IPL 2022: 20ാം ഓവറില്‍ കൂടുതല്‍ റണ്‍സ്, രോഹിത്തിനെ കടത്തിവെട്ടി ഹര്‍ദിക്, തലപ്പത്ത് ധോണി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ മിന്നും ഫോമിലുള്ള ഹര്‍ദിക് പാണ്ഡ്യ ആര്‍സിബിക്കെതിരേ ഗംഭീര അര്‍ധ സെഞ്ച്വറിയാണ് നേടിയത്. ടീമിലെ മറ്റുള്ളവരെല്ലാം പ്രതീക്ഷക്കൊത്ത് ഉയരാത്ത സാഹചര്യത്തില്‍ 47 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 62 റണ്‍സുമായി ഹര്‍ദിക് പുറത്താവാതെ നിന്നു. ഗുജറാത്ത് ടൈറ്റന്‍സ് നായകനായി കസറുന്ന ഹര്‍ദിക് ഇപ്പോഴിതാ തന്റെ മുന്‍ നായകനും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയെ കടത്തിവെട്ടിയിരിക്കുകയാണ്.
20ാം ഓവറില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോഡിലാണ് രോഹിത്തിനെ ഹര്‍ദിക് മറികടന്നത്. രോഹിത് 20ാം ഓവറില്‍ 248 റണ്‍സാണ് ഇതുവരെ നേടിയത്. എന്നാല്‍ ഹര്‍ദിക്കിന്റെ പേരില്‍ നിലവില്‍ 255 റണ്‍സാണുള്ളത്. രോഹിത് ഓപ്പണര്‍ ബാറ്റ്‌സ്മാനും ഹര്‍ദിക് മധ്യനിര ബാറ്റ്‌സ്മാനുമാണ്. ഇത്തവണ നായകനെന്ന നിലയില്‍ അവസാനം വരെ ക്രീസില്‍ തുടരാന്‍ ഹര്‍ദിക് പരമാവധി ശ്രമിക്കാറുണ്ട്. ഈ 20ാം ഓവര്‍ റെക്കോഡ് പട്ടികയില്‍ ഹര്‍ദിക് നാലാം സ്ഥാനത്തും രോഹിത് അഞ്ചാം സ്ഥാനത്തുമാണ്.

സിഎസ്‌കെ നായകനും ഇതിഹാസവുമായ എംഎസ് ധോണിയാണ് തലപ്പത്ത്. 655 റണ്‍സാണ് ധോണിയുടെ പേരിലുള്ളത്. ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന ധോണി ഇത്തവണയും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്തായാലും നിലവില്‍ ധോണിയാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ളത് മുംബൈയുടെ ഫിനിഷര്‍ കറെന്‍ പൊള്ളാര്‍ഡാണ്. ഓള്‍റൗണ്ടറായ അദ്ദേഹം 405 റണ്‍സാണ് 20ാം ഓവറില്‍ നേടിയത്. എന്നാല്‍ ഇത്തവണ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനാവാത്ത പൊള്ളാര്‍ഡ് പ്ലേയിങ് 11ല്‍ നിന്നടക്കം പുറത്താണ്.

മൂന്നാം സ്ഥാനത്ത് രവീന്ദ്ര ജഡേജയാണ്. സിഎസ്‌കെ ഓള്‍റൗണ്ടര്‍ 308 റണ്‍സാണ് 20ാം ഓവറില്‍ നേടിയത്. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജ അവസാന ഓവറുകളില്‍ മിന്നല്‍ ബാറ്റിങ്ങാണ് ടീമിനായി കാഴ്ചവെച്ചിട്ടുള്ളത്. ഇത്തവണ സിഎസ്‌കെയുടെ നായകനായി ജഡേജയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ മോശം പ്രകടനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നായകസ്ഥാനം ധോണിക്ക് കൈമാറേണ്ടി വന്നു. പരിക്കേറ്റ ജഡേജ സീസണില്‍ നിന്ന് പുറത്തായിരിക്കുകയാണ്.

ഹര്‍ദിക് പാണ്ഡ്യ ഏറെ നാളുകളായി പരിക്കിന്റെ പിടിയിലായിരുന്നു. തുടര്‍ച്ചയായി പരിക്കേറ്റ അദ്ദേഹത്തിന് പന്തെറിയാനും സാധിച്ചിരുന്നില്ല. എന്നാല്‍ ശക്തമായ തിരിച്ചുവരവാണ് ഇപ്പോള്‍ ഹര്‍ദിക് നടത്തിയിരിക്കുന്നത്. ബാറ്റുകൊണ്ട് തിളങ്ങുന്നതോടൊപ്പം പന്തുകൊണ്ടും മികവ് കാട്ടിയതോടെ പഴയ മികവിലേക്ക് ഹര്‍ദിക് മടങ്ങിയെത്തിയിരിക്കുകയാണെന്ന് പറയാം. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഹര്‍ദിക് ഇന്ത്യയെ നയിക്കാനുള്ള സാധ്യതയും ഏറെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications