
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് ജയം. 12 റണ്‍സിനാണ് രാഹുലും സംഘവും ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനെ സാധിച്ചുള്ളു. അച്ചടക്കത്തോടെ പന്തെറിഞ്ഞ ലഖ്‌നൗ ബൗളര്‍മാരാണ് കൈയടി അര്‍ഹിക്കുന്നത്. ലഖ്‌നൗവിനായി ആവേഷ് ഖാന്‍ നാലും ജേസന്‍ ഹോള്‍ഡന്‍ മൂന്നും ക്രുണാല്‍ പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ നേടി.
ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. നായകന്‍ കെ എല്‍ രാഹുല്‍ (68), ദീപക് ഹൂഡ (51) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ലഖ്‌നൗവിനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷിഫേര്‍ഡ്, ടി നടരാജന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടു. രാജസ്ഥാനെതിരായ മത്സരത്തിലെ മോശം ബൗളിങ്ങില്‍ നിന്ന് ശക്തമായ തിരിച്ചുവരവാണ് ഹൈദരാബാദ് ബൗളര്‍മാര്‍ നടത്തിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് തുടക്കം പിഴച്ചു. രണ്ടാം ഓവറില്‍ത്തന്നെ ഓപ്പണര്‍ ക്വിന്റന്‍ ഡീകോക്കിനെ (4 പന്തില്‍ 1) ലഖ്‌നൗവിന് നഷ്ടമായി. രണ്ടാം ഓവറില്‍ ഓഫ് സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറിനെ പന്തേല്‍പ്പിച്ച ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ തന്ത്രം ഫലിച്ചുവെന്ന് പറയുന്നതാവും കൂടുതല്‍ നന്നാവുക. വലിയ ഷോട്ടിന് ശ്രമിച്ച ഡീകോക്ക് വില്യംസണിന്റെ കൈയില്‍ ഭദ്രം. ഇതേ ഓവറില്‍ മൂന്നാമന്‍ എവിന്‍ ലൂയിസിനെ സുന്ദര്‍ എല്‍ബിയില്‍ കുരുക്കിയെങ്കിലും നിര്‍ഭാഗ്യവശാല്‍ റിവ്യൂവില്‍ നോട്ടൗട്ട് വിധിച്ചു.

എന്നാല്‍ നാലാം ഓവറില്‍ വീണ്ടും സുന്ദറിനെ പന്തേല്‍പ്പിച്ച വില്യംസണിന് പിഴച്ചില്ല. ആദ്യ പന്തില്‍ത്തന്നെ ലൂയിസിന് (5 പന്തില്‍ 1) മടക്ക ടിക്കറ്റ്. ഇത്തവണ റിവ്യൂവിന് പോലും മുതിരാതെ എല്‍ബിയില്‍ ലൂയിസ് കുടുങ്ങുകയായിരുന്നു. മെല്ലെത്തുടങ്ങി ആഞ്ഞടിക്കാനുള്ള മനീഷ് പാണ്ഡെയുടെ (10 പന്തില്‍ 11) പദ്ധതി പാളി. റൊമാരിയോ ഷിഫേര്‍ഡിനോ ഓരോ ഫോറും സിക്‌സും പറത്തി മനീഷ് കത്തിക്കയറിയെങ്കിലും ഇതേ ഓവറില്‍ത്തന്നെ മനീഷിനെ ഷിഫേര്‍ഡ് മടക്കി. പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ മൂന്ന് വിക്കറ്റ് ലഖ്‌നൗവിന് നഷ്ടമായിരുന്നു.

ഒരു വശത്ത് നായകന്‍ കെ എല്‍ രാഹുല്‍ നങ്കൂരമിട്ട് കളിച്ചപ്പോള്‍ അഞ്ചാമനായി കളിച്ച ദീപക് ഹൂഡ അതിവേഗം റണ്‍സുയര്‍ത്തി. 33 പന്തുകള്‍ നേരിട്ട് മൂന്ന് വീതം ഫോറും സിക്‌സും ഉള്‍പ്പെട്ട തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു ദീപക്കിന്റേത്. 154.54 സ്‌ട്രൈക്കറേറ്റില്‍ കളിച്ചിരുന്ന താരം ഡെത്ത് ഓവറില്‍ കൂടുതല്‍ അപകടകാരിയാവുമെന്ന് തോന്നിച്ചെങ്കിലും അതിന് മുമ്പ് തന്നെ ഷിഫേര്‍ഡ് ഹൂഡയെ മടക്കി.
അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ കാത്തിരുന്ന രാഹുലിനെ (50 പന്തില്‍ 68) ടി നടരാജന്‍ എല്‍ബിയില്‍ കുടുക്കി. ആറ് ഫോറും ഒരു സിക്‌സുമടക്കം 136 സ്‌ട്രൈക്കറേറ്റിലായിരുന്നു രാഹുലിന്റെ പ്രകടനം. വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള ക്രുണാല്‍ പാണ്ഡ്യയെ (3 പന്തില്‍ 6) നടരാജന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തതോടെ ലഖ്‌നൗവിന്റെ പ്രതീക്ഷകള്‍ താളം തെറ്റി. അവസാന ഓവറില്‍ ആയുഷ് ബധോനി (12 പന്തില്‍ 19) നടത്തിയ ഭേദപ്പെട്ട പ്രകടനമാണ് ലഖ്‌നൗവിനെ 169 എന്ന ഭേദപ്പെട്ട നിലയില്‍ ഫിനിഷ് ചെയ്യാന്‍ സഹായിച്ചത്.

മറുപടിക്കിറങ്ങിയ ഹൈദരാബാദിന്റെ തുടക്കം മികച്ചതായിരുന്നില്ല. കെയ്ന്‍ വില്യംസണും (16 പന്തില്‍ 16) അഭിഷേക് ശര്‍മയും (11 പന്തില്‍ 13) പവര്‍പ്ലേയില്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്താനാവാതെ പ്രയാസപ്പെട്ടു. നായകന്‍ വില്യംസണെ മടക്കി ആവേഷ് ഖാനാണ് ഹൈദരാബാദിന് ആദ്യ പ്രഹരം നല്‍കിയത്. പിന്നാലെ അഭിഷേക് ശര്‍മക്കും മടക്ക ടിക്കറ്റ് നല്‍കി. ഒരു വശത്ത് രാഹുല്‍ ത്രിപാഠി (30 പന്തില്‍ 44) റണ്‍സുയര്‍ത്തി. അഞ്ച് ഫോറും ഒരു സിക്‌സുമാണ് താരം നേടിയത്. ആദ്യ മത്സരത്തില്‍ ഹൈദരാബാദിനായി അര്‍ധ സെഞ്ച്വറി നേടിയ എയ്ഡന്‍ മാര്‍ക്രം (14 പന്തില്‍ 12) നിരാശപ്പെടുത്തി.
വലിയ പ്രതീക്ഷ നല്‍കിയ നിക്കോളാസ് പുരാനും (24 പന്തില്‍ 34) വിജയത്തിലേക്ക് ടീമിനെ എത്തിക്കാനായില്ല. മൂന്ന് ഫോറും രണ്ട് സിക്‌സുമാണ് അദ്ദേഹം നേടിയത്. പുരാനെയും അബ്ദുല്‍ സമദിനെയും (0) അടുത്തടുത്ത പന്തുകളില്‍ മടക്കിയ ആവേഷ് ഖാനാണ് കളി ലഖ്‌നൗവിന് അനുകൂലമാക്കിയത്. അവസാന ഓവറിലെ ആദ്യ പന്തില്‍ വാഷിങ്ടണ്‍ സുന്ദറെ ജേസന്‍ ഹോള്‍ഡര്‍ മടക്കിയതോടെ ഹൈദരാബാദിന്റെ പതനം പൂര്‍ത്തിയായി.

പിച്ചിലെ പുല്ലും ഈര്‍പ്പവും മനസിലാക്കിയാണ് വില്യംസണ്‍ ആദ്യം ബൗളിങ് തിരഞ്ഞെടുത്തതത്. ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സ് ഒരു മാറ്റത്തോടെയാണ് ഇറങ്ങുന്നത്. ദുഷ്മന്ത ചമീരിക്ക് പകരം പേസ് ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡര്‍ പ്ലേയിങ് 11ലേക്കെത്തി. ഹൈദരാബാദ് നിരയില്‍ മാറ്റങ്ങളില്ല. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു.
പ്ലേയിങ് 11: ലഖ്നൗ- കെ എല്‍ രാഹുല്‍, ക്വിന്റന്‍ ഡീകോക്ക്, എവിന്‍ ലെവിസ്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ആയുഷ് ബധോനി, ക്രുണാല്‍ പാണ്ഡ്യ, ജേസന്‍ ഹോള്‍ഡര്‍, ആന്‍ഡ്രേ ടൈ, രവി ബിഷ്നോയ്, ആവേശ് ഖാന്‍.
ഹൈദരാബാദ്- കെയ്ന്‍ വില്യംസന്‍, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, നിക്കോളാസ് പുരാന്‍, എയ്ഡന്‍ മാര്‍ക്രം, അബ്ദുല്‍ സമദ്, റൊമാരിയോ ഷിഫേര്‍ഡ്, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍.

ഹൈദരാബാദിന്റെ ടീം കരുത്ത് പറയുമ്പോള്‍ ഇത്തവണ ദൗര്‍ബല്യങ്ങളേറെയുള്ള നിരയാണ്. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, റാഷിദ് ഖാന്‍ തുടങ്ങിയ വന്മരങ്ങളെയെല്ലാം ഒഴിവാക്കിയ ഹൈദരാബാദ് ഉത്തമ പകരക്കാരെ കണ്ടെത്തുന്നതില്‍ ഇതേ മിടുക്ക് കാട്ടിയില്ല. ഇത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നു.
കെയ്ന്‍ വില്യംസണെ അമിതമായി ആശ്രയിക്കുന്ന നിരയാണ് ഹൈദരാബാദ്. ഇതിന്റെ സമ്മര്‍ദ്ദം താരത്തിന്റെ ബാറ്റിങ്ങിലും പ്രതിഫലിക്കുന്നു. നിക്കോളാസ് പുരാന്‍, രാഹുല്‍ ത്രിപാഠി എന്നിവര്‍ ടോപ് ഓഡറിലേക്ക് ഫോമിലേക്കെത്തേണ്ടത് ടീമിന് വിജയത്തിലേക്കെത്താന്‍ അത്യാവശ്യമാണ്. എയ്ഡന്‍ മാര്‍ക്രം, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ മധ്യനിരയിലെ പ്രകടനം പ്രതീക്ഷ നല്‍കുന്നു.