
മുംബൈ: ഐപിഎല്ലില്‍ ആദ്യ മല്‍സരത്തിലേറ്റ തോല്‍വിക്കു ശേഷം റോയല്‍ ചാലഞ്ചഴ്‌സ് ബാംഗ്ലൂര്‍ വിജയവഴിയില്‍ തിരിച്ചെത്തി. രണ്ടാം റൗണ്ടിലെ ആദ്യ പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയാണ് ത്രില്ലറില്‍ ആര്‍സിബി മൂന്നു വിക്കറ്റിനു തോല്‍പ്പിച്ചത്. ബൗളര്‍മാര്‍ തിളങ്ങിയ മല്‍സരത്തില്‍ ആര്‍സിബിക്കു ജയത്തിനായി നന്നായി വിയര്‍ക്കേണ്ടി വന്നു. ആദ്യം ബാറ്റ് ചെയ്ത കെകെആറിനെ 20 ഓവര്‍ പോലും ബൗള്‍ ചെയ്യാന്‍ അനുവദിക്കാതെ 128 റണ്‍സിലൊതുക്കിയപ്പോള്‍ ആര്‍സിബി അനായാസം ജയിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
പക്ഷെ വിജയത്തിനായി ആര്‍സിബിക്കു നന്നായി പൊരുതേണ്ടി വന്നു. മികച്ച ബൗളിങ് കാഴ്ചവച്ച കെകെആര്‍ ബൗളര്‍ അവര്‍ക്കു റണ്‍ചേസ് ദുഷ്‌കരമാക്കി തീര്‍ത്തു. എങ്കിലും ഏഴു വിക്കറ്റ് നഷ്ടത്തില്‍ നാലു ബോളുകള്‍ ബാക്കിനില്‍ക്കെ ആര്‍സിബി വിജയം പിടിച്ചെടുക്കുകയായിരുന്നു. അവസാനത്തെ ഓവറില്‍ ഏഴു റണ്‍സായിരുന്നു ആര്‍സിബിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആന്ദ്രെ റസ്സലെറിഞ്ഞ ആദ്യ ബോള്‍ തന്നെ സിക്‌സര്‍ പായിച്ച് ദിനേശ് കാര്‍ത്തിക് സ്‌കോര്‍ തുല്യമാക്കുകയായിരുന്നു. അടുത്ത ബൗളില്‍ ബൗണ്ടറിയുമടിച്ച് അദ്ദേഹം ടീമിന്റെ വിജയറണ്‍സ് കുറിക്കുകയും ചെയ്തു. കെകെആറിന്റെ ആദ്യ പരാജയമാണിത്. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു കെകെആര്‍ തുടങ്ങിത്.

28 റണ്‍സെടുത്ത ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡാണ് ആര്‍സിബിയുടെ ടോപ്‌സ്‌കോറര്‍. 40 ബോളില്‍ താരം ഓരോ ബൗണ്ടറിയും സിക്‌സറുമടിച്ചു. ഷഹബാസ് അഹമ്മദ് (27), ഡേവിഡ് വില്ലി (18), ദിനേശ് കാര്‍ത്തിക് (14*), വിരാട് കോലി (12), ഹര്‍ഷല്‍ പട്ടേല്‍ (10*) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. കെകെആറിനായി ടിം സൗത്തി മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ഒരു ഘട്ടത്തില്‍ ആര്‍സിബി മൂന്നു വിക്കറ്റിനു 17 റണ്‍സിലേക്കു വീണിരുന്നു. നാലാം വിക്കറ്റില്‍ ഡേവിഡ് വില്ലി- ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് സഖ്യം നേടിയ 45 റണ്‍സ് ആര്‍സിബിയെ തിരിച്ചുകൊണ്ടു വരികയായിരുന്നു.

നേരത്തേ ആര്‍സിബിയുടെ ബൗളിങ് ആക്രമണത്തില്‍ ശ്രേയസ് അയ്യരുടെ കെകെആര്‍ തകരുകയായിരുന്നു. 129 റണ്‍സിന്റെ വിജയലക്ഷ്യമാണ് ആര്‍സിബിക്കു കെകെആര്‍ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട്് ബാറ്റിങിനു അയക്കപ്പെട്ട കെകെആര്‍ 18.5 ഓവറില്‍ 128 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. കെകെആര്‍ നിരയില്‍ 20 പ്ലസ് സ്‌കോര്‍ ചെയ്തത് ആന്ദ്രെ റസ്സലായിരുന്നു. 25 റണ്‍സെടുത്ത അദ്ദേഹമാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 18 ബോളില്‍ മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയും റസ്സലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സാം ബില്ലിങ്‌സ് (14), ശ്രേയസ് (13), സുനില്‍ നരെയ്ന്‍ (12), വെങ്കടേഷ് അയ്യര്‍ (10), നിതീഷ് റാണ (10), അജിങ്ക്യ രഹാനെ (9), ഷെല്‍ഡണ്‍ ജാക്‌സണ്‍ (0), ടിം സൗത്തി (1), ഉമേഷ് യാദവ് (18), വരുണ്‍ ചക്രവര്‍ത്തി (10*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.
ആദ്യത്തെ 10 ഓവര്‍ കഴിയുമ്പോഴേക്കും കെകെആറിന്റെ വിധി എന്താവുമെന്നു വ്യക്തമായിരുന്നു. ആറു വിക്കറ്റുകളാണ് അവര്‍ 10 ഓവറിനുള്ളില്‍ കൈവിട്ടത്. ആറിനു മുകളില്‍ റണ്‍റേറ്റ് അവര്‍ നിലനിര്‍ത്തിയെങ്കിലും വിക്കറ്റുകള്‍ ഓരോ ഓവറിലും വീണുകൊണ്ടിരുന്നു. ശ്രീലങ്കയുടെ സ്റ്റാര്‍ സ്പിന്നര്‍ വനിന്ദു ഹസരംഗയാണ് കെകെആറിന്റെ അന്തകനായത്. നാലോവറില്‍ 20 റണ്‍സിനു അദ്ദേഹം നാലു വിക്കറ്റുകളെടുത്തു. മൂന്നു വിക്കറ്റുകളെടുത്ത ആകാഷ്ദീപും രണ്ടു വിക്കറ്റുകളെടുത്ത ഹര്‍ഷല്‍ പട്ടേലും മികച്ച പിന്തുണയേകി. മുഹമ്മദ് സിറാജിനു ഒരു വിക്കറ്റ് ലഭിച്ചു.

ടീം സ്‌കോര്‍ 14ല്‍ വച്ച് വെങ്കടേഷിനെയാണ് കെകെആറിനു ആദ്യം നഷ്ടമായത്. രണ്ടാം വിക്കറ്റില്‍ രഹാനെ-ശ്രേയസ് സഖ്യം 18 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. രഹാനെയാണ് സ്‌കോര്‍ 32ല്‍ നില്‍ക്കെ മടങ്ങിയത്. റാണ, ശ്രേയസ് എന്നിവര്‍ അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ കെകെആര്‍ നാലിന് 46ലേക്കു വീണു. നരെയ്ന്‍, ജാക്‌സണ്‍ എന്നിവരെ ഒരേ ഓവറിലെ അടുത്തടുത്ത ബോളുകളില്‍ ഹസരംഗ മടക്കിയതോടെ കെകെആര്‍ ആറിന് 67ലേക്കു കൂപ്പുകുത്തി. റസ്സലിന്റെ ഒറ്റയാള്‍ പോരാട്ടമാണ് കെകെആറിനെ 100 കടത്തിയത്.
ടോസ് ലഭിച്ച ആര്‍സിബി നായകന്‍ ഫഫ് ഡുപ്ലെസി ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ പരാജയപ്പെട്ട അതേ ടീമിനെ നിലനിര്‍ത്തിയാണ് ആര്‍സിബി ഇറങ്ങിയത്. മറുഭാഗത്ത് കെകെആറിന്റെ പ്ലെയിങ് ഇലവനില്‍ ഒരു മാറ്റമുണ്ടായിരുന്നു. ശിവം മാവിക്കു പകരം ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ടിം സൗത്തി കെകെആര്‍ ടീമിലേക്കു വരികയായിരുന്നു.
പ്ലെയിങ് ഇലവന്‍
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), അനൂജ് റാവത്ത്, വിരാട് കോലി, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, വനിന്ദു ഹസരംഗ, ഡേവിഡ് വില്ലി, ഹര്‍ഷല്‍ പട്ടേല്‍, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- വെങ്കടേഷ് അയ്യര്‍, അജിങ്ക്യ രഹാനെ, നിതീഷ് റാണ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സാം ബില്ലിങ്‌സ്, ആന്ദ്രെ റസ്സല്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍ (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ടിം സൗത്തി, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.