
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് കിങ്‌സ്. 54 റണ്‍സിനു മായങ്ക് അഗര്‍വാളും സംഘവും ആര്‍സിബിയെ വാരിക്കളയുകയായിരുന്നു. മികച്ച മാര്‍ജിനിലുള്ള ഈ വിജയം നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനും പഞ്ചാബിനെ സഹായിച്ചിരുന്നു.
ഡിസിക്കെതിരായ മല്‍സരം കൂടാതെ 22നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഒരു മല്‍സരം കൂടിയാണ് പഞ്ചാബിനു ബാക്കിയുള്ളത്. ഇവ രണ്ടിലും മോശമില്ലാത്ത മാര്‍ജിനില്‍ ജയിക്കാനായാല്‍ പഞ്ചാബിനു പ്ലേഓഫ് സാധ്യതയുണ്ട്.

ഈ സീസണില്‍ ഇതു രണ്ടാം തവണയാണ ഡല്‍ഹിയും പഞ്ചാബും കൊമ്പുകോര്‍ക്കുന്നത്. നേരത്തേ കഴിഞ്ഞ മാസം 20നു നേര്‍ക്കുനേര്‍ വന്നപ്പോള്‍ പഞ്ചാബിനെ ഡിസി വാരിക്കളഞ്ഞിരുന്നു. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ ഒമ്പതു വിക്കറ്റിനായിരുന്നു ഡിസിയുടെ വിജയം.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനു അയക്കപ്പെട്ട പഞ്ചാബ് ഡിസിയുടെ ബൗളിങ് ആക്രമണത്തില്‍ തകരുകയായിരുന്നു. 20 ഓവറില്‍ 115 റണ്‍സിനു ഓവര്‍ ഓള്‍ഔട്ടായി. ജിതേഷ് ശര്‍മ (32), നായകന്‍ മായങ്ക് (24) എന്നിവരുടെ പ്രകടനം പഞ്ചാബിന്റെ മാനം കാക്കുകയായിരുന്നു. ഡിസിക്കായി ഖലീല്‍ അഹമ്മദ്, ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തിരുന്നു. റണ്‍ചേസില്‍ വെറും 10.3 ഓവറില്‍ ഒരു വിക്കറ്റിനു ഡിസി ലക്ഷ്യം കണ്ടു. ഡേവിഡ് വാര്‍ണര്‍ (60*), പൃഥ്വി ഷാ (41) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഡിസിയുടെ വിജയം വേഗത്തിലാക്കിയത്.

ആര്‍സിബിയുമായുള്ള അവസാന മല്‍സരത്തില്‍ ബാറ്റിങ് കരുത്തിലായിരുന്നു പഞ്ചാബ് ഗംഭീര വിജയം ആഘോഷിച്ചത്. ഇംഗ്ലീഷ് ജോടികളായ ലിയാം ലിവിങ്‌സ്റ്റണ്‍ (70), ജോണി ബെയര്‍സ്‌റ്റോ (66) എന്നിവര്‍ ചേര്‍ന്ന് പഞ്ചാബിന്റെ ഇന്നിങ്‌സിനു അടിത്തറയിടുകയായിരുന്നു. 210 റണ്‍സിന്റെ വിജയലക്ഷ്യത്തിലക്കു ബാറ്റ് വീശിയ ആര്‍സിബിക്കു ഒമ്പതിനു 155 റണ്‍സെടുക്കാനേ ആയുള്ളൂ.

ഡല്‍ഹിയാവട്ടെ അവസാന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ടു വിക്കറ്റിനു കെട്ടുകെട്ടിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ആറു വിക്കറ്റിനു 160 റണ്‍സാണ് നേടിയത്. ആര്‍ അശ്വിന്‍ (50), ദേവ്ദത്ത് പടിക്കല്‍ (48) എന്നിവരായിരുന്നു പ്രധാന സ്‌കോറര്‍മാര്‍. മറുപടിയില്‍ മിച്ചെല്‍ മാര്‍ഷ് (89), ഡേവിഡ് വാര്‍ണര്‍ (52) എന്നിവരുടെ ഫിഫ്റ്റികള്‍ ഡിസിയുടെ വിജയം എളുപ്പമാക്കി. 18.2 ഓവറില്‍ രണ്ടു വിക്കറ്റിനു ഡിസി ലക്ഷ്യം കാണുകയും ചെയ്തു.

സാധ്യതാ ഇലവന്‍
പഞ്ചാബ് കിങ്‌സ്- ജോണി ബെയര്‍സ്റ്റോ, ശിഖര്‍ ധവാന്‍, ഭാനുക രാജപക്‌സെ, മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), റിഷി ധവാന്‍, ഹര്‍പ്രീത് ബ്രാര്‍, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിങ്.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- കെഎസ് ഭരത്, ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ലളിത് യാദവ്, റോമെന്‍ പവല്‍, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ആന്റിച്ച് നോര്‍ക്കിയ, ചേതന്‍ സക്കാരിയ.


Click it and Unblock the Notifications











