IPL 2022: ധോണിയുടെ ' മാസ്റ്റര്‍ പ്ലാന്‍', കൃത്യമായി കുരുങ്ങി കോലി, തലയുടെ തന്ത്രം വൈറല്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടമാണ് ആര്‍സിബിയും സിഎസ്‌കെയും തമ്മില്‍ നടന്നത്. തുല്യ ശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍ ആര്‍സിബിയെ 23 റണ്‍സിന് സിഎസ്‌കെ തോല്‍പ്പിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബിക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനെ സാധിച്ചുള്ളു. തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷമാണ് സിഎസ്‌കെ ഒരു ജയം നേടിയത്.
ഇത്തവണ രവീന്ദ്ര ജഡേജയാണ് സിഎസ്‌കെ നായകനെങ്കിലും എംഎസ് ധോണിയെന്ന വന്മരത്തിന്റെ തണലില്‍ത്തന്നെയാണ് ടീം ഉള്ളത്. മത്സരത്തില്‍ ആര്‍സിബിയുടെ ടോപ് ഓഡറിലെ വമ്പന്മാരെ വലിയ സ്‌കോര്‍ നേടാതെ തടുത്തിടാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചതാണ് എടുത്തു പറയേണ്ടത്. ഇതില്‍ ഫഫ് ഡുപ്ലെസിസ് (8), വിരാട് കോലി (1) എന്നിവരുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് എടുത്തു പറയേണ്ടത്.

മത്സരത്തില്‍ സൂപ്പര്‍ താരം വിരാട് കോലിയുടെ വിക്കറ്റ് സിഎസ്‌കെ നേടിയെടുത്തത് വളരെ ബുദ്ധിപരമായ നീക്കമായിരുന്നു. എംഎസ് ധോണിയൊരുക്കിയ തന്ത്രത്തിലേക്ക് കോലി കൃത്യമായി ചെന്ന് വീഴുകയായിരുന്നു. കോലി ക്രീസിലെത്തുന്നതിന് മുമ്പ് വരെ ഡീപ് സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡറുണ്ടായിരുന്നില്ല. എന്നാല്‍ കോലി ക്രീസിലെത്തിയതിന് പിന്നാലെ ധോണി ശിവം ദുബെയെ ധോണി ഡീപ് സ്‌ക്വയര്‍ ലഗ്ഗില്‍ വിന്യസിച്ചു. ഇത് കൃത്യമായ ഫീല്‍ഡ് പ്ലേയ്‌സ്‌മെന്റായിരുന്നു. മുകേഷ് ചൗധരിക്കെതിരേ കോലിയുടെ ഷോട്ട് കൃത്യം ദുബെയുടെ കൈയില്‍.
കോലിയെ നന്നായി അറിയാവുന്ന ധോണി താരത്തിന്റെ ദൗര്‍ബല്യം മനസിലാക്കി ഫീല്‍ഡ് സെറ്റ് ചെയ്തപ്പോള്‍ കോലിക്കത് മനസിലാക്കാനായില്ല. കൃത്യമായി ഡീപ് സ്‌ക്വയര്‍ ലഗ്ഗിലേക്ക് തന്നെ പന്തടിച്ചു. കോലിയുടെ വിക്കറ്റ് സിഎസ്‌കെയ്ക്കും ആര്‍സിബിക്കും വളരെ നിര്‍ണ്ണായകമായിരുന്നു. കോലി നിലയുറപ്പിച്ചാല്‍ ഈ വിജയലക്ഷ്യം ചിലപ്പോള്‍ ആര്‍സിബി അനായാസമായി മറികടന്നേനെ. ഇത് നന്നായി അറിയാവുന്ന ധോണി വ്യക്തമായ പദ്ധതികളോടെ തന്നെ ഇറങ്ങി കോലിക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയായിരുന്നു.

കോലിയെ പുറത്താക്കാന്‍ ധോണി ഫീല്‍ഡൊരുക്കുന്നതില്‍ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ജഡേജ ക്യാപ്റ്റനാണെങ്കിലും ഇപ്പോഴും മത്സരം നിയന്ത്രിക്കുന്നത് ധോണി തന്നെയാണ്. അതുകൊണ്ട് തന്നെ ധോണിയുടെ മാസ്റ്റര്‍പ്ലാന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. തലയുടെ ക്യാപ്റ്റന്‍സി മികവിനെ ആരാധകര്‍ വാഴ്ത്തുകയാണ്. മത്സരത്തിന്റെ നിര്‍ണ്ണായക സമയത്തെല്ലാം ധോണി തീരുമാനങ്ങളെടുക്കാന്‍ മുന്നോട്ട് എത്തിയിരുന്നു.
നേരത്തെ ജഡേജയെ നായകനാക്കിയ ശേഷവും ധോണി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെ കുറ്റപ്പെടുത്തി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ജഡേജയെ ധോണി സ്വന്തമായി തീരുമാനം എടുക്കാന്‍ വിടുന്നില്ലെന്നും സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നുമെല്ലാം ആരാധകര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ടീം വിജയവഴിയില്‍ തിരിച്ചെത്തിയതോടെ ധോണിയുടെ ബ്രില്യണ്‍സിനെ വാഴ്ത്തുകയാണ് ആരാധകര്‍. ധോണിയുടെ തീരുമാനങ്ങളാണ് ഇന്നലെ പല സമയത്തും ടീമിനെ തുണച്ചത്.

മുന്‍ സിഎസ്‌കെ താരവും നിലവിലെ ആര്‍സിബിയുടെ നായകനുമായ ഫഫ് ഡുപ്ലെസിസിനെ തുടക്കത്തിലെ പുറത്താക്കാന്‍ സാധിച്ചതും മത്സരത്തില്‍ സിഎസ്‌കെയ്ക്ക് കരുത്തായി. 9 പന്തില്‍ 8 റണ്‍സ് മാത്രമാണ് ഡുപ്ലെസിസിന് നേടാനായത്. ഇതിനെതിരേ വ്യാപകമായ ട്രോളുകളും എത്തുന്നുണ്ട്. ഇപ്പോഴും സിഎസ്‌കെയോട് ഡുപ്ലെസിസിന് കടപ്പാടുണ്ടെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്.
ആര്‍സിബിയുടെ മധ്യനിരയില്‍ ഷഹബാസ് അഹ്‌മദ് (41), സുയാഷ് പ്രഭുദേശായി (34), ദിനേഷ് കാര്‍ത്തിക് (34) എന്നിവരെല്ലാം ഗംഭീര പ്രകടനം കാഴ്ചവെച്ചെങ്കിലും ടോപ് ഓഡറിന്റെ പിന്തുണ ലഭിക്കാതെ പോയത് ടീമിന്റെ വിജയ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. തുടര്‍ തോല്‍വികള്‍ക്ക് ശേഷം സിഎസ്‌കെ വിജയവഴിയിലേക്ക് തിരിച്ചെത്തിയത് വരുന്ന മത്സരങ്ങളില്‍ ടീമിന് വലിയ കരുത്താവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications