
രോഹിത് ശര്‍മ-ഇഷാന്‍ കിഷന്‍
ഓപ്പണിങ് കൂട്ടുകെട്ടിനെക്കുറിച്ച് മറ്റ് സംശയങ്ങളില്ല. രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷന്‍ തന്നെയാവും മുംബൈയുടെ ഓപ്പണിങ് നിരയിലേക്കെത്തുക. അവസാന സീസണില്‍ ഉള്‍പ്പെടെ ഇരുവരും തമ്മില്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ മികച്ച കൂട്ടുകെട്ട് പിറന്നിരുന്നു. ക്വിന്റന്‍ ഡീകോക്ക് ടീമിലുള്ളപ്പോള്‍ രോഹിത്തിനൊപ്പം മുഖ്യ പരിഗണന ഡീകോക്കിനായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഡീകോക്കിനെ മുംബൈ ഒഴിവാക്കിയതിനാല്‍ ഇഷാന്‍ രോഹിത്തിനൊപ്പം ഓപ്പണിങ്ങിലേക്കെത്തും.
രണ്ട് പേരും ഒന്നിനൊന്ന് മികച്ച ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവരാണ്. രോഹിത്ത് നായകന്റെ ഉത്തരവാദിത്തത്തോടെ കളിക്കുമ്പോള്‍ അതിവേഗം റണ്‍സുയര്‍ത്തുകയാവും ഇഷാന്റെ ലക്ഷ്യം. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ ഇഷാന്‍ മിടുക്കനാണ്. അവസാന സീസണിലെ മുംബൈയുടെ അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഇഷാന്‍ നടത്തിയ വെടിക്കെട്ട് പ്രകടനം ഇന്നും ആരാധക മനസിലുണ്ട്. 15.25 കോടിക്ക് ടീമിലെത്തിച്ച ഇഷാനില്‍ വലിയ പ്രതീക്ഷ തന്നെയാണ് മുംബൈ വെച്ചിരിക്കുന്നത്.

സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ
മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ ഇറക്കാം. നിലയുറപ്പിച്ച ശേഷം മധ്യ ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ മിടുക്കനാണ് സൂര്യ. മൈതാനത്തിന്റെ എല്ലാ വശത്തേക്കും ഒരുപോലെ ഷോട്ട് കളിക്കാന്‍ സൂര്യ മിടുക്കനാണ്. അതുകൊണ്ട് തന്നെ പവര്‍പ്ലേയില്ലാത്ത മധ്യ ഓവറുകളില്‍ അനായാസം റണ്‍സുയര്‍ത്താന്‍ സൂര്യകുമാറിന് സാധിക്കാറുമുണ്ട്. മധ്യ ഓവറുകളില്‍ റണ്‍സുയര്‍ത്തുന്നതാണ് എല്ലാ ടീമുകളുടെയും പ്രശ്‌നമെങ്കിലും സൂര്യയുള്ളപ്പോള്‍ മുംബൈക്ക് അക്കാര്യത്തില്‍ ആശങ്കകളില്ല. അവസാന സീസണിലേതുപോലെ ഇത്തവണയും മുംബൈയുടെ നെടുന്തൂണായി സൂര്യകുമാര്‍ ഉണ്ടായിരിക്കും.
അധികം പരിചയമില്ലാത്ത തിലക് വര്‍മയെ മുംബൈ ടീമിലെത്തിച്ചത് വ്യക്തമായ പദ്ധതികളോടെയാണ്. നാലാം നമ്പറില്‍ മുംബൈക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് തിലക് വര്‍മ. വലിയ ഷോട്ടുകള്‍ കളിക്കാനുള്ള മിടുക്കാണ് തിലക് വര്‍മയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഭാവിയിലേക്ക് മുംബൈക്ക് വലിയ ഗുണം ചെയ്യാന്‍ സാധ്യതയുള്ള താരമാണ് തിലക്. 75 റണ്‍സാണ് ടി20യിലെ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 143.77 ആണ് സ്‌ട്രൈക്കറേറ്റ്. മധ്യനിരയില്‍ പവര്‍ഹിറ്ററായ താരമാണ് അദ്ദേഹം.

ടിം ഡേവിഡ്, കീറോണ്‍ പൊള്ളാര്‍ഡ്, ഡാനിയല്‍ സാംസ്
സിംഗപ്പൂരുകാരനായ ടിം ഡേവിഡിനെ അഞ്ചാം നമ്പറില്‍ മുംബൈ പരിഗണിച്ചേക്കും. ഐപിഎല്ലില്‍ അധികമാര്‍ക്കും അറിയാത്ത പേരാണ് ടിം ഡേവിഡ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ കൊണ്ടുവന്നാല്‍ അത്ഭുതം സൃഷ്ടിക്കാന്‍ അദ്ദേഹത്തിനാവുമെന്നാണ് മുംബൈ പ്രതീക്ഷിക്കപ്പെടുന്നത്. അടിച്ചുതകര്‍ത്തുന്ന കളിക്കാനും ഒന്നോ രണ്ടോ ഓവര്‍ ചെയ്യാനും മിടുക്കുണ്ട്. 11 ടി20കളില്‍ നിന്ന് 429 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 47.67 ശരാശരിയുള്ള താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 157.72 ആണ്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ താരം മികച്ച പ്രകടനമാണ് നടത്തിയത്.
ആറാം നമ്പറില്‍ ഫിനിഷര്‍ റോളില്‍ കീറോണ്‍ പൊള്ളാര്‍ഡുണ്ടാവും. പന്തുകൊണ്ട് പഴയ പോലെ മികവ് കാട്ടാന്‍ പൊള്ളാര്‍ഡിന് സാധിച്ചേക്കില്ലെങ്കിലും ബാറ്റുകൊണ്ട് ടീമിനെ ഒറ്റക്ക് ജയിപ്പിക്കാന്‍ കെല്‍പ്പുള്ള താരമാണ് പൊള്ളാര്‍ഡ്. 149.77 എന്ന വമ്പന്‍ സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന പൊള്ളാര്‍ഡ് മുംബൈയുടെ വിശ്വസ്തനായ താരമാണ്. ടീം വലിയ തകര്‍ച്ച നേരിട്ട മിക്ക സമയങ്ങളിലും പൊള്ളാര്‍ഡ് രക്ഷകനായിട്ടുണ്ട്.
ഏഴാം നമ്പറില്‍ ഓസ്‌ട്രേലിയന്‍ പേസ് ഓള്‍റൗണ്ടര്‍ ഡാനിയല്‍ സാംസിനെ പരിഗണിക്കാം. ബിബിഎല്ലില്‍ തിളങ്ങിയ താരം വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനാണ്. 234.78 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. നിര്‍ണ്ണായക റണ്‍സ് ടീം സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ക്കാന്‍ കെല്‍പ്പുള്ളവനാണ് അദ്ദേഹം.

ജസ്പ്രീത് ബുംറ, മായങ്ക് മാര്‍ക്കണ്ഡെ, ജയദേവ് ഉനദ്ഘട്ട്, ടൈമല്‍ മില്‍സ്
എട്ടാം നമ്പറില്‍ പേസര്‍ ജസ്പ്രീത് ബുംറക്കാണ് അവസരം. മുംബൈ നിലനിര്‍ത്തിയ ബുംറ തന്നെയാവും പേസ് നിരയിലെ മുംബൈയുടെ വജ്രായുധം. ന്യൂബോളിലും ഡെത്ത് ഓവറിലും ബുംറ കാട്ടുന്ന മികവ് മുംബൈയുടെ കിരീടത്തിലേക്കുള്ള കുതിപ്പിലും നിര്‍ണ്ണായകമാവും. ഒമ്പതാം നമ്പറില്‍ മുംബൈ മായങ്ക് മാര്‍ക്കണ്ഡെയെ കളിപ്പിച്ചേക്കും. നേരത്തെ മുംബൈയുടെ ഭാഗമായിട്ടുള്ള താരത്തെ ഇത്തവണ മുംബൈ വീണ്ടും തിരിച്ചെത്തിച്ചിരിക്കുകയാണ്.
ഇടം കൈയന്‍ പേസറായി 10ാം നമ്പറില്‍ ജയദേവ് ഉനദ്ഘട്ടിനെ കളിപ്പിക്കാം. തല്ലുകൊള്ളി ബൗളറെന്ന വിശേഷമുള്ള താരമാണെങ്കിലും സഹീര്‍ ഖാന്റെ ഉപദേശം ഉനദ്ഘട്ടിനെ തിരിച്ചെത്തിക്കാന്‍ സഹായിച്ചേക്കും. അനുഭവസമ്പന്നായ താരമാണ് അദ്ദേഹം. 11ാമനായി ടൈമല്‍ മില്‍സിനാണ് അവസരം. ഇംഗ്ലണ്ട് പേസര്‍ ഇടം കൈയന്‍ പേസര്‍കൂടിയാണ്.


Click it and Unblock the Notifications













