Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ലാസ്റ്റ് ഓവര്‍ ത്രില്ലര്‍, മുംബൈയുടെ ഹീറോയായി സാംസ്- ജിടി വീണു

1

മുംബൈ: ഐപിഎല്ലില്‍ തന്റെ പഴയ ടീമായ മുംബൈ ഇന്ത്യയുമായുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ ആദ്യ പോരാട്ടം തോല്‍വിയില്‍ കലാശിച്ചു. ജയിച്ചാല്‍ പ്ലേഓഫിലെത്താമെന്ന പ്രതീക്ഷയോടെയിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് ജയത്തിനരികെ കാലിടറി വീഴുകയായിരുന്നു. മുംബൈയാവട്ടെ അവിശ്വസനീയ തിരിച്ചുവരവ് നടത്തി അഞ്ചു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയവും സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ മുംബൈയുടെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയമാണിത്. 178 റണ്‍സിന്റെ വിജയലക്ഷ്യമാണ് ടൈറ്റന്‍സിനു മുംബൈ നല്‍കിയത്. 19ാം ഓവര്‍ വരെ ടൈറ്റന്‍സ് വിജയമുറപ്പാക്കിയിരുന്നു. ആറു വിക്കറ്റ് ബാക്കിനില്‍ക്കെ ഒമ്പതു റണ്‍സായിരുന്നു അവസാന ഓവറില്‍ ടൈറ്റന്‍സിനു വേണ്ടിയിരുന്നത്. പക്ഷെ ഡാനിയേല്‍ സാംസിന്റെ മാജിക്കല്‍ ബൗളിങ് മുംബൈയ്ക്കു അവിസ്മരണീയ വിജയം സമ്മാനിക്കുകയായിരുന്നു. മൂന്നു റണ്‍സ് മാത്രമാണ് ടൈറ്റന്‍സിനു ഈ ഓവറില്‍ ലഭിച്ചത്. മാത്രമല്ല രാഹുല്‍ തെവാത്തിയ റണ്ണൗട്ടാവുകയും ചെയ്തു.

ടൈറ്റന്‍സിനായി ഓപ്പണര്‍മാരായ വൃധിമാന്‍ സാഹ (55), ശുഭ്മാന്‍ ഗില്‍ (52) എന്നിവര്‍ ഫിഫ്റ്റിയടിച്ചു. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 106 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. പിന്നീട് ടൈറ്റന്‍സിനു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. മുംബൈയ്ക്കായി മുരുഗന്‍ അശ്വിന്‍ രണ്ടു വിക്കറ്റുകളെടുത്തു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷന്‍ (45), ടിം ഡേവിഡ് (44*), രോഹിത് ശര്‍മ (43) എന്നിവരുടെ പ്രകടനമാണ് മുംബൈക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഗുജറാത്തിനായി റാഷിദ് ഖാന്‍ രണ്ടും അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസന്‍, പ്രദീപ് സാങ്വാന്‍ ഓരോ വിക്കറ്റും പങ്കിട്ടു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന മുംബൈക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഈ സീസണില്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടിരുന്ന രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ഗുജറാത്തിനെതിരേ കത്തികയറി. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 63 റണ്‍സാണ് ഇരുവരും ടീം സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തത്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണിത്. രോഹിത്തും ഇഷാനും സെഞ്ച്വറി കൂട്ടുകെട്ടിലേക്ക് എന്ന് തോന്നിക്കവെ വില്ലനായി റാഷിദ് ഖാനെത്തി. നായകന്‍ രോഹിത് ശര്‍മയെ എല്‍ബിയില്‍ കുടുക്കി പുറത്താക്കി.

2

28 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം അര്‍ധ സെഞ്ച്വറിയിലേക്കടുക്കവെയാണ് രോഹിത്തിന്റെ മടക്കം. മുംബൈ ഇന്ത്യന്‍സിനായി 200 സിക്സുകളെന്ന നേട്ടത്തിലേക്കെത്താന്‍ രോഹിത്തിനായി. മുംബൈ ഇന്ത്യന്‍സിനായി കൂടുതല്‍ സിക്‌സര്‍ നേടുന്ന രണ്ടാമത്തെ താരമാണ് രോഹിത്. 257 സിക്‌സുകളുമായി മധ്യനിര താരവും ഓള്‍റൗണ്ടറുമായ കറെന്‍ പൊള്ളാര്‍ഡാണ് രോഹിത്തിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. മൂന്നാം സ്ഥാനത്തുള്ള ഹര്‍ദിക് പാണ്ഡ്യ 98 സിക്‌സാണ് പറത്തിയത്.

ഒരു ടീമിനായി 200 സിക്സര്‍ പറത്തുന്ന അഞ്ചാമത്തെ താരമാണ് രോഹിത്. ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്സ്, വിരാട് കോലി എന്നിവര്‍ ആര്‍സിബിക്കായും കറെന്‍ പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സിനായും നേരത്തെ ഈ റെക്കോഡ് നേടിയിരുന്നു. ഐപിഎല്ലിലെ സിക്സര്‍ വേട്ടക്കാരില്‍ 234 സിക്സുകളുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ് രോഹിത് ശര്‍മ.

3

എന്നാല്‍ രോഹിത് ശര്‍മയുടെ മടക്കം മുംബൈയുടെ കുതിപ്പിന്റെ വേഗം കുറച്ചു. ശക്തമായ തിരിച്ചുവരവ് നടത്തിയ ഗുജറാത്ത് ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി. മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിനെ (11 പന്തില്‍ 13) തിളങ്ങാനാവാത്തത് മുംബൈക്ക് തിരിച്ചടിയായി. അധികം വൈകാതെ ക്രീസില്‍ നിലയുറപ്പിച്ചിരുന്ന ഇഷാന്‍ കിഷനും (29 പന്തില്‍ 45) പുറത്തായി. അഞ്ച് ഫോറും ഒരു സിക്സും പറത്തിയ ഇഷാനെ അല്‍സാരി ജോസഫാണ് പുറത്താക്കിയത്. ഇഷാന്‍ വലിയ പ്രതീക്ഷ നല്‍കിയെങ്കിലും വലിയ സ്‌കോറിലേക്ക് ഉയരാനായില്ല.

മുംബൈയുടെ മധ്യനിരയിലെ രക്ഷകന്‍ കറെന്‍ പൊള്ളാര്‍ഡ് (14 പന്തില്‍ 4) മോശം ഇന്നിങ്സ് കളിച്ച് വിമര്‍ശനം നേരിട്ടു. നിലയുറപ്പിക്കാനായി പ്രതിരോധിച്ച് കളിച്ച പൊള്ളാര്‍ഡ് റാഷിദ് ഖാന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായി. 14 പന്തില്‍ നാല് റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. തിലക് വര്‍മയും (16 പന്തില്‍ 21) ടിം ഡേവിഡും (21 പന്തില്‍ 44* ) ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് പതിയെ മുന്നോട്ടുയര്‍ത്തി. എന്നാല്‍ 18ാം ഓവറിന്റെ രണ്ടാം പന്തില്‍ തിലക് റണ്ണൗട്ടായി. ഡാനിയല്‍ സാംസിനെ (0) ഇതേ ഓവറിന്റെ അവസാന പന്തില്‍ ലോക്കി ഫെര്‍ഗൂസന്‍ മടക്കി.

ഒരുവശത്ത് തല്ലിത്തകര്‍ത്ത ടിം ഡേവിഡാണ് മുംബൈയെ പൊരുതാവുന്ന സ്‌കോറിലേക്കെത്തിച്ചത്. രണ്ട് ഫോറും നാല് സിക്സും ഉള്‍പ്പെടെയായിരുന്നു ഡേവിഡിന്റെ വെടിക്കെട്ട്. 209.52 സ്ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. ഇത്തവണ മുംബൈ പകുതിയോളം മത്സരങ്ങളില്‍ ഡേവിഡിനെ പുറത്തിരുത്തുകയാണ് ചെയ്തത്. ഗുജറാത്തിനായി റാഷിദ് ഖാന്‍ രണ്ടും അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസന്‍, പ്രദീപ് സാങ്വാന്‍ ഓരോ വിക്കറ്റും പങ്കിട്ടു.

പ്ലേയിങ് 11

മുംബൈ- രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, കറെന്‍ പൊള്ളാര്‍ഡ്, ടിം ഡേവിഡ്, ഡാനിയല്‍ സാംസ്, മുരുഗന്‍ അശ്വിന്‍, കുമാര്‍ കാര്‍ത്തികേയ, ജസ്പ്രീത് ബുംറ, റില്ലി മെറീഡിത്ത്

ഗുജറാത്ത്- വൃദ്ധിമാന്‍ സാഹ, ശുബ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ഹര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, പ്രദീപ് സാങ്വാന്‍, ലോക്കി ഫെര്‍ഗൂസന്‍, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി.

Story first published: Friday, May 6, 2022, 23:51 [IST]
Other articles published on May 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+