IPL 2022: ' ആര്‍ക്കും തെറ്റ് പറ്റും ', റിഷഭിനെ ഡിസി നായകസ്ഥാനത്ത് നിന്ന് മാറ്റരുത്- പീയൂഷ് ചൗള

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പല വമ്പന്‍ ടീമുകളും മറക്കാനാഗ്രഹിക്കുന്ന സീസണാണ്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് തുടങ്ങി വലിയ ആരാധക പിന്തുണയുള്ള പല ടീമുകളും ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായി. ഇതില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രകടനമാണ് ഇത്തവണ വലിയ നിരാശയുണ്ടാക്കിയത്. കാരണം പ്ലേ ഓഫിനോട് തൊട്ടടുത്തെത്തുകയും നിര്‍ണ്ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ് ഡല്‍ഹി പ്ലേ ഓഫ് കാണാതെ പുറത്താവുകയുമായിരുന്നു.
മുംബൈക്കെതിരായ മത്സരത്തില്‍ ടിം ഡേവിഡിന്റെ കീപ്പര്‍ ക്യാച്ച് വിക്കറ്റ് കീപ്പറും നായകനുമായ റിഷഭ് പന്തിന് മനസിലാക്കാന്‍ സാധിക്കാതെ പോയതാണ് മത്സരഫലം മാറ്റിമറിച്ചത്. പന്ത് ബാറ്റിലുരസിയെങ്കിലും അംപയര്‍ ഔട്ട് നല്‍കിയില്ല. റിഷഭ് ചെറുതായി അപ്പീല്‍ ചെയ്‌തെങ്കിലും റിവ്യൂ ചെയ്യാന്‍ തയ്യാറായില്ല. നിര്‍ണ്ണായകമായ ഒരു ക്യാച്ചും റിഷഭ് പാഴാക്കി. ഡല്‍ഹി തോറ്റ് പ്ലേ ഓഫ് കാണാതെ പുറത്തായതോടെ എല്ലാ വിമര്‍ശനങ്ങളും റിഷഭിന്റെ നേര്‍ക്കായിരുന്നു.

മോശം ഫോമിലായിരുന്ന റിഷഭ് നായകനെന്ന നിലയിലും പരാജയപ്പെടുത്തിയതോടെ നായകനെ മാറ്റണമെന്ന ആവിശ്യവും ശക്തമായി ഉയര്‍ന്നു. വലിയ വിമര്‍ശനം റിഷഭിനെതിരേ ഉയര്‍ന്നെങ്കിലും ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിങ്ങടക്കം റിഷഭിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ റിഷഭിനെ നായകസ്ഥാനത്ത് നിന്ന് മാറ്റരുതെന്നും അടുത്ത സീസണിലും ഡല്‍ഹിയുടെ നായകനായി തുടരാന്‍ അനുവദിക്കണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പീയൂഷ് ചൗള.
'പന്തിന് 24 വയസ് മാത്രമാണ് പ്രായം. അവന്‍ യുവതാരമാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. തെറ്റുകള്‍ പറ്റുന്നത് സ്വാഭാവികം. റിഷഭിന് മാത്രമല്ല എല്ലാ നായകന്മാര്‍ക്കും തെറ്റുകള്‍ സംഭവിക്കാം. ഭാവിയിലെ സൂപ്പര്‍ താരമാണവന്‍. അവന്‍ തെറ്റുകളില്‍ നിന്ന് പഠിക്കുമെന്നുറപ്പുണ്ട്. നായകനായി തുടര്‍ന്നാല്‍ മാത്രമെ അവന് തന്റെ പ്രകടനം മെച്ചപ്പെടുത്താനാവു'- ചൗള പറഞ്ഞു.

ശ്രേയസ് അയ്യര്‍ ആയിരുന്നു റിഷഭിന് മുമ്പ് ഡല്‍ഹിയെ നയിച്ചത്. രണ്ട് തവണ ടീമിനെ പ്ലേ ഓഫിലെത്തിക്കാനും ശ്രേയസിന് സാധിച്ചിരുന്നു. എന്നാല്‍ ശ്രേയസിന് പരിക്കേറ്റ് പുറത്തുപോവേണ്ടി വന്നതോടെ റിഷഭിനെ നായകസ്ഥാനത്തേക്ക് ഡല്‍ഹി ഉയര്‍ത്തിക്കൊണ്ട് വരികയായിരുന്നു. ഇന്ത്യയുടെ ഭാവി നായകനായിപ്പോലും റിഷഭിനെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും നിലവിലെ പ്രകടനം ശരാശരി മാത്രമാണ്. ഇത്തവണ ബാറ്റിങ്ങിലും കാര്യമായൊന്നും ചെയ്യാന്‍ റിഷഭിന് സാധിച്ചില്ല.
ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം റിഷഭ് മനോഹരമായി ബാറ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ പരിമിത ഓവര്‍ ടീമിനൊപ്പം വലിയൊരു പ്രകടനം ഇതുവരെ കാഴ്ചവെച്ചിട്ടില്ല. എങ്കിലും ടി20 ലോകകപ്പിലും വിക്കറ്റ് കീപ്പറായി ഇന്ത്യ മുഖ്യ പരിഗണന നല്‍കുന്നത് റിഷഭ് പന്തിന് തന്നെയാണ്. വലിയ പിന്തുണ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് റിഷഭിന് നല്‍കുന്നുണ്ട്. നിലവില്‍ ഡല്‍ഹിയില്‍ നിന്നും റിഷഭിന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും അടുത്ത സീസണിലെ പ്രകടനം അദ്ദേഹത്തിന് നിര്‍ണ്ണായകമാവും.

ഇത്തവണ പ്രതീക്ഷക്കൊത്ത് ബാറ്റിങ് പ്രകടനം നടത്താന്‍ റിഷഭിന് സാധിച്ചിരുന്നില്ല. എന്നാല്‍ നായകസ്ഥാനമല്ല റിഷഭിന്റെ മോശം ബാറ്റിങ്ങിന് കാരണമെന്നും ചൗള അഭിപ്രായപ്പെട്ടു. 'നായകസ്ഥാനം റിഷഭിന്റെ ബാറ്റിങ്ങിനെ ബാധിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഉത്തരവാദിത്തങ്ങള്‍ അവന്റെ ബാറ്റിങ്ങിനെ മോശമാക്കിയേക്കില്ല. അവന്‍ തീര്‍ത്തും മോശം ഫോമിലാണെന്ന് പറയാനാവില്ല. നന്നായി തന്നെ ബാറ്റ് ചെയ്യാനും ഷോട്ടുകള്‍ മെച്ചപ്പെടുത്താനും ശ്രമിക്കുന്നു. എന്നാല്‍ വലിയ സ്‌കോറിലേക്ക് എത്താന്‍ സാധിക്കുന്നില്ലെന്ന് മാത്രം. അടുത്ത സീസണിലും അവന്‍ ഡല്‍ഹിയെ നയിക്കുന്നത് കാണാനാണ് ആഗ്രഹം'-ചൗള കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications