
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തരായ ടീമാണ് മുംബൈ ഇന്ത്യന്‍സ്. ഇതിനോടകം അഞ്ച് കിരീടം അലമാരയിലെത്തിച്ച ഏക ടീം മുംബൈ ഇന്ത്യന്‍സാണ്. 2013ന് ശേഷം രോഹിത് ശര്‍മ ടീമിന്റെ നായകസ്ഥാനത്തേക്കെത്തിയ ശേഷമാണ് ടീം അഞ്ച് കിരീടവും നേടിയത്. എന്നാല്‍ മുംബൈക്ക് 2013 മുതലുള്ള ഒരു പതിവുണ്ട്. യാദൃശ്ചികമായിട്ടാണെങ്കിലും അല്ലെങ്കിലും 2013 മുതല്‍ ഇതുവരെയുള്ള എല്ലാ സീസണിലെയും ആദ്യ മത്സരം മുംബൈ തോറ്റിട്ടുണ്ട് എന്നതാണ് വസ്തുത.

അവസാന സീസണ്‍വരെ മുംബൈ ഇൗ തോല്‍വി പരമ്പര നിലനിര്‍ത്തിയിരുന്നു. ഇത്തവണയെങ്കിലും മുംബൈ ഈ ചീത്തപ്പേര് മാറ്റുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കിയത്. എന്നാല്‍ ഇത്തവണയും ടീം തോല്‍വിയോടെയാണ് തുടങ്ങിയിരിക്കുന്നത്. ഇത് തുടര്‍ച്ചയായി 10ാം സീസണാണ് മുംബൈ തോല്‍വിയോടെ തുടങ്ങുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനോട് നാല് വിക്കറ്റിനാണ് മുംബൈ തോറ്റത്. മുംബൈ മുന്നോട്ടുവെച്ച 178 റണ്‍സ് വിജയലക്ഷ്യത്തെ 10 പന്തും നാല് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഡല്‍ഹി മറികടന്നത്. മുംബൈയുടെ ഈ തോല്‍വി ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്നില്ല. കാരണം ദൈവത്തിന്റെ പോരാളികള്‍ തോറ്റ് തുടങ്ങുന്നതാണ് അവര്‍ക്കും താല്‍പര്യം.

ഇത്തവണ മുംബൈ ഇന്ത്യന്‍സ് നേരിടുന്ന പ്രധാന പ്രശ്‌നം ആദ്യ മത്സരത്തിലൂടെത്തന്നെ വ്യക്തമായിരിക്കുകയാണ്. അത് മറ്റൊന്നുമല്ല ബൗളിങ് നിരയുടെ ദൗര്‍ബല്യമാണ്. ജസ്പ്രീത് ബുംറ നിരാശപ്പെടുത്തിയാല്‍ രക്ഷകരാവാന്‍ മറ്റാരുമില്ലാത്ത അവസ്ഥ. ട്രന്റ് ബോള്‍ട്ടിനെ മുംബൈ വിട്ടുകളഞ്ഞത് എത്രത്തോളം വലിയ മണ്ടത്തരമാണെന്ന് എടുത്തുകാട്ടുന്ന മത്സരം കൂടിയായിരുന്നു ഡല്‍ഹിക്കെതിരായത്.

ഡെത്ത് ഓവറില്‍ നല്ലൊരു ബൗളറില്ലാത്ത അവസ്ഥ. ബുംറ തീര്‍ത്തും നിറം മങ്ങിയതാണ് ടീമിന് തിരിച്ചടിയായത്. 3.2 ഓവറില്‍ 43 റണ്‍സ് വിട്ടുകൊടുത്ത ബുംറ ഒരു വിക്കറ്റ് പോലും നേടിയില്ല. ഏഴ് ഫോറും ഒരു സിക്‌സുമാണ് ബുംറ വിട്ടുകൊടുത്തത്. ഡാനിയല്‍ സാംസ് തല്ലുകൊള്ളിയാണെന്ന് മുന്‍ കണക്കുകളില്‍ നിന്ന് തന്നെ വ്യക്തം. ഇത് ഇന്നും തെറ്റിയില്ല. നാല് ഓവറില്‍ 57 റണ്‍സാണ് സാംസ് വിട്ടുകൊടുത്തത്. ആറ് ഫോറും മൂന്ന് സിക്‌സുമാണ് സാംസ് വഴങ്ങിയത്.
ബേസില്‍ തമ്പി നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും മുരുഗന്‍ അശ്വിന്‍ നാല് ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും വീഴ്ത്തി തിളങ്ങി. ടൈമല്‍ മില്‍സ് മൂന്ന് ഓവറില്‍ 26 റണ്‍സ് വഴങ്ങി ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്. അടുത്ത മത്സരത്തില്‍ മുംബൈയുടെ ബൗളിങ് നിരയില്‍ മാറ്റം ഉറപ്പാണ്. ഇതേ ബൗളിങ് നിരയുമായി മുന്നോട്ട് പോയാല്‍ മുംബൈക്ക് തിരിച്ചടി ഉറപ്പ്.

ബാറ്റിങ് നിരയിലേക്ക് സൂര്യകുമാര്‍ യാദവ് മടങ്ങിയെത്തുന്നതോടെ ടീമിന്റെ ബാറ്റിങ് കരുത്ത് കൂടുതല്‍ ശക്തമാവും. എന്നാല്‍ ബൗളിങ് നിരയിലെ പിഴവ് നികത്തുക എളുപ്പമല്ല. സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറെ മുംബൈ ടീമിലെത്തിച്ചെങ്കിലും പരിക്കേറ്റ് വിശ്രമത്തിലുള്ള താരം അടുത്ത സീസണില്‍ മാത്രമാവും ടീമിനൊപ്പം ചേരുക. അതുകൊണ്ട് തന്നെ രോഹിത് ശര്‍മ നയിക്കുന്ന മുംബൈക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് ചുരുക്കം.