
പഞ്ചാബ് കിങ്‌സിനെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ട്. ഇത്തവണ നമുക്കതു ചെയ്യാമെന്നു ടീമിന്റെ ട്വിറ്റര്‍ ഹാന്റിലിലുടെ പുറത്തുവിട്ട സന്ദേശത്തില്‍ മായങ്ക് അഗര്‍വാള്‍ പറഞ്ഞു.
2018 മുതല്‍ ഞാന്‍ പഞ്ചാബ് കിങ്‌സിനോടൊപ്പമുണ്ട്. ഈ ഫ്രാഞ്ചൈിയെ പ്രതിനിധീകരിക്കുന്നതില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ടീമിനെ നയിക്കാനുള്ള അവസരം നല്‍കിയതില്‍ വളരെയധികം സന്തോഷമുണ്ട്. ഈ ഉത്തരവാദിത്വം വളരെയധികം ആത്മാര്‍ഥതയോടെ തന്നെ ഞാന്‍ ഏറ്റെടുക്കുകയാണ്.

അതേസമയത്തു തന്നം ഈ സീസണില്‍ പഞ്ചാബ് കിങ്‌സ് സ്‌ക്വാഡിന്റെ പ്രതിഭ കണക്കിലെടുക്കുമ്പോള്‍ എനിക്കു ജോലി എളുപ്പമാവുമെന്നു വിശ്വസിക്കുന്നു. ഒരുപാട് അനുഭവസമ്പത്തുള്ള ചില കളിക്കാര്‍ ഞങ്ങളുടെ സംഘത്തിലുണ്ട്. അതോടൊപ്പം തന്നെ ലഭിക്കുന്ന അവസരം മുതലെടുക്കാന്‍ ആഗ്രഹിക്കുന്ന യുവതാരങ്ങളും ടീമിന്റെ ഭാഗമാണെന്നു മായങ്ക് വ്യക്തമാക്കി.

ഒരു ടീമെന്ന നിലയില്‍ എല്ലായ്‌പ്പോഴും കിരീടം നേടാനാവുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഞങ്ങള്‍ ഗ്രൗണ്ടില്‍ ഇറങ്ങാറുള്ളത്. കന്നിക്കിരീടമുയര്‍ത്തുകയെന്ന ഞങ്ങളുടെ ലക്ഷ്യത്തിനായി വീണ്ടും പരിശ്രമിക്കും. ടീമിനെ നയിക്കാനുള്ള ഈ പുതിയ റോള്‍ എന്നെ ഏല്‍പ്പിച്ച ടീം മാനേജ്‌മെന്റിനോടു നന്ദി പറയുകയാണ്. പുതിയ സീസണിനെയും അതോടൊപ്പമുള്ള വെല്ലുവിളികളെയും താന്‍ കാത്തിരിക്കുകയാണെന്നും മായങ്ക് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായ മായങ്ക് അഗര്‍വാള്‍ വളരെ അഗ്രസീവായിടുള്ള ഓപ്പണിങ് ബാറ്റര്‍ കൂടിയാണ്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും താരം നേരത്തേ കളിച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ മെഗാ ലേലത്തിനു മുമ്പ് പഞ്ചാബ് നിലനിര്‍ത്തിയ രണ്ടു പേരില്‍ ഒരാളായിരുന്നു മായങ്ക്. മറ്റൊരാള്‍ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങായിരുന്നു.

കഴിഞ്ഞ സീസണില്‍ പരിക്കു കാരണം കെഎല്‍ രാഹുലിന് ഒരു മല്‍സരത്തില്‍ നിന്നും വിട്ടുനില്‍ക്കണ്ടി വന്നപ്പോള്‍ പഞ്ചാബിനെ നയിച്ചത് മായങ്കായിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലും ടീമിനായി 400ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹത്തിനായിരുന്നു. 2011ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ മായങ്ക് 100 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇന്ത്യന്‍ ടീമിനായി 19 ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും താരം കളിച്ചിട്ടുണ്ട്.

മായങ്ക് അഗര്‍വാളിനെ പഞ്ചാബ് കിങ്‌സ് ടീമിന്റെ ക്യാപ്റ്റനാക്കിയത് പുതിയ സീസണില്‍ ടീമിനെ നന്നായി പെര്‍ഫോം ചെയ്യാന്‍ സഹായിക്കുമെന്നു മുഖ്യ കോച്ചും ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസമായ അനില്‍ കുംബ്ലെയും അഭിപ്രായപ്പെട്ടു.
2018 മുതല്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ് മായങ്ക്. കഴിഞ്ഞ രണ്ടു വര്‍ഷമായി അദ്ദേഹം നേതൃത്വ ഗ്രൂപ്പിന്റെ ഭാഗവുമാണ്. അടുത്തിടെ നടന്ന മെഗാ ലേലത്തില്‍ ഞങ്ങള്‍ തിരഞ്ഞെടുത്ത പുതിയ ടീമില്‍ ആവേശം പകരുന്ന യുവ പ്രതിഭകളും മികച്ച അനുഭവസമ്പത്തുള്ള കളിക്കാരുമുണ്ടെന്നും കുംബ്ലെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

പഞ്ചാബ് കിങ്‌സ് സ്ക്വാഡ്
നിലനിര്‍ത്തിയവര്‍- മായങ്ക് അഗര്‍വാള്‍, അര്‍ഷ്ദീപ് സിങ്.
ലേലത്തില്‍ വാങ്ങിയവര്‍- ശിഖര്‍ ധവാന്‍, കാഗിസോ റബാഡ, ജോണി ബെയര്‍സ്റ്റോ, രാഹുല്‍ ചാഹര്‍, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, പ്രഭ്സിമ്രാന്‍ സിംഗ്, ജിതേഷ് ശര്‍മ, ഇഷാന്‍ പോറെല്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഒഡെയന്‍ സ്മിത്ത്, സന്ദീപ് ശര്‍മ, രാജ് ബാവ, റിഷി ധവാന്‍, പ്രേരക് മങ്കാഡ്, വൈഭവ് അറോറ, റിത്തിക്ക് ചാറ്റര്‍ജി, ബല്‍തേജ് ദന്ദ, അന്‍ഷ് പട്ടേല്‍, നഥാന്‍ എല്ലിസ്, അഥര്‍വ ടൈഡെ, ഭാനുക രാജപക്‌സെ, ബെന്നി ഹോവല്‍.


Click it and Unblock the Notifications