IPL 2022: മുംബൈ ഫാന്‍സ് എങ്ങനെ സഹിക്കും? അനാവശ്യ റെക്കോര്‍ഡുകളുടെ ചാകര!
അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു ഇതുപോലെയൊരു ഐപിഎല്‍ മുമ്പൊരിക്കലുമുണ്ടായിട്ടില്ല. അനാവശ്യ റെക്കോര്‍ഡുകളുടെ ചാകര തന്നെയാണ് രോഹിത് ശര്‍മയും സംഘവും തീര്‍ത്തത്. എട്ടു ടീമുകളുടെ ലീഗില്‍ അവസാന സ്ഥാനത്തു ഫിനിഷ് ചെയ്താണ് മുംബൈ സീസണ്‍ അവസാനിപ്പിച്ചത്.
സീസണിലെ ആദ്യത്തെ എട്ടു മല്‍സരങ്ങളിലും തോറ്റതാണ് മുംബൈയ്ക്കു വിനയായത്. പിന്നീടുള്ള ആറു കളികളില്‍ നാലെണ്ണത്തില്‍ ജയിക്കാന്‍ മുംബൈയ്ക്കായിരുന്നു. അവസാന കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അഞ്ചു വിക്കറ്റിനു തകര്‍ത്ത് മുംബൈ സീസണ്‍ അവസാനിപ്പിക്കുകയായിരുന്നു. ഇത്തവണ മുംബൈയ്ക്കു നേരിടേണ്ടി വന്ന അഭിമാനിക്കാന്‍ വക നല്‍കാത്ത നാഴികക്കല്ലുകള്‍ ഏതൊക്കെയാണെന്നു പരിശോധിക്കാം.

മുംബൈ നായകന്‍ രോഹിത് ശര്‍മയ്ക്കു ഐപിഎല്‍ കരിയറില്‍ ആദ്യമായിട്ടാണ് ഒരു ഫിഫ്റ്റി പോലുമില്ലാതെ സീസണ്‍ അവസാനിപ്പിക്കേണ്ടി വന്നത്. പ്രഥമ സീസണ്‍ മുതല്‍ കഴിഞ്ഞ സീസണ്‍ വരെ എല്ലാ തവണയും ഫിഫ്റ്റി പ്ലസ് സ്‌കോറുള്ള ഏക താരമായിരുന്നു അദ്ദേഹം.
ഇതു മാത്രമല്ല ടൂര്‍ണമെന്റില്‍ ആദ്യമായി രോഹിത്തിന്റെ ബാറ്റിങ് ശരാശരി 20നു താഴേക്കു വീണ സീസണ്‍ കൂടിയാണിത്. 19.14 ആണ് ഇത്തവണ ഹിറ്റ്മാന്റെ ബാറ്റിങ് ശരാശരി.
മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ഏറ്റവും മോശം നെറ്റ് റണ്‍റേറ്റ് കൂടിയാണ് ഈ സീസണില്‍ കുറിച്ചത്. -0.506 ആയിരുന്നു മുംബൈയുടെ ഈ സീസണിലെ നെറ്റ് റണ്‍റേറ്റ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം എട്ടു പോയിന്റുണ്ടായിട്ടും മുംബൈയെ സീസണിലെ അവസാന സ്ഥാനക്കാരാക്കിയതും ഇതു തന്നെയാണ്.

രോഹിത് ശര്‍മയ്ക്കു കീഴില്‍ ആദ്യമായിട്ടാണ് തുടര്‍ച്ചയായി രണ്ടു സീസണുകളില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേഓഫിലെത്താനാവാതെ പുറത്തായത്. കഴിഞ്ഞ സീസണില്‍ നെറ്റ് റണ്‍റേറ്റ് തിരിച്ചടിയായപ്പോള്‍ മുംബൈ അഞ്ചാംസ്ഥാനത്തേക്കു വീഴുകയായിരുന്നു.
പരാജയപ്പെട്ട ഒരു മല്‍സരത്തില്‍ ആദ്യമായി ഇത്തവണ മുംബൈ ഇന്ത്യന്‍സിന്റെ ഒരു താരം പ്ലെയര്‍ ഓഫ് ദി മാച്ചായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ലീഗ് ഘട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യമായി 100ന് മുകളില്‍ സിക്‌സറുകള്‍ വഴങ്ങിയ സീസണെന്ന പ്രത്യേകതയും ഈ സീസണിനുണ്ട്.
ലേലത്തില്‍ ആദ്യമായി 10 കോടിക്കു മുകളില്‍ ചെലവഴിച്ച് മുംബൈ ഒരുതാരത്തെ വാങ്ങിയ സീസണ്‍ കൂടിയാണിത്. മെഗാ ലേലത്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെയായിരുന്നു 15.25 കോടിക്കു മുംബൈ സ്വന്തമാക്കിയത്.

ചരിത്രത്തിലാദ്യമായി ഐപിഎല്ലിലെ ഒരു മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ബൗണ്ടറി പ്രതിരോധിക്കാനാവാതെ പരാജയത്തിലേക്കു വീണ സീസണാണിത്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള പോരാട്ടത്തിലായിരുന്നു അവസാന ബോളില്‍ ബൗണ്ടറി വിട്ടുകൊടുത്ത് മുംബൈ ജയം കൈവിട്ടത്.
ടൂര്‍ണമെന്റില്‍ ആദ്യമായി മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായി അഞ്ചിനു മുകളില്‍ മല്‍സരങ്ങളില്‍ പരാജയപ്പെട്ട സീസണ്‍ ഇതു തന്നെ. തുടരെ എട്ടു കളികളിലാണ് മുംബൈ തോല്‍വി രുചിച്ചത്.

പ്ലെയിങ് ഇലവനില്‍ നാലു വിദേശ താരങ്ങളെ വരെ ഉള്‍ക്കൊള്ളിക്കാമെങ്കിലും മുംബൈ ഇത്തവണ രണ്ടു പേരെ മാത്രം ഉള്‍പ്പെടുത്തി കളിക്കാനിറങ്ങിയിരുന്നു. മുമ്പൊരു സീസണിലും മുംബൈ ഇങ്ങനെയൊരു റിസ്‌കെടുത്തിട്ടില്ല.
ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് 14 മല്‍സരങ്ങളിലായി പരീക്ഷിച്ചത് 22 കളിക്കാരെയാണ്. ഇത്രയും കളിക്കാരെ മുംബൈ മറ്റൊരു സീസണിലും കളിപ്പിച്ചിട്ടില്ല.
വിജയകരമായ റണ്‍ചേസില്‍ അവസാനത്തെ ഓവറില്‍ മുംബൈ ഇന്ത്യന്‍സ് 15ന് മുകളില്‍ റണ്‍സ് വഴങ്ങിയതും ഈ സീസണിന്റെ പ്രത്യേകതയാണ്.

പോയിന്റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് അവസാന സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടതും ഇതാദ്യമായിട്ടാണ്.
ഒരു സീസണില്‍ 10 മല്‍സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടതും ഇതാദ്യമായിട്ടാണെന്നു കാണാം.
ടൂര്‍ണമെന്റില്‍ ആദ്യമായി ഒരോവറില്‍ 30 റണ്‍സ് മുംബൈ ഇത്തവണ വഴങ്ങിയിരുന്നു.
കൂടാതെ ആദ്യമായി ഒരോവറില്‍ തുടര്‍ച്ചയായ നാലു സിക്‌സറുകള്‍ വഴങ്ങിയും മുംബൈ ഇന്ത്യസ് നാണക്കേട് ഏറ്റുവാങ്ങി.
ഒരു സീസണില്‍ മുംബൈ ഇന്ത്യന്‍സ് ഒന്നില്‍ക്കൂടുതല്‍ സെഞ്ച്വറികള്‍ വഴങ്ങിയ ആദ്യത്തെ സീസണ്‍ ആണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications