IPL 2022: മുംബൈ x ഡല്‍ഹി, ജയിച്ചാല്‍ ഡല്‍ഹി പ്ലേ ഓഫില്‍, തോറ്റാല്‍ ആര്‍സിബിക്ക് ലോട്ടറി, പ്രിവ്യൂ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ പ്ലേഓഫില്‍ നാലാം സ്ഥാനക്കാരായി ആര് എന്ന് തീരുമാനിക്കുന്ന മുംബൈ ഇന്ത്യന്‍സ് - ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം നാളെ (21-5-2022). നേരത്തെ തന്നെ പുറത്തായി നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത മുംബൈ അവസാന മത്സരം ജയിച്ച് മടങ്ങാനിറങ്ങുമ്പോള്‍ ഡല്‍ഹിയെ സംബന്ധിച്ചിത് ജീവന്‍ മരണ പോരാട്ടമാണ്. മുംബൈയെ തോല്‍പിച്ചാല്‍ ഡല്‍ഹിക്ക് പ്ലേ ഓഫില്‍ നാലാം സ്ഥാനക്കാരായി പ്രവേശിക്കാം. തോറ്റാല്‍ ആര്‍സിബി നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തും.
മുംബൈ ഇന്ത്യന്‍സിനോട് ഡല്‍ഹി ജയിക്കണമേയെന്ന് ഡല്‍ഹി ആരാധകര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ മുംബൈയുടെ ജയത്തിനായി പൂര്‍ണ്ണ പിന്തുണയാവും ആര്‍സിബി നല്‍കുക. മുംബൈയുടെ തട്ടകമായി വാംഖഡെയിലാണ് മത്സരം. ഇത്തവണ 10 മത്സരം തോല്‍ക്കുകയും മൂന്ന് മത്സരം മാത്രം ജയിക്കുകയും ചെയ്ത മുംബൈക്ക് ഡല്‍ഹിയുടെ വഴി മുടക്കാന്‍ സാധിക്കുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

മുംബൈ കരുത്തരുടെ നിരയാണ്. എന്നാല്‍ ഇത്തവണ നിര്‍ഭാഗ്യം പല തവണ അവരെ തളര്‍ത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ അവസാന മത്സരത്തിലും മുംബൈ പൊരുതിയാണ് തോറ്റത്. അതുകൊണ്ട് തന്നെ ഡല്‍ഹിക്ക് ശക്തമായ വെല്ലുവിളി മുംബൈ ഉയര്‍ത്തുമെന്നുറപ്പ്. ഇഷാന്‍ കിഷന്‍- രോഹിത് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ട് അവസാന മത്സരങ്ങളിലെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തുന്നത് ടീമിന് കരുത്ത് പകരുന്നു. എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെ അഭാവം നികത്താന്‍ ആളില്ലാത്ത അവസ്ഥ.
തിലക് വര്‍മ, ടിം ഡേവിഡ് എന്നിവരുടെ പ്രകടനം മുംബൈക്ക് നിര്‍ണ്ണായകമാവും. ബൗളിങ്ങില്‍ ഡാനിയല്‍ സാംസ്, ജസ്പ്രീത് ബുംറ എന്നിവര്‍ ഭേദപ്പെട്ട നിലയില്‍ പന്തെറിയുമ്പോഴും സ്പിന്‍ നിരയില്‍ ആര്‍ക്കും ഫോമില്ല. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് അരങ്ങേറ്റത്തിനുള്ള അവസരം ഡല്‍ഹിക്കെതിരേ നല്‍കുമെന്നാണ് ആരാധക പ്രതീക്ഷ.

ഡല്‍ഹിയെ സംബന്ധിച്ച് ഡേവിഡ് വാര്‍ണറിന്റെയും മിച്ചല്‍ മാര്‍ഷിന്റെയും ഫോമിലാണ് പ്രതീക്ഷ. ഓപ്പണിങ്ങില്‍ വാര്‍ണര്‍ മികച്ച സ്‌കോര്‍ നേടേണ്ടത് ഡല്‍ഹിക്ക് നിര്‍ണ്ണായകമാണ്. ഓപ്പണിങ്ങില്‍ പൃഥ്വി ഷായുടെ അഭാവത്തില്‍ സര്‍ഫറാസ് ഖാനുമായി ഡല്‍ഹി മുന്നോട്ട് പോയേക്കും. മിച്ചല്‍ മാര്‍ഷ് മൂന്നാം നമ്പറില്‍ കസറുമ്പോള്‍ ലളിത് യാദവിനും നായകന്‍ റിഷഭ് പന്തിനും വലിയ മികവ് കാട്ടാനാവുന്നില്ല. ഇതില്‍ റിഷഭിന്റെ ഫോമാണ് പ്രധാന പ്രശ്‌നം. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണെങ്കിലും ഇത്തവണ പ്രതീക്ഷക്കൊത്ത് ഒരു മത്സരത്തില്‍ പോലും അദ്ദേഹം ഉയര്‍ന്നിട്ടില്ല.
വമ്പനടിക്കാരനായ ഫിനിഷര്‍ റോവ്മാന്‍ പവലിന്റെ അവസാന മത്സരങ്ങളിലെ പ്രകടനവും വലിയ പ്രതീക്ഷ നല്‍കുന്നതല്ല. താരത്തിന്റെ ഫോം ടീമിന് നിര്‍ണ്ണായകമാണ്. അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരും ബാറ്റുകൊണ്ട് കൂടുതല്‍ മികവ് കാട്ടേണ്ടതായുണ്ട്. പേസ് നിരയില്‍ ആന്‍ റിച്ച് നോക്കിയേ, ഖലീല്‍ അഹമ്മദ് എന്നിവരുടെ പേസ് ബൗളിങ്ങിലെ പ്രകടനം ഭേദപ്പെട്ടതാണ്. കുല്‍ദീപ് യാദവും അക്ഷറും സ്പിന്നില്‍ കൂടുതല്‍ തിളങ്ങാത്ത പക്ഷം കാര്യങ്ങള്‍ എളുപ്പമാവില്ല.

ഡല്‍ഹിയെ സംബന്ധിച്ച് പ്രധാന ആശങ്ക ബാറ്റിങ്ങാണ്. ഡേവിഡ് വാര്‍ണറെയും മിച്ചല്‍ മാര്‍ഷിനേയും തുടക്കത്തിലേ മുംബൈ മടക്കിയാല്‍ ടീം പ്രതിസന്ധിയിലാവുമെന്നുറപ്പ്. മുംബൈയില്‍ താരങ്ങളുടെ ഫോം മാത്രമാണ് പ്രശ്‌നം. രോഹിത്തും ഇഷാനും തുടക്കം മുതലേ കടന്നാക്രമിച്ചാല്‍ ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കും. ജസ്പ്രീത് ബുംറയെ മറികടക്കുകയെന്ന വലിയ വെല്ലുവിളിയാണ് ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ക്കുള്ളത്.
നേര്‍ക്കുനേര്‍ കണക്കില്‍ രണ്ട് ടീമും ഏറെക്കുറെ കട്ടക്ക് കട്ടയാണ്. 31 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 16 തവണ മുംബൈയും 15 തവണ ഡല്‍ഹിയും ജയിച്ചു. ആദ്യ പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ മുംബൈയെ നാല് വിക്കറ്റിന് തോല്‍പ്പിക്കാന്‍ ഡല്‍ഹിക്കായിരുന്നു. ഇതിന് കണക്കുതീര്‍ക്കാനുറച്ചാവും രോഹിതും സംഘവും ഇറങ്ങുകയെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications