For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഹാവൂ, അങ്ങനെ മുംബൈ ജയിച്ചു- സൂര്യയിലേറി റോയല്‍സിനെ വീഴ്ത്തി

അഞ്ചു വിക്കറ്റിനാണ് മുംബൈയുടെ വിജയം

1

മുംബൈ: ഐപിഎല്ലിന്റെ തുടര്‍ പരാജയങ്ങള്‍ക്കു ബ്രേക്കിട്ടിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ഒമ്പതാം റൗണ്ടിലാണ് ഭാഗ്യം രോഹിത് ശര്‍മയെയും സംഘത്തെയും തേടിയെത്തിയത്. ഹിറ്റ്മാന്റെ 35ാം പിറന്നാള്‍ ദിനത്തിലാണ് മുംബൈ സീസണിലെ ആദ്യ വിജയം കൊയ്തത് എന്നതു മറ്റൊരു പ്രത്യേകതയാണ്. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെ അഞ്ചു വിക്കറ്റിനാണ് മുംബൈ കീഴടക്കിയത്. തുടര്‍ച്ചയായ എട്ടു തോല്‍വികള്‍ക്കു ശേഷമാണ് മുംബൈ അക്കൗണ്ട് തുറന്നിരിക്കുന്നത്.

159 റണ്‍സെന്ന അത്ര വലിയ വിജയലക്ഷ്യമല്ല മുംബൈയ്ക്കു റോയല്‍സ് നല്‍കിയത്. സൂര്യകുമാര്‍ യാദവിന്റെ (51) തകര്‍പ്പന്‍ ഉിഫ്റ്റി മുംബൈയുടെ വിജയത്തിനു അടിത്തറയിടുകയായിരുന്നു. 39 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറും അദ്ദേഹം നേടി. തിലക് വര്‍ന (35), ഇഷാന്‍ കിഷന്‍ (26) എന്നിവരും വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. പക്ഷെ ബെര്‍ത്ത്‌ഡേ ബോയ് രോഹിത്ത് ബാറ്റിങില്‍ ക്ലിക്കായില്ല. രണ്ടു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം ക്രീസ് വിടുകയായിരുന്നു. കരെണ്‍ പൊള്ളാര്‍ഡ് 10 റണ്‍സിനും പുറത്തായി. ടിം ഡേവിഡും (20*) ഡാനിയേല്‍ സാംസും (6*) ചേര്‍ന്ന് മുംബൈയുടെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.

2

പവര്‍പ്ലേയില്‍ തന്നെ രണ്ടു ഓപ്പണര്‍മാരെയും മുംബൈയ്ക്ക നഷ്ടമായിരുന്നു. സ്വീപ്പ് ഷോട്ടിനു ശ്രമിച്ച രോഹിത്തിനെ ആര്‍ അശ്വിന്റെ ബൗളിങില്‍ ഡാരില്‍ മിച്ചെല്‍ പിടികൂടുകയായിരുന്നു (ഒന്നിന് 23). വളരെ അഗ്രസീവായി ബാറ്റ് വീശിയ ഇഷാനു പക്ഷെ മികച്ച തുടക്കം വലിയ ഇന്നിങ്‌സാക്കി മാറ്റാനായില്ല. 18 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുടമക്കം 26 റണ്‍സെടുത്ത ഇഷാനെ ട്രെന്റ് ബോള്‍ട്ടിന്റെ ബൗളിങില്‍ സഞ്ജു പിടികൂടി. തുടര്‍ന്നായിരുന്നു മല്‍സരവിധി നിര്‍ണയിച്ച കൂട്ടുകെട്ട്. മൂന്നാം വിക്കറ്റില്‍ സൂര്യ-തിലക് സഖ്യം ചേര്‍ന്നെടുത്ത 81 റണ്‍സാണ് മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയത്. ടീം സ്‌കോര്‍ 122ല്‍ വച്ചാണ് ഈ ജോടി വേര്‍പിരിഞ്ഞത്. യുസ്വേന്ദ്ര ചാഹലിന്റെ ബൗളിങില്‍ സൂര്യയെ ബൗണ്ടറി ലൈനിന് അരികില്‍ റിയാന്‍ പരാഗ് പിടികൂടുകയായിരുന്നു.

3

ഇതേ സ്‌കോറില്‍ വച്ച് തൊട്ടടുത്ത ഓവറില്‍ തിലകിനെ പ്രസിദ്ധും മടക്കിയതോടെ മുംബൈ ചെറുതായൊന്നു പതറി. പക്ഷെ അഞ്ചാം വിക്കറ്റില്‍ ഡേവിഡ്- പൊള്ളാര്‍ഡ് സഖ്യം ചേര്‍ന്ന് 33 റണ്‍സിന്റെ കൂട്ടുകെട്ടുമായി മുംബൈയെ വിജയതീരത്ത് അടുപ്പിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ നാലു റണ്‍സ് വേണമെന്നിരിക്കെയാണ് പൊള്ളാര്‍ഡ് ആദ്യ ബോളില്‍ പുറത്തായത്. എന്നാല്‍ പുതുതായി ക്രീസിലെത്തിയ സാംസ് നേരിട്ട ആദ്യ ബോള്‍ തന്നെ സിക്‌സറിലേക്കു പായിച്ച് മുംബൈയ്ക്കു കാത്തിരുന്ന വിജയം സമ്മാനിക്കുകയായിരുന്നു. റോയല്‍സിനായി ബോള്‍ട്ട്, പ്രസിദ്ധ്, അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനു അയക്കപ്പെട്ട റോയല്‍സ് ആറു വിക്കറ്റിനു 158 റണ്‍സെടുക്കുകയായിരുന്നു. സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പുമായി കുതിക്കുന്ന ജോസ് ബട്‌ലറാണ് ഈ കളിയിലും റോയല്‍സിന്റെ അമരക്കാരനായത്. 67 റണ്‍സുമായി അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 52 ബോളില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറും ബട്‌ലറുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. ആര്‍ അശ്വിന്‍ വെറും എട്ടു ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 21 റണ്‍സ് അടിച്ചെടുത്തു.

4

ദേവ്ദത്ത് പടിക്കല്‍ (15), നായകന്‍ സഞ്ജു സാംസണ്‍ (16), ഡാരില്‍ മിച്ചെല്‍ (17), റിയാന്‍ പരാഗ് (3), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (3), ട്രെന്റ് ബോള്‍ട്ട് (1*) എന്നിവരൊന്നും കാര്യമായ സംഭാവന നല്‍കിയില്ല. രണ്ടു വിക്കറ്റെടുത്ത യുവ സ്പിന്നര്‍ റിത്വിക് ഷോക്കീനും പേസര്‍ റിലേ മെറെഡിത്തുമാണ് മുംബൈ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ഇരുവരും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

റോയല്‍സിന്റെ തുടക്കം മോശമായിരുന്നു. പവര്‍പ്ലയില്‍ തന്നെ ദേവ്ദത്തിന്റെ വിക്കറ്റ് റോയല്‍സ് കൈവിട്ടിരുന്നു. ടീം സ്‌കോര്‍ 26ല്‍ നില്‍ക്കെ ദേവ്ദത്തിനെ ഷോക്കീന്റെ ബൗളിങില്‍ കരെണ്‍ പൊള്ളാര്‍ഡ് പിടികൂടി. രണ്ടാം വിക്കറ്റില്‍ ബട്‌ലര്‍- സഞ്ജു ജോടി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. പക്ഷെ സഞ്ജു ഒരിക്കല്‍ക്കൂടി മികച്ച തുടക്കം മുതലാക്കാനാവാതെ പുറത്തായി. ഏഴു ബോളില്‍ രണ്ടു സിക്‌സറടക്കം 17 റണ്‍സെടുത്ത അദ്ദേഹത്തെ കുമാര്‍ കാര്‍ത്തികേയയുടെ ബൗളിങില്‍ ടിം ഡേവിഡ് പിടികൂടുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ മിച്ചെലിനെ കൂട്ടുപിടിച്ച് ബട്‌ലര്‍ 37 റണ്‍സ് നേടി. റോയല്‍സ് ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ടും ഇതായിരുന്നു.

ടോസിനു ശേഷം മുംബൈ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ മുംബൈ രണ്ടു മാറ്റങ്ങള്‍ വരുത്തി. ഡെവാള്‍ഡ് ബ്രെവിസ്, ജയദേവ് ഉനാട്കട്ട് എന്നിവര്‍ക്കു പകരം ടിം ഡേവിഡ്, സ്പിന്നര്‍ കുമാര്‍ കാര്‍ത്തികേയ എന്നിവരെ മുംബൈ കളിപ്പിക്കുകയായിരുന്നു. എന്നാല്‍ റോയല്‍സ് ടീമില്‍ മാറ്റങ്ങളൊന്നുമില്ലായിരുന്നു.

ഈ സീസണില്‍ റോയല്‍സും മുംബൈയും തമ്മിലുള്ള രണ്ടാംപാദ മല്‍സരം കൂടിയായിരുന്നു ഇത്. ഈ മാസം രണ്ടിനായിരുന്നു നേരത്തേ ഇരുടീമും കൊമ്പുകോര്‍ത്തത്. അന്നു 23 റണ്‍സിന്റെ വിജയം റോയല്‍സ് സ്വന്തമാക്കിയിരുന്നു. നേരത്തേ കളിച്ച മല്‍സരങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്കെതിരേയായിരുന്നു റോയല്‍സിന്റെ വിജയം. പരാജയമേറ്റു വാങ്ങിയത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആദ്യപാദം), ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരോടു മാത്രമാണ്. അതേസമയം, മുംബൈയാവട്ടെ നേരത്തേ കളിച്ച മല്‍സരങ്ങളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (രണ്ടു പാദം), ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരോടാണ് പരാജയം സമ്മതിച്ചത്.

പ്ലെയിങ് ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്ലര്‍, ദേവദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, റിയാന്‍ പരാഗ്, ഡാരില്‍ മിച്ചല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, കുല്‍ദീപ് സെന്‍, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍.

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ടിം ഡേവിഡ്, രണ്‍ പൊള്ളാര്‍ഡ്, റിത്വിക് ഷോക്കീന്‍, ഡാനിയല്‍ സാംസ്, റിലേ മെറെഡിത്ത്, ജസ്പ്രീത് ബുംറ, കുമാര്‍ കാര്‍ത്തികേയ.

Story first published: Saturday, April 30, 2022, 23:50 [IST]
Other articles published on Apr 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+