IPL 2022: 'മാനസിക വിശ്രമം വേണം', വിരാട് കോലി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നു !

മുംബൈ: ആധുനിക ക്രിക്കറ്റിന്റെ ബാറ്റിങ് വിസ്മയം, ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്കായിട്ടില്ല. ഫോം മോശമാണ്. ഈ സാഹചര്യത്തില്‍ വിരാട് കോലി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് കടന്ന് പോകുന്നതെനും മാനസിക വിശ്രമത്തിനായി ഇടവേളയെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചെന്നും ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായും ബിസിസി ഐയുമായും കോലി ചര്‍ച്ചയിലാണെന്നാണ് പുറത്തുവരുന്ന വിവരം.
ഐപിഎല്ലിന് ശേഷം ഇടവേളയെടുത്ത് ടി20 ലോകകപ്പും ഏഷ്യാ കപ്പും കളിക്കാനാണ് കോലി പദ്ധതിയിടുന്നത്. നിലവിലെ ഫോം കോലിക്കും ടീം മാനേജ്‌മെന്റിനും ഒരുപോലെ നിരാശയുണ്ടാക്കുന്നതാണ്. ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്ന താരമാണ് കോലി. എന്നാല്‍ നിലവിലെ അദ്ദേഹത്തിന്റെ പ്രകടനം പരിശോധിക്കുമ്പോള്‍ ടീമിന് ബാധ്യതയായി മാറാനാണ് സാധ്യത. അതുകൊണ്ടാണ് വിശ്രമമെടുത്ത് മാനസിക ആരോഗ്യം വീണ്ടെടുത്ത് ശക്തമായി തിരിച്ചെത്താന്‍ കോലി ആഗ്രഹിക്കുന്നത്.

ഇത്തവണത്തെ ഐപിഎല്ലില്‍ കോലിക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. മൂന്ന് തവണ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായി. ഈ സാഹചര്യത്തില്‍ കോലിയോട് ഇടവേളയെടുക്കാന്‍ മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രിയടക്കം നിര്‍ദേശിച്ചിരുന്നു. 14 മത്സരത്തില്‍ നിന്ന് 309 റണ്‍സാണ് കോലിക്ക് നേടാനായത്. കോലിയില്‍ നിന്ന് ഇതിലുമേറെ പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനൊത്ത് ഉയരാന്‍ അദ്ദേഹത്തിനായില്ലെന്ന് പറയാം.
ഇടവേളയെക്കുറിച്ച് വിരാട് കോലി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. രവി ശാസ്ത്രിയുടെ പ്രസ്താവനെ ശ്രദ്ധിച്ചിരുന്നുവെന്നും നിര്‍ദേശത്തില്‍ ആരോഗ്യകരമാണെന്നും കോലി പറഞ്ഞു. 'എന്റെ കളിയെ കഴിഞ്ഞ ആറ് ഏഴ് വര്‍ഷം അടുത്ത് നിന്ന് കണ്ട വ്യക്തിയാണ് രവി ഭായി. അദ്ദേഹമാണ് ഇടവേളയെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ ഏഴ് വര്‍ഷത്തിനുള്ളില്‍ നായകനായി കളിച്ച മത്സരങ്ങള്‍ നിരവധിയാണ്. തീര്‍ച്ചയായും പരിഗണിക്കാവുന്ന നിര്‍ദേശമാണ് രവി ഭായിയുടേത്. കാരണം 100 ശതമാനം അര്‍പ്പിക്കാന്‍ സാധിക്കാതെ ഒന്നും ആഗ്രഹിച്ചതുപോലെ ചെയ്യാനാവില്ല.

എന്റെ ജീവിതത്തില്‍ ഇത് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഇടവേളയെടുക്കുന്നത് ആരോഗ്യകരമായ കാര്യമായാണ് കരുതുന്നത്. അതില്‍ തെറ്റായി എന്തെങ്കിലുമുണ്ടെന്ന് കരുതുന്നില്ല. നമ്മള്‍ കളിക്കുന്ന ക്രിക്കറ്റിന്റെ അളവ് അനുസരിച്ച് ഇടവേള ആരോഗ്യകരമായ കാര്യം തന്നെയാണ്. സംതുലിതാവസ്ഥ കൊണ്ടുവരാന്‍ വ്യക്തിയെന്ന നിലയില്‍ ഇടവേള അത്യാവശ്യമാണ്. ഇതിനെക്കുറിച്ച് രാഹുല്‍ ഭായിയോടും ടീം മാനേജ്‌മെന്റിനോടും സംസാരിക്കും'- കോലി പറഞ്ഞു.

വിരാട് കോലി തന്നെ ഇടവേള ആവിശ്യമാണെന്ന് പറഞ്ഞതിനാല്‍ അദ്ദേഹത്തിന്റെ ആവിശ്യം പരിഗണിക്കാനാണ് സാധ്യത. മാനസിക ആരോഗ്യം പ്രധാനപ്പെട്ടതായതിനാല്‍ കോലിക്ക് വിശ്രമം നല്‍കുന്നതില്‍ ബിസിസി ഐയും എതിര്‍ത്തേക്കില്ല. എന്നാല്‍ ഇംഗ്ലണ്ട് പര്യടനം ഇതിനിടെ ഇന്ത്യക്ക് വരുന്നുണ്ട്. ഇംഗ്ലണ്ടില്‍ മികച്ച റെക്കോഡുള്ള കോലിയെ ഒഴിവാക്കി ഇന്ത്യ പര്യടനത്തിന് പോകുമോയെന്നതും പ്രധാനപ്പെട്ട ചോദ്യമാണ്. എന്നാല്‍ സമീപകാലത്തെ കോലിയുടെ പ്രകടനം നോക്കുമ്പോള്‍ അദ്ദേഹത്തിന് വിശ്രമം അത്യാവശ്യമാണ്.

'സമീപകാലത്തായി ഞാന്‍ നന്നായാണ് ബാറ്റ് ചെയ്യുന്നതെന്ന് കരുതുന്നില്ല. പ്രകടനം മെച്ചപ്പെടുത്താന്‍ ഞാന്‍ വീണ്ടും വീണ്ടും കഠിനമായി അധ്വാനിക്കുന്നുണ്ട്. എന്റെ പ്രകടനം എവിടെയാണ് നില്‍ക്കുന്നതെന്ന് കൃത്യമായി അറിയാം. ഇതിനെ എങ്ങനെ മറികടക്കണമെന്നും സ്ഥിരത കൊണ്ടുവരണമെന്നതും അറിയാം. ഏഷ്യാ കപ്പും ടി20 ലോകകപ്പും എനിക്ക് ജയിക്കണം. അതിനായി ടീമിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണ് '- കോലി കൂട്ടിച്ചേര്‍ത്തു. എന്തായാലും വരുന്ന ദിവസങ്ങളില്‍ത്തന്നെ കോലിയുടെ ഇടവേള സംബന്ധിച്ച് നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications