
ബെംഗളൂരു: ഐപിഎല്ലിന്റെ പുതിയ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആരു നയിക്കുമെന്ന സസ്‌പെന്‍സ് ഒടുവില്‍ അവസാനിച്ചിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ സൂപ്പര്‍ താരവും സൗത്താഫ്രിക്കയുടെ സ്റ്റാര്‍ ബാറ്ററുമായ ഫഫ് ഡുപ്ലെസിയെ പുതിയ നായകനായി ആര്‍സിബി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിനു ശേഷം സ്ഥാനമൊഴിഞ്ഞ വിരാട് കോലി തന്നെ വീണ്ടും നായകസ്ഥാനത്തേക്കു തിരിച്ചുവന്നേക്കുമെന്ന തരത്തില്‍ കുറച്ചു ദിവസങ്ങളായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല കോലിയുടെ നേരത്തേയുള്ള രാജി ആര്‍സിബി ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകളും വന്നതോടെ അദ്ദേഹം വീണ്ടും വന്നേക്കുമോയെന്ന സംശയം ബലപ്പെട്ടിരുന്നു.
ഒടുവില്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടാണ് പരിചയസമ്പന്നനായ ഡുപ്ലെസിയാണ് ഇനി തങ്ങളെ നയിക്കുകയെന്നു ആര്‍സിബി പ്രഖ്യാപിച്ചിരിക്കുന്നത്. ആര്‍സിബി അണ്‍ബോക്‌സെന്ന ചടങ്ങില്‍ വച്ചായിരുന്നു ഡുപ്ലെസിയാണ് ക്യാപ്റ്റനെന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. വിരാട് കോലിയാണ് ഡുപ്ലെസിയായിരിക്കും പുതിയ നായകനെന്നു ചടങ്ങിലെ സ്‌ക്രീനിലൂടെ പ്രദര്‍ശിപ്പിച്ച വീഡിയോയില്‍ പ്രഖ്യാപിച്ചത്. പുതിയ നായകനെ തിരഞ്ഞെടുക്കുന്നതിനൊപ്പം വരാനിരിക്കുന്ന സീസണിലേക്കുള്ള ജഴ്‌സിയും ആര്‍സിബി പുറത്തിറക്കി.
കഴിഞ്ഞ സീസണിന്റെ പകുതിയോടെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് സീസണിനു ശേഷം താന്‍ നായകസ്ഥാനത്തു നിന്ന് രാജിവയ്ക്കുമെന്നു വിരാട് കോലി പ്രഖ്യാപിച്ചത്. എങ്കിലും ടീമിന്റെ ഭാഗമായ തുടരുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. കോലിക്കു പകരം ഡുപ്ലെസിയെക്കൂടാതെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്, ലേലത്തിനു മുമ്പ് തന്നെ ആര്‍സിബിയുടെ ഭാഗമായിരുന്ന ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരുടെ പേരുകളാണ് നായകസ്ഥാനത്തേക്കു ഉയര്‍ന്നു വന്നിരുന്നത്.

ഇത്തവണത്തെ മെഗാ ലേലത്തിലാണ് ഡുപ്ലെസിയെ ആര്‍സിബി തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വന്നത്. നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെ നിര്‍ണായക താരമായിരുന്നു അദ്ദേഹം. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ നാലാം കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു. 16 മല്‍സരങ്ങളില്‍ നിന്നും 633 റണ്‍സാണ് സിഎസ്‌കെയ്ക്കായി ഡുപ്ലെസി വാരിക്കൂട്ടിയത്. രണ്ടു റണ്‍സിന്റെ മാത്രം വ്യത്യാസത്തിലാണ് ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് അദ്ദേഹം ടീമംഗമായ റുതുരാജ് ഗെയ്ക്വാദിനു വിട്ടുനല്‍കിയത്.
പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സീസണിനു ശേഷം അദ്ദേഹത്തെ സിഎസ്‌കെ കൈവിടുകയായിരുന്നു. എങ്കിലും മെഗാ ലേലത്തില്‍ ഡുപ്ലെസിയെ തിരികെ കൊണ്ടു വരാന്‍ സിഎസ്‌കെ ഉറപ്പായും ശ്രമിക്കുമെന്നായിരുന്നു പക്ഷെ ലേലത്തില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ഡുപ്ലെസിയെ ആര്‍സിബി റാഞ്ചുകയായിരുന്നു. ഏഴു കോടി രൂപയാണ് അവര്‍ക്കു മുടക്കേണ്ടി വന്നത്. ക്യാപറ്റനെന്ന നിലയില്‍ ഏറെ അനുഭവസമ്പത്തുള്ള താരം കൂടിയായ അദ്ദേഹം. 2016 മുതല്‍ 2020വരെ എല്ലാ ഫോര്‍മാറ്റുകളിലും സൗത്തഫ്രിക്കന്‍ ടീമിന്റെ നായകനായിരുന്നു ഡുപ്ലെസി.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്ക്വാഡ്
നിലനിര്‍ത്തിയവര്‍- വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് സിറാജ്.
ലേലത്തില്‍ വാങ്ങിയവര്‍-ഫാഫ് ഡുപ്ലെസി, ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരംഗ, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, മഹിപാല്‍ ലോംറോര്‍, ഫിന്‍ അലന്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ജേസണ്‍ ബെറഡോര്‍ഫ്, സുയാഷ് പ്രഭുദേസായ്, ചാമ മിലിന്ദ്, അനീഷ്വര്‍ ഗൗതം, കരണ്‍ ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, ലുവ്‌നിത്ത് സിസോഡിയ, ഡേവിഡ് വില്ലി.