
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി രോഹിത് ശര്‍മ പരീക്ഷിക്കപ്പെടുന്ന വര്‍ഷമായിരിക്കും ഇത്. കാരണം മുന്‍ വര്‍ഷങ്ങളിലേതു പോലെ അത്ര ശക്തമായ മധ്യനിരയല്ല മുംബൈയ്ക്കു ഇത്തവണയുള്ളത്. കൂടാതെ ബൗളിങിലേക്കു വന്നാല്‍ അവിടെയും ദുര്‍ബലമാണെന്നു കാണാം. കാരണം എട്ടു ടീമുകൡ നിന്നും ഇത്തവണ 10 ടീമുകളിലെത്തിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സ് പ്രബല ശക്തിയായിരുന്നു. പക്ഷെ ഇപ്പോള്‍ ലഭ്യമായ സ്‌റ്റോക്കുകള്‍ വച്ച് അവര്‍ പരീക്ഷിക്കപ്പെടാന്‍ പോവുകയാണെന്നും ബ്രാഡ് ഹോഗ് തന്റെ യൂട്യൂബ് ചാനലില്‍ വിലയിരുത്തി.

മെഗാ ലേലത്തിനു മുമ്പ് നാലു കളിക്കാരെയായിരുന്നു മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കൂടാതെ സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ എന്നിവരായിരുന്നു നിലനിര്‍ത്തിയ മറ്റു കളിക്കാര്‍. ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ക്വിന്റണ്‍ ഡികോക്ക്, രാഹുല്‍ ചാഹര്‍, ട്രെന്റ് ബോള്‍ട്ട് തുടങ്ങിയവരെയെല്ലാം മുംബൈയ്ക്കു കൈവിടേണ്ടിവന്നു.

മെഗാലേലത്തില്‍ പലരെയും മുംബൈ തിരികെ കൊണ്ടുവരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ലേലത്തിന മുമ്പ് തന്നെ ഹാര്‍ദിക്കിനെ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സ് 'പൊക്കി'. മെഗാ ലേലത്തില്‍ ഇഷാനെ മാത്രമേ മുംബൈയ്ക്കു തിരികെ വാങ്ങാനായുള്ളൂ. ഇതിനായി 15.25 കോടി ചെലവാകുകയും ചെയ്തു. ലേലത്തിലെ ഏറ്റവും വില കൂടിയ താരവും അദ്ദേഹമായിരുന്നു. ഡികോക്കിനെയും ക്രുനാലിനെയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ബോള്‍ട്ടിനെ രാജസ്ഥാന്‍ റോയല്‍സും ലേലത്തില്‍ കൈക്കലാക്കുകയായിരുന്നു. ചാഹര്‍ പഞ്ചാബ് കിങ്‌സിലേക്കാണ് ചേക്കേറിയത്.

ഞായറാഴ്ചയാണ് ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മല്‍സരം. വൈകീട്ട് 3.30നു നടക്കുന്ന കളിയില്‍ റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് മുംബൈയുടെ എതിരാളികള്‍. സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് മുംബൈയ്ക്കായി ഈ മല്‍സരത്തില്‍ കളിക്കില്ല. പരിക്കേറ്റ് വിശ്രമിക്കുകയായിരുന്ന അദ്ദേഹം എന്‍സിഎയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു. മുംബൈ ടീമനൊപ്പം സൂര്യ ചേര്‍ന്നിട്ടുണ്ടെങ്കിലും ആദ്യ മല്‍സരത്തില്‍ കളിക്കില്ല. രണ്ടാമത്തെ മല്‍സരത്തിലായിരിക്കും താരം പ്ലെയിങ് ഇലവനിലെത്തുകയെന്നാണ് വിവരം.

അതേസമയം, നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനെക്കുറിച്ചും ബ്രാഡ് ഹോഗ് ചില നിരീക്ഷണങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ഓപ്പണിങ് പങ്കാളിയായ സൗത്താഫ്രിക്കയുടെ ഫഫ് ഡുപ്ലെസിയില്ലാത്തതിനാല്‍ റുതുരാാജ് ഗെയ്ക്വാദ് സമ്മര്‍ദ്ദത്തിലായിരിക്കുമെന്നു ഹോഗ് ചൂണ്ടിക്കാട്ടി. മെഗാ ലേലത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്കു ചേക്കേറിയ ഡുപ്ലെസി ഇത്തവണ ടീമിന്റെ നായകനും കൂടിയാണ്.

പവര്‍പ്ലേയില്‍ മറുവശത്ത് സഹായിക്കാന്‍ ഫഫ് ഡുപ്ലെസിയില്ലെന്നത് യുവതാരമായ റുതുരാജ് ഗെയ്ക്വാദിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. റുതുരാജ് ഇപ്പോള്‍ അനുഭവസമ്പത്ത് നേടിയിട്ടുണ്ട്. പക്ഷെ കഴിഞ്ഞ വര്‍ഷം ഡുപ്ലെസിയില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ ഉപയോഗിച്ച് അദ്ദേഹത്തിനു സിഎസ്‌കെ ബാറ്റിങ് ലൈനപ്പിനെ മുന്നില്‍ നിന്നു നയിക്കാന്‍ സാധിക്കുമോയെന്നതാണ് ചോദ്യമെന്നും ബ്രാഡ് ഹോഗ് കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications