IPL 2022: ധോണിയും റിഷഭുമുണ്ട്, കോലിയും രോഹിത്തുമില്ല!- ഫേവറിറ്റ് താരങ്ങളെ തിരഞ്ഞെടുത്ത് പ്രീതി

ഐപിഎല്ലിന്റെ 15ാം സീസണ്‍ പടിവാതില്‍ക്കെ എത്തിനില്‍ക്കുകയാണ്. പുതിയ സീസണിനു ശനിയാഴ്ചയാണ് തുടക്കമവുന്നത്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുന്‍ വിജയികളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമാണ് ഉദ്ഘാടന മല്‍സരത്തില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഇത്തവണത്തെ കന്നിയങ്കം. കഴിഞ്ഞ സീസണ്‍ വരെ എട്ടു ഫ്രാഞ്ചൈസികളാണ് ടൂര്‍ണമെന്റിലുണ്ടായിരുന്നതെങ്കില്‍ ഇത്തവണ ഇതു പത്തായി ഉയര്‍ന്നിട്ടുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് ലീഗിലെ പുതിയ അംഗങ്ങള്‍. ഓരോ ഫ്രാഞ്ചൈസിയിലെയും തന്റെ ഫേവറിറ്റ് താരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് പ്രശസ്തയായ സ്‌പോര്‍ട്‌സ് ആംഗറും കമന്റേറ്ററുമായ പ്രീതി ഉപാല. ട്വിറ്ററിലൂടെയാണ് ഇവര്‍ ഈ ലിസ്റ്റ് പങ്കുവച്ചത്.

ചില സൂപ്പര്‍ താരങ്ങള്‍ പ്രീതി ഉപാലയുടെ ഫേവറിറ്റുകളില്‍ ലിസ്റ്റില്‍ ഇല്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി എന്നിവരാണ് പ്രീതിയുടെ ലിസ്റ്റില്‍ ഇല്ലാത്ത വമ്പന്‍ താരങ്ങള്‍.
അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സില്‍ നിന്നും തന്റെ ഫേവറിറ്റ് താരമായി പ്രീതി തിരഞ്ഞെടുത്തത് ഇന്ത്യയുടെ മിസ്റ്റര്‍ 360യെന്നറിയപ്പെടുന്ന സൂര്യകമാര്‍ യാദവാണ്. കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് അദ്ദേഹം കടന്നുപോവുന്നത്. മെഗാ ലേലത്തിനു മുമ്പ് മുംബൈ നിലനിര്‍ത്തിയ നാലു താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു സൂര്യ.

നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും എല്ലാവരും പ്രതീക്ഷിച്ചതുപോലെ തന്നെ പ്രീതി ഉപാലയുടെ ഫേവറിറ്റ് താരം ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. സിഎസ്‌കെയുടെ നട്ടെല്ലെന്നു വിശേഷിപ്പിക്കപ്പടുന്ന ക്യാപ്റ്റന്‍ കൂള്‍ വീണ്ടുമൊരു സീസണ്‍ കൂടി സിഎസ്‌കെയെ നയിക്കാനൊരുങ്ങുകയാണ്. ഇതിനകം നാലു കിരീടങ്ങള്‍ ധോണിക്കു കീഴില്‍ സിഎസ്‌കെ നേടിക്കഴിഞ്ഞു. ഇത്തവണ ചാംപ്യന്‍മാരാവാന്‍ സാധിച്ചാല്‍ അഞ്ചു ട്രോഫികളെന്ന മുംബൈയുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം സിഎസ്‌കെയെത്തും.

ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ പ്രീതി ഉപാലയുടെ പ്രിയപ്പെട്ട താരം ക്യാപ്റ്റനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണ്. തുടര്‍ച്ചയായി രണ്ടാം സീസണിലാണ് അദ്ദേഹം ഡിസിയെ നയിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ സീസണില്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഡിസിയുടെ നായകസ്ഥാനത്തേക്കു വന്ന താരമാണ് റിഷഭ്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു പരിക്കു കാരണം പിന്‍മാറേണ്ടി വന്നതോടെയാണ് റിഷഭിനെ താല്‍ക്കാലിക നായകനാക്കിയത്. എന്നാല്‍ ശ്രേയസ് തിരിച്ചുവന്ന ശേഷവും അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്തുതന്നെ നിലനിര്‍ത്താന്‍ ഡിസി തീരുമാനിക്കുകയായിരുന്നു.

