
മെഗാ ലേലത്തില്‍ 80 ലക്ഷം രൂപക്കാണ് റിങ്കുവിനെ കെകെആര്‍ സ്വന്തമാക്കിയത്. ഇപ്പോഴിതാ തന്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് ഇടം കൈയന്‍ താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. ലേലത്തില്‍ തനിക്ക് ലഭിച്ച 80 ലക്ഷം രൂപ കുടുംബത്തില്‍ ഇതുവരെ ആര്‍ക്കും സമ്പാദിക്കാനാവാത്തതാണെന്നും ആദ്യമായാണ് ഇത്രയും തുക അവര്‍ കാണുന്നതെന്നുമാണ് റിങ്കു പറഞ്ഞത്. കെകെആറിന്റെ ഔദ്യോഗിക പേജില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കെകെആര്‍ എനിക്ക് വേണ്ടി ലേലം വിളിക്കുമെന്ന് നിധീഷ് റാണ ജീ എന്നോട് പറഞ്ഞിരുന്നു. അവര്‍ക്കുവേണ്ടി വീണ്ടും കളിക്കാനാവുമെന്ന സന്തോഷം അപ്പോള്‍ തോന്നി. കെകെആറാണ് എന്റെ ജീവിതം മെച്ചപ്പെടുത്തിയത്. 80 ലക്ഷം രൂപക്ക് കെകെആര്‍ എന്നെ സ്വന്തമാക്കിയതോടെ എന്റെ ഏറെക്കുറെയുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചു. ഇതിന് മുമ്പ് ഇത്രയും തുക എന്റെ കുടുംബത്തിലെ ആരും കണ്ടിരുന്നില്ല. അത്രയും വലിയ തുകയാണ് എനിക്കത്. എന്റെ പിതാവിന്റെ ശമ്പളം മാസ് 10-12 ആയിരം രൂപയാണ്. ഇപ്പോള്‍ എന്നെയോര്‍ത്ത് കുടുംബം അഭിമാനിക്കുന്നു'- റിങ്കു പറഞ്ഞു.

ഇത്തവണ കെകെആര്‍ വൈകിയാണ് റിങ്കുവിനെ കളത്തിലിറക്കിയത്. തനിക്ക് ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനത്തോടെ കൈയടി നേടാന്‍ യുവതാരത്തിനായിട്ടുണ്ട്. അണ്‍ക്യാപഡ് താരത്തിന്റെ സമ്മര്‍ദ്ദം റിങ്കുവിനില്ല. കാരണം ആഭ്യന്തര ക്രിക്കറ്റിന്റെ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. ഏഴ് മത്സരത്തില്‍ നിന്ന് 174 റണ്‍സാണ് റിങ്കു നേടിയത്. സ്‌ട്രൈക്കറേറ്റ് 148.72. അടുത്ത സീസണില്‍ കെകെആര്‍ ടീമില്‍ വലിയ പൊളിച്ചെഴുത്തുണ്ടാവുമെന്നുറപ്പാണ്. അങ്ങനെ സംഭവിച്ചാലും റിങ്കുവിനെ കെകെആര്‍ കൈവിട്ടേക്കില്ല.

ഇതിന് മുമ്പും റിങ്കു കെകെആറിന്റെ ഭാഗമായിട്ടുണ്ട്. അന്നൊക്കെ അവസരം ലഭിച്ചപ്പോള്‍ വലിയ പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിരുന്നില്ല. എന്നാല്‍ കെകെആര്‍ തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിനുള്ള നന്ദിയും റിങ്കു തുറന്ന് പറഞ്ഞു. 'എല്ലാവരും എന്നെക്കാണുന്നത് ചിരിച്ചുകൊണ്ടുള്ള മുഖവുമായാണ്. ഞാന്‍ വളരെ സന്തോഷവാനാണെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ എന്നെ സംബന്ധിച്ച് വളരെ ദുഷ്‌കരമായിരുന്നു. കെകെആര്‍ ആദ്യം എന്നെ ടീമിലെത്തിച്ചപ്പോള്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഞാന്‍ മികച്ച പ്രകടനം നടത്താതിരുന്നപ്പോഴും ടീം എന്നെ വിശ്വസിച്ചു. എന്നെ നിലനിര്‍ത്തി. എന്റെ ഫിറ്റ്‌നസിനായി വളരെയധികം പ്രയത്‌നിച്ചു'- റിങ്കു സിങ് കൂട്ടിച്ചേര്‍ത്തു.
പരിമിത സാഹചര്യങ്ങളോട് പൊരുതിയെത്തിയ റിങ്കു ഇതിനോടകം തന്റെ മികവ് തെളിയിച്ചു കഴിഞ്ഞു. വരുന്ന സീസണുകളിലും ഇതേ മികവ് തുടര്‍ന്ന് ഇന്ത്യക്കുവേണ്ടിയും കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് റിങ്കുവുള്ളത്.


Click it and Unblock the Notifications
