍ വളരെ മികച്ച ചില ഷോട്ടുകള്‍ കളിച്ചു. പിച്ച് സ്പിന്‍ ബൗളിങിനെ അല്‍പ്പം തുണയ്ക്കുന്നതും സാഹചര്യങ്ങളും നോക്കേുമ്പോള്‍ റോയല്‍സ് നേടിയ സ്‌കോര്‍ വെല്ലുവിളിയുയര്‍ത്തുന്നതായിരുന്നു. റണ്‍ചേസില്‍ വളരെ നന്നായി തുടങ്ങാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. പക്ഷെ പിന്നീട് യുസ്വേന്ദ്ര ചാഹല്‍ വളരെ മികച്ച ബൗളിങ് കാഴ്ചവയ്ക്കുകയും അവരെ തിരിച്ചുകൊണ്ടു വരികയും ചെയ്തവെന്നും ഫഫ് ഡുപ്ലെസി നിരീക്ഷിച്ചു.

മെലിഞ്ഞ ശരീര പ്രകൃതമായതിനാല്‍ ഷഹബാസ് അഹമ്മദിനു വലിയ ഷോട്ടുകള്‍ കളിക്കാനുള്ള ശക്തിയില്ലെന്നാണ് ആളുകള്‍ കരുതിയിരുന്നതെന്നും പക്ഷെ വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ അവനു സാധിക്കുമെന്നും ഫഫ് ഡുപ്ലെസി പറഞ്ഞു. ആരും പ്രതീക്ഷിക്കാത്ത ഘട്ടത്തില്‍ നിന്നു പോലും തിരിച്ചുവന്ന് വിജയിക്കാനുള്ള ഞങ്ങളുടെ കഴിവാണ് ഈ കളിയിലെ ഏറ്റവും മികച്ച കാര്യമായി ഞാന്‍ കാണുന്നത്.

ഷഹബാസിനു തടി കുറവായതിനാല്‍ അവനെക്കൊണ്ട് വലിയ ഷോട്ടുകളൊന്നും നടക്കില്ലെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ ഷഹബാസിനു കൂറ്റന്‍ ഷോട്ടുകള്‍ പായിക്കാന്‍ സാധിക്കും. പന്തില്‍ ഈര്‍പ്പമുള്ളതിനാലും ഇടംകൈയന്‍ ബാറ്റര്‍മാര്‍ ക്രീസിലുണ്ടായിരുന്നതിനാലും ഷഹബാസിനെക്കൊണ്ട് ബൗള്‍ ചെയ്യിച്ചിരുന്നില്ല. ഈ സീസണില്‍ തീര്‍ച്ചയായും അവന്‍ ടീമില്‍ ഒരുപാട് കളിക്കുമെന്നും ഫഫ് ഡുപ്ലെസി വ്യക്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റിനു 169 റണ്‍ലാണ് നേടിയത്. സെഞ്ച്വറിക്കു പിന്നാലെ ഈ കളിയില്‍ അപരാജിത ഫിഫ്റ്റിയുമടിച്ച ജോസ് ബട്‌ലറാണ് (70*) റോയല്‍സിന്റെ ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയത്. 47 ബോളുകളില്‍ നിന്നും ആറു സിക്‌സറടക്കമാണ് ബട്‌ലര്‍ 70 റണ്‍സെടുത്തത്. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 42* (31 ബോള്‍, 4 ബൗണ്ടറി, 2 സിക്‌സര്‍), ദേവ്ദത്ത് പടിക്കല്‍ 37 (29 ബോള്‍, 2 ബൗണ്ടറി, 2 സിക്‌സര്‍) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

മറുപടിയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 54 റണ്‍സെന്ന നിലയില്‍ നിന്നും ആര്‍സിബി അഞ്ചിനു 87 റണ്‍സിലക്കു വീണിരുന്നു. തുടര്‍ന്നാണ് കളിയില്‍ വഴിത്തിരിവായി മാറിയ ദിനേശ് കാര്‍ത്തിക്- ഷഹബാസ് അഹമ്മദ് കൂട്ടുകെട്ട്. 18ാം ഓവറില്‍ ടീം സ്‌കോര്‍ 154ല്‍ നില്‍ക്കെ ഷഹബാസ് പുറത്താവുമ്പോഴേക്കും ആര്‍സിബി വിജയത്തിന് അരികില്‍ വരെയെത്തിയിരുന്നു. കാര്‍ത്തികും (44*) ഹര്‍ഷല്‍ പട്ടേലും (9*) ചേര്‍ന്ന് ടീമിന്റെ വിജയം പൂര്‍ത്തിയക്കുകയായിരുന്നു. 24 ബോളില്‍ ഏഴു ബൗണ്ടറിയും ഒരു സിക്‌സറുമടക്കമാണ് കാര്‍ത്തിക് 44 റണ്‍സെടുത്തത്. പ്ലെയര്‍ ഓഫ് ദി മാച്ചായതും അദ്ദേഹമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications