പൂനെ: മികച്ച ബൗളിങ് പ്രകടനം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വീണ്ടും ചെറിയ സ്‌കോര്‍ വിജയകരമായി പ്രതിരോധിച്ചിരിക്കുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. പഞ്ചാബിന് ലക്ഷ്യം 154 റണ്‍സ് മാത്രമെന്നിരിക്കെ വിക്കറ്റുകള്‍ വീഴ്ത്തുക മാത്രമായിരുന്നു സൂപ്പര്‍ ജയന്റ്‌സിന് മുന്നിലുണ്ടായിരുന്ന പോംവഴി. ടീമിലെ ബൗളര്‍മാര്‍ ഈ മാസ്റ്റര്‍ പ്ലാന്‍ ഭംഗിയായി നടപ്പിലാക്കുകയും ചെയ്തു. ലഖ്‌നൗ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് കിങ്‌സിന്റെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സിലാണ് അവസാനിച്ചത്. ഇതോടെ കെഎല്‍ രാഹുലും സംഘവും 20 റണ്‍സിന്റെ ജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാമത് കയറി.

ആദ്യ വിക്കറ്റു വീഴാന്‍ മാത്രമേ അല്‍പ്പമെങ്കിലും കാലതാമസമെടുത്തുള്ളൂ. അഞ്ചാം ഓവറില്‍ നായകന്‍ മായങ്ക് അഗര്‍വാള്‍ (17 പന്തില്‍ 25) കൂടാരം കണ്ടതോടെ പഞ്ചാബ് താരങ്ങള്‍ നിരനിരയായി ക്രീസ് കണ്ടുമടങ്ങി. ആറു ബൗളര്‍മാരെയാണ് ലഖ്‌നൗ ഇന്നു പരീക്ഷിച്ചത്. ഒരോവര്‍ മാത്രമെറിഞ്ഞ ജേസണ്‍ ഹോള്‍ഡര്‍ ഒഴികെ മറ്റെല്ലാവരും ലഖ്‌നൗവിനായി മിന്നും പ്രകടനം പുറത്തെടുത്തു. മുഹസിന്‍ ഖാനും ദുഷ്മന്ത ചമീരയും തുടക്കം മുതല്‍ക്കെ കസറിയപ്പോള്‍ ആവേശ് ഖാന്‍ അവസാന ഓവറുകളിലാണ് ടീമിനെ തുണച്ചത്. ഇതിനിടെ അപകടകാരിയായ ജോണി ബെയര്‍സ്‌റ്റോവിനെ (28 പന്തില്‍ 32) ചമീരയുടെ കൈകളിലെത്തിച്ച ക്രുണാല്‍ പാണ്ഡ്യ സൂപ്പര്‍ ജയന്റ്‌സിന് നിര്‍ണായക ബ്രേക്ക്ത്രൂ സമ്മാനിച്ചു.
ശിഖര്‍ ധവാന്റെ (15 പന്തില്‍ 5) കുറ്റി തെറിപ്പിച്ച രവി ബിഷ്‌ണോയിയും പഞ്ചാബിന്റെ പതനത്തില്‍ പ്രധാന പങ്കുവഹിച്ചു. മുഹസിന്‍ ഖാന് 3 വിക്കറ്റുണ്ട്. ദുഷ്മന്ത ചമീരയ്ക്കും ക്രുണാല്‍ പാണ്ഡ്യയ്ക്കും 2 വിക്കറ്റും. മികച്ച തുടക്കം ലഭിച്ചിട്ടും ഇടവേളകളില്‍ വിക്കറ്റു കൊഴിഞ്ഞതാണ് പഞ്ചാബിന്റെ തോല്‍വിക്ക് കാരണം. നേരത്തെ, ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്വിന്റണ്‍ ഡികോക്കിന്റെ മികവിലാണ് സ്‌കോര്‍ബോര്‍ഡില്‍ ഭേദപ്പെട്ട നില കണ്ടെത്തിയത്. ഡികോക്ക് 37 പന്തില്‍ 46 റണ്‍സെടുത്തു. 2 സിക്‌സും 4 ഫോറും താരത്തിന്റെ ഇന്നിങ്‌സിലുണ്ട്. മധ്യനിരയില്‍ ദീപക് ഹൂഡയും (28 പന്തില്‍ 34) അവസരത്തിനൊത്ത് ഉയര്‍ന്നു. പഞ്ചാബ് നിരയില്‍ കഗീസോ റബാഡയ്ക്ക് 4 വിക്കറ്റുണ്ട്. രാഹുല്‍ ചഹര്‍ രണ്ടും സന്ദീപ് ശര്‍മ്മ ഒരു വിക്കറ്റും കൈക്കലാക്കി. തോല്‍വിയോടെ പഞ്ചാബ് കിങ്‌സ് ഏഴാം സ്ഥാനത്താണിപ്പോള്‍.