രാജസ്ഥാന്‍ റോയല്‍സില്‍ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണല്ല പ്രീതി ഉപാലയുടെ ഫേവറിറ്റ്. പകരം പുതുതായി ടീമിലേക്കു വന്ന ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ്. കഴിഞ്ഞ സീസണ്‍ വരെ അദ്ദേഹം ഡല്‍ഹി ക്യാപ്പിറ്റല്‍സനൊപ്പമായിരുന്നു. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട അശ്വിനെ മെഗാ ലേലത്തില്‍ റോയല്‍സ് വാങ്ങുകയായിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പുതിയ സീസണില്‍ നയിക്കുന്നത് പുതുതായെത്തിയ ശ്രേയസ് അയ്യരാണെങ്കിലും പ്രീതിക്ക് പ്രിയപ്പെട്ട താരം വിന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നാണ്. ദീര്‍ഘകാലമായി അദ്ദേഹം കെകെആറിനൊപ്പമുണ്ട്. മെഗാ ലേലത്തിനു മുമ്പ് നരെയെ കെകെആര്‍ നിലനിര്‍ത്തുകയായിരുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ ഫേവറിറ്റ് താരമായി പ്രീതി ഉപാല തിരഞ്ഞെടുത്തത് പുതുതായെത്തിയ ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെയാണ്. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായിരുന്ന അദ്ദേഹം പവര്‍പ്ലേ ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കാതെ ബൗള്‍ ചെയ്യാന്‍ മിടുക്കനാണ്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ വിരാട് കോലിക്കു പകരം പുതുതായി വന്ന സൗത്താഫ്രിക്കന്‍ സൂപ്പര്‍ താരം ഫഫ് ഡുപ്ലെസിയെയാണ് പ്രീതി ഫേവറിറ്റായി ചൂണ്ടിക്കാട്ടിയത്. നായകസ്ഥാനമൊഴിഞ്ഞ കോലിക്കു പകരം ആര്‍സിബിയെ ഇത്തവണ നയിക്കുന്നതും ഡുപ്ലെസി തന്നെയാണ്. ദീര്‍ഘകാലം സിഎസ്‌കെയ്ക്കു വേണ്ടി കളിച്ച ശേഷമാണ് അദ്ദേഹം ആര്‍സിബിയിലേക്കു ചേക്കേറിയിരിക്കുന്നത്.

പുതിയ രണ്ടു ഫ്രാഞ്ചൈസികളായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവയില്‍ രണ്ടു യുവ സ്പിന്നര്‍മാരാണ് പ്രീതി ഉപാലയുടെ ഫേവറിറ്റുകള്‍. കെഎല്‍ രാഹുല്‍ ക്യാപ്റ്റനായ ലഖ്‌നൗ ടീമില്‍ അവരുടെ പ്രിയപ്പെട്ട കളിക്കാരന്‍
ഇന്ത്യയുടെ യുവ സ്പിന്നറായിട്ടുള്ള രവി ബിഷ്‌നോയിയാണ്. ലേലത്തിനു മുമ്പ് തന്നെ ബിഷ്‌നോയിയെ ലഖ്‌നൗ വാങ്ങിയിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലും പഞ്ചാബ് കിങ്‌സിന്റെ താരമായിരുന്ന അദ്ദേഹം അടുത്തിടെ ഇന്ത്യക്കു വേണ്ടി അരങ്ങേറുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായ ടൈറ്റന്‍സില്‍ പ്രീതിയുടെ ഫേവറിറ്റ് അഫ്ഗിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനാണ്. ലേലത്തിനു മുമ്പ് തന്നെ ലഖ്‌നൗ ഫ്രാഞ്ചൈസി വാങ്ങിയ മൂന്നു കളിക്കാരില്‍ ഒരാളാണ് അദ്ദേഹം.

പഞ്ചാബ് കിങ്‌സില്‍ പ്രീതിക്ക് ഇഷ്ടപ്പെട്ട താരം സൗത്താഫ്രിക്കന്‍ യുവ പേസര്‍ കാഗിസോ റബാഡയാണ്. കഴിഞ്ഞ സീസണുകളില്‍ അദ്ദേഹം ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു. പക്ഷെ സീസണിനു ശേഷം ഒഴിവാക്കപ്പെട് റബാഡയെ ലേലത്തില്‍ പഞ്ചാബ് വാങ്ങുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications