
ടൈറ്റന്‍സിനായി ഈ സീസണില്‍ അദ്ദേഹം ബാറ്റിങില്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഭാജിയുടെ ഈ നിര്‍ദേശത്തിനു കാരണം. നിലവില്‍ ഈ സീസണില്‍ ജിടിക്കായി മൂന്നാം നമ്പറിലം നാലാം നമ്പറിലുമെല്ലാം ഹാര്‍ദിക് കളിച്ചുകഴിഞ്ഞു. പല തവണ പ്രതിസന്ധി ഘട്ടങ്ങളില്‍ മികച്ച ഇന്നിങ്‌സുകളുമായി അദ്ദേഹം ടീമിന്റെ രക്ഷകനുമായിട്ടുണ്ട്. ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 305 റണ്‍സാണ് ഹാര്‍ദിക്കിന്റെ സമ്പാദ്യം. ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം നാലാമതുമുണ്ട്.

ഇന്ത്യന്‍ ടീമിനു ഹാര്‍ദിക് പാണ്ഡ്യയെ മൂന്നും നാലും നമ്പറുകളില്‍ ഇനി പരീക്ഷിച്ചു നോക്കാവുന്നതാണെന്നു ഹര്‍ഭജന്‍ സിങ് നിരീക്ഷിച്ചു. ഫിനിഷിങിന്റെ ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഹാര്‍ദിക്കിനു മികച്ച ബാറ്റിങ് ടെക്‌നിക്കാണുള്ളത്. അദ്ദേഹത്തിനു ഒരു പരമ്പരാഗത ബാറ്ററായി മാറാന്‍ കഴിയും. പക്ഷെ ഇത്തരമൊരു റോളില്‍ ഹാര്‍ദിക്കിനെ നമ്മള്‍ ഇതുവരെ കണ്ടിട്ടില്ല. സാധാരണായായി അദ്ദേഹം കുറേക്കൂടി താഴേക്ക് ഇറങ്ങി വമ്പന്‍ ഷോട്ടുകള്‍ കളിക്കുയാണ് ചെയ്തിരുന്നത്.

ഐപിഎല്ലില്‍ ഇപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഇന്നിങ്‌സില്‍ 17-18 ഓവറുകള്‍ ബാക്കിയുള്ളപ്പോള്‍ ബാറ്റ് ചെയ്യാനുള്ള അവസരമാണ് ഹാര്‍ദിക് പാണ്ഡ്യക്കു ലഭിക്കുന്നത്. ടോപ് ക്ലാസ് ബാറ്ററെപ്പോലെയാണ് അദ്ദേഹം കാണപ്പെടുന്നത്. അദ്ദേഹത്തെ ആരുമായും താരതമ്യം ചെയ്യന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ മൊത്തത്തില്‍ നോക്കിയാല്‍ നിലവിലെ മറ്റു പല മഹാന്‍മാരായ ബാറ്റര്‍മാരേക്കാളും മികച്ചതായിട്ടാണ് ഹാര്‍ദിക് കാണപ്പെടുന്നതെന്നു ഹര്‍ഭജന്‍ സിങ് വിലയിരുത്തി.

ഇന്ത്യന്‍ ടീമിലും ഹാര്‍ദിക് പാണ്ഡ്യക്കു ഇതുപോലെയുള്ള അവസരങ്ങള്‍ ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഫിനിഷറായി നിങ്ങള്‍ക്കു മറ്റാരെയെങ്കിലും നോക്കാവുന്നതാണ്. ഇത്രയും മികവുറ്റ ഒരു ബാറ്റര്‍ നിങ്ങളുടെ ടീമിലുണ്ടെങ്കില്‍ അയാളെ ലോവര്‍ ഓര്‍ഡറിലേക്കു മാറ്റാന്‍ കഴിയില്ലെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി.
ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും മികവ് പുലര്‍ത്താന്‍ ഹാര്‍ദിക്കിനു കഴിയുന്നുണ്ട്.പക്ഷെ ഇടയ്‌ക്കൊരു പരിക്കേറ്റതു കാരണം സ്ഥിരമായി അദ്ദേഹം ബൗള്‍ ചെയ്യുന്നില്ല. ബൗളിങിലും ഹാര്‍ദിക്കിന്റെ പ്രകടനം എടുത്തു പറയേണ്ടതാണെന്നു ഹര്‍ഭജന്‍ പറയുന്നു. ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷനു വേണ്ടി അദ്ദേഹം അവകാശവാദമുന്നയിച്ചിരിക്കുകയാണെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications