IPL 2022: ഇവര്‍ നന്ദികേട് കാട്ടിയില്ല, വാങ്ങിയ പണത്തിനോട് കൂറുകാട്ടി, അഞ്ച് താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രം പരിശോധിച്ചാല്‍ വലിയ പ്രതിഫലം വാങ്ങിയ പല താരങ്ങളും നിരാശപ്പെടുത്തിയതായാണ് കാണാന്‍ സാധിക്കുന്നത്. കോടികള്‍ മുടക്കി ടീമിലെത്തിച്ചിട്ടും പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഇവരില്‍ പലര്‍ക്കും സാധിച്ചിരുന്നില്ല. കൃത്യവും വ്യക്തവുമായി പറഞ്ഞാല്‍ വാങ്ങിയ കാശിനോട് കൂറുകാണിക്കാന്‍ സാധിച്ചിട്ടില്ല.
യുവരാജ് സിങ്, ക്രിസ് മോറിസ്, പാറ്റ് കമ്മിന്‍സ്, കെയ്ല്‍ ജാമിസന്‍ എന്നിവരെല്ലാം ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവരാണ്. 15 കോടിയില്‍ മുകളില്‍ പ്രതിഫലം നേടിയിട്ടും ഇവര്‍ക്കൊന്നും ടീമിനായി മികച്ച പ്രകടനം നടത്താനായിട്ടില്ല. എന്നാല്‍ ടൂര്‍ണമെന്റിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ വമ്പന്‍ പ്രതിഫലം വാങ്ങിയ എല്ലാ താരങ്ങളും നിരാശപ്പെടുത്തിയിട്ടില്ല. വാങ്ങിയ പണത്തിനോട് കുറുകാട്ടാന്‍ ചിലര്‍ക്കെങ്കിലും സാധിച്ചിട്ടുണ്ട്. അത്തരത്തിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

എംഎസ് ധോണി
ഐപിഎല്‍ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച സൈനിങ്ങുകളിലൊന്നാണ് എംഎസ് ധോണിയുടേത്. പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ ഭാഗമായിരുന്നു ധോണി. 2008ലെ സീസണിന് മുന്നോടിയായി 9.5 കോടിക്കാണ് ധോണിയെ സിഎസ്‌കെ വാങ്ങിയത്. ഐപിഎല്ലിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ധോണി. സിഎസ്‌കെയെ നാല് തവണ കിരീടം ചൂടിച്ച ധോണി വിരമിച്ചാലും ടൂര്‍ണമെന്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിത്തന്നെ എന്നുമുണ്ടാവും. 220 മത്സരങ്ങളില്‍ നിന്ന് 4746 റണ്‍സാണ് ധോണിയുടെ പേരിലുള്ളത്. 135.83 സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന ധോണി വിക്കറ്റ് കീപ്പറെന്ന നിലയില്‍ 161 പുറത്താക്കലും നടത്തിയിട്ടുണ്ട്. 59.60 ആണ് നായകനെന്ന നിലയിലെ അദ്ദേഹത്തിന്റെ വിജയ ശരാശരി. ഈ സീസണോടെ ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായും വിരമിച്ചേക്കും.

ഗൗതം ഗംഭീര്‍
ഗൗതം ഗംഭീര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന താരമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗൗതം ഗംഭീറിനെ സ്വന്തമാക്കിയത് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നാണ്. 2012, 2014 സീസണുകളില്‍ ടീമിനെ കിരീടം ചൂടിക്കാന്‍ ഗംഭീറിനായിരുന്നു. 14.9 കോടിക്ക് ഡല്‍ഹിയില്‍ നിന്ന് ഗംഭീറിനെ റാഞ്ചിയ കെകെആറിന്റെ തീരുമാനം പിഴച്ചില്ല. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ മികച്ച നായകന്മാരിലും ഓപ്പണര്‍മാരിലുമൊരാളാണ് ഗൗതം ഗംഭീര്‍. കെകെആറിനെ തുടര്‍ച്ചയായി 10 മത്സരങ്ങളില്‍ ജയിപ്പിച്ച് റെക്കോഡിടാനും ഗംഭീറിന് സാധിച്ചിരുന്നു. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉപദേഷ്ടാവാണ് ഗംഭീര്‍.

കറെന്‍ പൊള്ളാര്‍ഡ്
വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കറെന്‍ പൊള്ളാര്‍ഡും വാങ്ങിയ പ്രതിഫലത്തിനൊത്ത പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ്. മുംബൈ ഇന്ത്യന്‍സ് 4.8 കോടിക്കാണ് പൊള്ളാര്‍ഡിനെ ടീമിലെത്തിച്ചത്. ടീമിന്റെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നായിരുന്നു ഇത്. 2010 മുതല്‍ മുംബൈ നിരയിലെ നിറ സാന്നിധ്യമാണ് പൊള്ളാര്‍ഡ്. ടീമിന്റെ വൈസ് ക്യാപ്റ്റനാകാനും പൊള്ളാര്‍ഡിന് സാധിച്ചിരുന്നു. ഫിനിഷര്‍ റോളില്‍ മുംബൈ ഇപ്പോഴും കൂടുതല്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത് പൊള്ളാര്‍ഡിലാണ്. ഇത്തവണും ടീമിലെ സുപ്രധാന താരമാണ് പൊള്ളാര്‍ഡ്.

രവീന്ദ്ര ജഡേജ
ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഈ നേട്ടത്തിന് അര്‍ഹനാണ്. തനിക്ക് ലഭിച്ച പ്രതിഫലത്തിനോട് നൂറു ശതമാനം നീതിപുലര്‍ത്താന്‍ ജഡേജക്ക് സാധിച്ചിട്ടുണ്ട്. പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ജഡേജ 2012ലാണ് സിഎസ്‌കെയിലേക്കെത്തിയത്. 12.08 കോടിയാണ് അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ മികവ് കാട്ടാന്‍ ജഡേജക്ക് സാധിച്ചിട്ടുണ്ട്. ഇത്തവണ സിഎസ്‌കെ ഏറ്റവും പ്രതിഫലം നല്‍കി നിലനിര്‍ത്തിയത് ജഡേജയെയാണ്. ടീമിന്റെ ഭാവിനായകനായി പരിഗണിക്കപ്പെടുന്നത് ജഡേജയാണ്.

ബെന്‍ സ്റ്റോക്‌സ്
ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സും വാങ്ങിയ പ്രതിഫലത്തോട് പരമാവധി കൂറു പുലര്‍ത്തുന്ന താരമാണ്. 2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ് 14.5 കോടിക്കാണ് സ്‌റ്റോക്‌സിനെ സ്വന്തമാക്കിയത്. 2017ല്‍ രാജസ്ഥാന്‍ റോയല്‍സിലേക്ക് സ്റ്റ്‌കോസ് എത്തിയത് 12.5 കോടിക്കാണ്. രാജസ്ഥാനായി 31 മത്സരത്തില്‍ നിന്ന് 604 റണ്‍സും 16 വിക്കറ്റും സ്‌റ്റോക്‌സ് നേടി. ആധുനിക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ സ്‌റ്റോക്‌സ് ഇത്തവണത്തെ ഐപിഎല്ലില്‍ പങ്കെടുക്കുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications