IPL 2022: 'തീക്കൊള്ളി കൊണ്ടാണ് തല ചൊറിഞ്ഞത്', ക്രുണാല്‍ പാണ്ഡ്യയെ വിമര്‍ശിച്ച് പാര്‍ഥിവ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ തുടര്‍ തോല്‍വികളോടെ നാണം കെടുകയാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ ചാമ്പ്യന്മാരായ രോഹിത് ശര്‍മയും സംഘവും ഇത്തവണ തുടര്‍ച്ചയായി എട്ട് മത്സരത്തിലും പരാജയപ്പെട്ടിരിക്കുകയാണ്. അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് 36 റണ്‍സിനാണ് മുംബൈ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയപ്പോള്‍ മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് നേടിയത്.
ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും മധ്യനിരക്കത് മുതലാക്കാനാവാതെ പോയത് മുംബൈക്ക് കടുത്ത തിരിച്ചടിയായി. മത്സരത്തിനിടെ നാടകീയ ചില സംഭവങ്ങളും അരങ്ങേറി. അവസാന ഓവറില്‍ മുംബൈ ഇന്ത്യന്‍സിന്റെ കറെന്‍ പൊള്ളാര്‍ഡ് പുറത്തായപ്പോള്‍ പൊള്ളാര്‍ഡിന്റെ മുകളിലേക്ക് ചാടിക്കയറി തലയില്‍ ഉമ്മവെച്ചാണ് ലഖ്‌നൗ സ്പിന്നര്‍ ക്രുണാല്‍ പാണ്ഡ്യ യാത്രയയപ്പ് നല്‍കിയത്. അവസാന സീസണ്‍വരെ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു ക്രുണാല്‍. എന്നാല്‍ ഇത്തവണ മെഗാ ലേലത്തിന് മുമ്പ് ക്രുണാലിനെ മുംബൈ ഒഴിവാക്കുകയായിരുന്നു.

ഏറെ നാള്‍ മുംബൈയില്‍ ഒരുമിച്ച് കളിച്ച സൗഹൃദത്തിന്റെ പേരിലാണ് ക്രുണാല്‍ പൊള്ളാര്‍ഡിന് അത്തരമൊരു യാത്രയയപ്പ് നല്‍കിയത്. എന്നാല്‍ മത്സരശേഷം വലിയ വിമര്‍ശനമാണ് ക്രുണാലിനെതിരേ ഉയരുന്നത്. സാഹചര്യം മനസിലാക്കാതെയുള്ള ക്രുണാലിന്റെ പെരുമാറ്റം വളരെ മോശമായെന്നാണ് കൂടുതല്‍ ആളുകളും പറയുന്നത്. പൊള്ളാര്‍ഡ് പൊതുവേ ചൂടനായ താരമാണ്. മോശം ഫോമിലുള്ള താരം ടീമിന്റെ തുടര്‍ തോല്‍വികളില്‍ കടുത്ത നിരാശയിലാണ്. ഇതിനിടെയാണ് ക്രുണാല്‍ പൊള്ളാര്‍ഡിന്റെ ക്ഷമ പരീക്ഷിക്കുന്ന തരത്തില്‍ പെരുമാറിയത്.
ഭാഗ്യത്തിനാണ് പൊള്ളാര്‍ഡ് തിരിച്ചൊന്നും പ്രതികരിക്കാതിരുന്നത്. ഇപ്പോഴിതാ എതിര്‍ താരങ്ങളെ വികാരം മനസിലാക്കി വേണം പെരുമാറാന്‍ എന്ന് ക്രുണാലിനെ ഉപദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ പാര്‍ഥിവ് പട്ടേല്‍. 'ക്രുണാലും പൊള്ളാര്‍ഡും നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ കളത്തിനകത്ത് കാര്യങ്ങള്‍ വ്യത്യസ്തമാണ്. പൊള്ളാര്‍ഡ് വലിയ ഫോമിലല്ല. കൂടാതെ മുംബൈ തുടര്‍ച്ചയായി തോല്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സാഹചര്യത്തെ മനസിലാക്കി പെരുമാറേണ്ടതായുണ്ട്. ഡ്രസിങ് റൂമില്‍വെച്ച് പെരുമാറുന്നത് പോലെയല്ല ഗ്രൗണ്ടില്‍. ക്രുണാലിന്റെ പെരുമാറ്റം അതിരുകടന്നെന്നാണ് കരുതുന്നത്'- പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

ദേഷ്യ സ്വഭാവത്തില്‍ ഒട്ടും പിന്നിലല്ലാത്ത പൊള്ളാര്‍ഡ് ഇതിന് മുമ്പ് നിരവധി തവണ കളത്തില്‍ നിയന്ത്രണം വിട്ട് പെരുമാറിയിട്ടുണ്ട്. തുടര്‍ തോല്‍വികളുടെ വലിയ സമ്മര്‍ദ്ദത്തിലൂടെ കടന്ന് പോകുമ്പോള്‍ ഇത്തരമൊരു പെരുമാറ്റം ഉണ്ടായാല്‍ അടുത്ത സുഹൃത്തുക്കളാണെങ്കില്‍ പോലും ചിലപ്പോള്‍ നിയന്ത്രണം നഷ്ടമായേക്കും. അതുകൊണ്ട് തന്നെ ക്രുണാലിന്റെ പെരുമാറ്റം അതിരുകളെല്ലാം ലംഘിക്കുന്നതും താരത്തിന്റെ മാനസികാവസ്ഥയെ മനസിലാക്കാതെ ഉള്ളതുമായിരുന്നെന്ന് വിലയിരുത്താം.

മുംബൈ വിട്ട് ലഖ്‌നൗവിലെത്തിയ ക്രുണാല്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മുംബൈക്കെതിരേ നായകന്‍ രോഹിത് ശര്‍മയേയും കറെന്‍ പൊള്ളാര്‍ഡിനെയും ഡാനിയല്‍ സാംസിനെയുമാണ് ക്രുണാല്‍ പാണ്ഡ്യ പുറത്താക്കിയത്. നാല് ഓവറില്‍ വെറും 19 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ക്രുണാലിന്റെ മൂന്ന് വിക്കറ്റ് പ്രകടനം. തന്നെ കൈവിട്ട മുംബൈയോട് ക്രുണാലിന്റെ മധുര പ്രതികാരം എന്ന് വേണമെങ്കില്‍ പ്രകടനത്തെ വിശേഷിപ്പിക്കാനാവും.

പൊള്ളാര്‍ഡ് തിരിച്ച് പ്രതികരിക്കാതെ ഇരുന്നത് ഭാഗ്യമെന്നാണ് ആര്‍പി സിങ് പ്രതികരിച്ചത്. 'തോല്‍ക്കുന്നത് ആരും ഇഷ്ടപ്പെടുന്നില്ല. ഒരു താരം മോശം ഫോമില്‍ തുടരുമ്പോള്‍ ഇത്തരം പ്രവര്‍ത്തികള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. അവന്‍ ഏത് തരം മനോനിലയിലൂടെയാണ് കടന്ന് പോകുന്നതെന്ന് നമുക്ക് പറയാനാവില്ല. പൊള്ളാര്‍ഡ് മോശമായി പ്രതികരിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു. തുടര്‍ തോല്‍വികളുടെയും മോശം ഫോമിന്റെയും സമ്മര്‍ദ്ദത്തില്‍ പുറത്തായി മടങ്ങുമ്പോള്‍ ക്രുണാലിന്റെ പെരുമാറ്റം അതിരുകടക്കുന്നത് തന്നെയാണ്'-ആര്‍പി സിങ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications