IPL 2022: 'തല്ലുകൊള്ളികള്‍', ഒരു സ്‌പെല്ലില്‍ കൂടുതല്‍ റണ്‍സ് വഴങ്ങി, ടോപ് ഫൈവ് ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ഈ മാസം 26ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഇത്തവണ 10 ടീമുകള്‍ ടൂര്‍ണമെന്റിലേക്കെത്തുന്നതോടെ ആവേശകരമായ ടൂര്‍ണമെന്റ് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ മുംബൈയിലും പൂനെയിലുമായാണ് എല്ലാ മത്സരങ്ങളും നടത്തുന്നതെന്നതാണ് മറ്റൊരു സവിശേഷത.
ഐപിഎല്‍ പൊതുവേ ബാറ്റ്‌സ്മാന്‍മാരുടെ ടൂര്‍ണമെന്റാണ്. ബൗളര്‍മാരെ സംബന്ധിച്ച് മികവ് കാട്ടുകയെന്നത് വളരെ കടുപ്പമുള്ള കാര്യം തന്നെയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രം പരിശോധിച്ചാല്‍ മികവ് കാട്ടിയ ബൗളര്‍മാര്‍ വളരെ കുറച്ച് മാത്രമാണെന്ന് വ്യക്തമാവും. കൂടുതല്‍ ബൗളര്‍മാരും ബാറ്റ്‌സ്മാന്റെ ചൂടറിഞ്ഞവരാണ്. ഇതുവരെയുള്ള ചരിത്രം പരിശോധിച്ച് ടൂര്‍ണമെന്റില്‍ ഒരു സ്‌പെല്ലില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയ അഞ്ച് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ബേസില്‍ തമ്പി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അവസരം ലഭിച്ച ചുരുക്കം ചില മലയാളി താരങ്ങളിലൊരാളാണ് ബേസില്‍ തമ്പി. ഈ നാണംകെട്ട റെക്കോഡില്‍ തലപ്പത്തുള്ളതും ബേസിലാണ്. 2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായിരുന്നു ബേസില്‍. ആര്‍സിബിക്കെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 70 റണ്‍സാണ് ബേസില്‍ വിട്ടുകൊടുത്തത്. മോയിന്‍ അലി, എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് ബേസിലിനെ തല്ലിപ്പറത്തിയത്. ഇതിന് ശേഷം അധികം അവസരം ബേസിലിന് ലഭിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ മുംബൈ ഇന്ത്യന്‍സ് ബേസിലിനെ ലേലത്തില്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഇഷാന്ത് ശര്‍മ
ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മയാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. കെകെആര്‍, പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളോടൊപ്പമെല്ലാം കളിച്ചിട്ടുള്ള ഇഷാന്ത് നാല് ഓവറില്‍ 66 റണ്‍സാണ് വഴങ്ങിയത്. 2013ല്‍ ഹൈദരാബാദിനൊപ്പം കളിക്കുമ്പോള്‍ സിഎസ്‌കെയ്‌ക്കെതിരേയായിരുന്നു ഈ മോശം പ്രകടനം. സുരേഷ് റെയ്‌ന (99), മൈക്കല്‍ ഹസി (67) എന്നിവരെല്ലാം ഇഷാന്തിനെ തല്ലിക്കൂട്ടി. അവസാന സീസണില്‍ ഡല്‍ഹിയുടെ ഭാഗമായിരുന്ന ഇഷാന്ത് ഇത്തവണ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡാണ്.

മുജീബുര്‍ റഹ്‌മാന്‍
അഫ്ഗാന്‍ സൂപ്പര്‍ സ്പിന്നര്‍മാരിലൊരാളാണ് മുജീബുര്‍ റഹ്‌മാന്‍. 2019ല്‍ പഞ്ചാബ് കിങ്‌സിനെതിരേ നാല് ഓവറില്‍ 66 റണ്‍സിനുവേണ്ടി കളിക്കവെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് മുജീബുര്‍ റഹ്‌മാന്റെ മറക്കാനാഗ്രഹിക്കുന്ന പ്രകടനം കാഴ്ചവെച്ചത്. നാല് ഓവറില്‍ 66 റണ്‍സാണ് താരം വഴങ്ങിയത്. ഡേവിഡ് വാര്‍ണര്‍ (81), മനീഷ് പാണ്ഡെ (36) എന്നിവര്‍ ഹൈദരാബാദിനായി തിളങ്ങിയ മത്സരത്തില്‍ മുജീബുര്‍ നന്നായി തല്ലുവാങ്ങി. മത്സരം 45 റണ്‍സിന് പഞ്ചാബ് തോറ്റു. ഇതിന് ശേഷം ഐപിഎല്ലില്‍ അധികം അവസരം മുജീബിന് ലഭിച്ചിട്ടില്ല.

ഉമേഷ് യാദവ്
ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഉമേഷ് യാദവ് ഐപിഎല്ലിലെ അനുഭവസമ്പന്നനായ താരമാണെങ്കിലും തല്ലുകൊള്ളി ബൗളറാണ്. 2013ല്‍ ഡല്‍ഹിക്കായി ആര്‍സിബിക്കെതിരേ കളിക്കവെ നാല് ഓവറില്‍ 65 റണ്‍സാണ് ഉമേഷ് യാദവ് വിട്ടുകൊടുത്തത്. വിരാട് കോലിയുടെ (99) കളം നിറഞ്ഞാട്ടം കണ്ട മത്സരത്തില്‍ ഉമേഷ് യാദവ് തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. പിന്നീട് ആര്‍സിബിക്കായി ഉമേഷ് കളിച്ചു എന്നതാണ് കൗതുകകരമായ കാര്യം.

സന്ദീപ് ശര്‍മ
ഐപിഎല്ലില്‍ മികച്ച ബൗളിങ് റെക്കോഡുള്ള താരങ്ങളിലൊരാളായ സന്ദീപ് ശര്‍മയും നാല് ഓവറില്‍ 65 റണ്‍സ് വിട്ടുകൊടുത്തിട്ടുണ്ട്. 2014ല്‍ പഞ്ചാബ് കിങ്‌സിനുവേണ്ടി കളിക്കവെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് സന്ദീപ് ശര്‍മയുടെ ഈ മോശം പ്രകടനം. പ്രഗ്യാന്‍ ഓജയും (79), ശിഖര്‍ ധവാനും (45), ഡേവിഡ് വാര്‍ണറും (44) തല്ലിത്തകര്‍ത്ത മത്സരത്തില്‍ 65 റണ്‍സാണ് സന്ദീപിന് വഴങ്ങേണ്ടി വന്നത്. പിന്നീട് ഹൈദരാബാദിനുവേണ്ടി കളിച്ച സന്ദീപ് ഇത്തവണ വീണ്ടും പഞ്ചാബിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications