For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഡീകോക്ക് മിന്നി, ഡല്‍ഹിയും കടന്ന് ലഖ്‌നൗവിന്റെ കുതിപ്പ്

ഡേവിഡ് വാര്‍ണര്‍ ഡല്‍ഹിക്കായി ഇന്നിറങ്ങിയേക്കും. വാര്‍ണറുടെ വരവ് ഡല്‍ഹിയുടെ വിജയവഴിയിലേക്കുള്ള തിരിച്ചുവരവിന് കരുത്താകുമെന്നുറപ്പ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് തകര്‍പ്പന്‍ ജയം. ആറ് വിക്കറ്റിനാണ് കെ എല്‍ രാഹുലും സംഘവും ഡല്‍ഹിയെ മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍ രണ്ട് പന്തും ആറ് വിക്കറ്റും ബാക്കിനിര്‍ത്തി ലഖ്‌നൗ വിജയം കണ്ടു. ക്വിന്റന്‍ ഡീകോക്കിന്റെ (80) വെടിക്കെട്ടും ക്രുണാല്‍ പാണ്ഡ്യ (19*), ആയുഷ് ബധോനി (10*) എന്നിവരുടെ സൂപ്പര്‍ ഫിനിഷിങ്ങുമാണ് ലഖ്‌നൗവിന് ജയം സമ്മാനിച്ചത്. പവര്‍പ്ലേയില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് ലഭിച്ചിട്ടും വലിയ സ്‌കോര്‍ നേടാന്‍ ഡല്‍ഹിക്ക് സാധിച്ചില്ല. പൃഥ്വി ഷാ (61), റിഷഭ് പന്ത് (39*), സര്‍ഫറാസ് ഖാന്‍ (36*) എന്നിവര്‍ ഡല്‍ഹിക്കായി തിളങ്ങി.

ലഖ്‌നൗവിനായി രവി ബിഷ്‌നോയ് രണ്ടും കൃഷ്ണപ്പ ഗൗതം ഒരു വിക്കറ്റും നേടി. ജേസന്‍ ഹോള്‍ഡര്‍, ആവേഷ് ഖാന്‍ എന്നിവര്‍ ഡെത്ത് ഓവറില്‍ നന്നായി പന്തെറിഞ്ഞു. കൃത്യമായി ബൗളിങ് ചെയ്ഞ്ച് വരുത്തുകയും ഫീല്‍ഡ് സെറ്റുചെയ്യുകയും ചെയ്ത് ഡല്‍ഹിയെ വലിയ സ്‌കോര്‍ നേടാതെ പിടിച്ചുകെട്ടാന്‍ ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുലിന് സാധിച്ചു.

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഡല്‍ഹിക്ക് ഗംഭീര തുടക്കം തന്നെയാണ് ലഭിച്ചത്. ഒമ്പത് വര്‍ഷത്തിന് ശേഷം ഡല്‍ഹി നിരയിലേക്ക് തിരിച്ചെത്തിയ വാര്‍ണറെ ഒരു വശത്ത് കാഴ്ചക്കാരനായിക്കി പൃഥ്വി ഷാ (61) തല്ലിത്തകര്‍ത്തു. പവര്‍പ്ലേയില്‍ കടന്നാക്രമിച്ച പൃഥ്വി ആവേഷ് ഖാന്റെ ഓവറില്‍ ഹാട്രിക് ഫോറടക്കം നേടി. 34 പന്ത് നേരിട്ട് 9 ഫോറും രണ്ട് സിക്‌സുമടക്കം പറത്തിയ പൃഥ്വി മടങ്ങുമ്പോള്‍ 7.3 ഓവറില്‍ 67 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കപ്പെട്ടിരുന്നു. കൃഷ്ണപ്പ ഗൗതത്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡീകോക്കിന് ക്യാച്ച് സമ്മാനിച്ചാണ് പൃഥ്വിയുടെ മടക്കം.

വെടിക്കെട്ട് ബാറ്റിങ്ങോടെ തകര്‍പ്പന്‍ റെക്കോഡ് പൃഥ്വി സ്വന്തം പേരിലാക്കി. ഇന്ത്യന്‍ താരങ്ങളില്‍ പവര്‍പ്ലേയില്‍ ഉയര്‍ന്ന സ്‌ട്രൈക്കറേറ്റുള്ള താരമെന്ന റെക്കോഡില്‍ വീരേന്ദര്‍ സെവാഗിനെയാണ് പൃഥ്വി പിന്നിലാക്കിയത്. സെവാഗിന്റെ സ്്‌ട്രൈക്കറേറ്റ് 144.16 ആയിരുന്നു. പൃഥ്വിയുടെ ഇന്നത്തെ പവര്‍പ്ലേയിലെ സ്‌ട്രൈക്കറേറ്റ് 147.68 ആണ്.

1

പൃഥ്വി പുറത്തായതിന് പിന്നാലെ ഡേവിഡ് വാര്‍ണറും (4) മടങ്ങി. 12 പന്ത് നേരിട്ട വാര്‍ണറെ രവി ബിഷ്‌നോയിയാണ് പുറത്താക്കിയത്. ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഡല്‍ഹി ജഴ്‌സിയിലേക്ക് മടങ്ങിയെത്തിയ വാര്‍ണറെ രവി ബിഷ്‌നോയ് ബധോനിയുടെ കൈയിലെത്തിക്കുകയായിരുന്നു. ബിഷ്‌നോയ് വാര്‍ണര്‍ക്കെതിരേ ആറ് പന്തുകള്‍ എറിഞ്ഞപ്പോള്‍ മൂന്ന് തവണ മടക്ക ടിക്കറ്റ് നല്‍കാന്‍ യുവ സ്പിന്നര്‍ക്കായി. വിട്ടുകൊടുത്തത് വെറും അഞ്ച് റണ്‍സ് മാത്രമാണ്.

1

മൂന്നാമനായി ക്രീസിലെത്തിയ റോവ്മാന്‍ പവല്‍ (10 പന്തില്‍ 3) നിരാശപ്പെടുത്തി. മികച്ച റണ്‍റേറ്റില്‍ പോയിരുന്ന ഡല്‍ഹിയെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമാണ് പവല്‍ പുറത്തെടുത്തത്. രവി ബിഷ്‌നോയ് പവലിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. എന്നാല്‍ നാലാം വിക്കറ്റിലൊത്തുചേര്‍ന്ന റിഷഭ് പന്തും (39*) സര്‍ഫറാസ് ഖാനും (36*) ചേര്‍ന്ന് ഡല്‍ഹി സ്‌കോര്‍ബോര്‍ഡിനെ മുന്നോട്ട് നയിച്ചു. 75 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ സൃഷ്ടിച്ചത്. റിഷഭ് 36 പന്ത് നേരിട്ട് മൂന്ന് ഫോറും രണ്ട് സിക്‌സും പറത്തിയപ്പോള്‍ സര്‍ഫറാസ് 28 പന്തില്‍ മൂന്ന് ബൗണ്ടറിയാണ് നേടിയത്. ഡെത്ത് ഓവറില്‍ ഗംഭീര ബൗളിങ് കാഴ്ചവെച്ച ലഖ്‌നൗ ബൗളര്‍മാര്‍ ഗുജറാത്തിനെ വലിയ ടോട്ടല്‍ നേടുന്നതില്‍ നിന്ന് തടുക്കുകയായിരുന്നു.

മറുപടിക്കിറങ്ങിയ ലഖ്‌നൗവിനും മികച്ച തുടക്കം ലഭിച്ചു. കെ എല്‍ രാഹുല്‍ (24) ആംഗര്‍ റോളില്‍ നിന്നപ്പോള്‍ ക്വിന്റന്‍ ഡീകോക്ക് റണ്‍സുയര്‍ത്തി. ടീമിലേക്ക് തിരിച്ചെത്തിയ സൂപ്പര്‍ പേസര്‍ ആന്‍ റിച്ച് നോക്കിയേയുടെ ആദ്യ ഓവറില്‍ 19 റണ്‍സടിച്ചാണ് ഡീകോക്ക് വരവേറ്റത്. ഇതില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടും. 25 പന്തില്‍ ഒരു ഫോറും സിക്‌സും നേടിയ രാഹുല്‍ കുല്‍ദീപ് യാദവിന് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ ലഖ്‌നൗ സ്‌കോര്‍ബോര്‍ഡ് 9.4 ഓവറില്‍ 73 റണ്‍സെന്ന മികച്ച നിലയില്‍.

1

മൂന്നാമന്‍ എവിന്‍ ലൂയിസിന് വെടിക്കെട്ട് ആവര്‍ത്തിക്കാനായില്ല. 13 പന്ത് നേരിട്ട താരം ഒരു ബൗണ്ടറി പോലും നേടാനാവാതെ അഞ്ച് റണ്‍സുമായി മടങ്ങി. ലളിത് യാദവിനാണ് വിക്കറ്റ്. കൃത്യമായി റണ്‍നിരക്കുയര്‍ത്തിയ ലഖ്‌നൗവിന് മൂക്കുകയറിടാന്‍ മധ്യ ഓവറുകളില്‍ ഡല്‍ഹി ബൗളര്‍മാര്‍ക്ക് സാധിച്ചില്ലെന്ന് തന്നെ പറയാം. ലഖ്‌നൗവിനായി ക്വിന്റന്‍ ഡീകോക്ക് തല്ലിത്തകര്‍ത്തു. 52 പന്തില്‍ 9 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 80 റണ്‍സ് നേടിയ ഡീകോക്കിനെ കുല്‍ദീപ് യാദവ് മടക്കുമ്പോള്‍ 16 ഓവറില്‍ 122 എന്ന മികച്ച നിലയിലേക്ക് ഡല്‍ഹി എത്തിയിരുന്നു.

1

അവസാന സമയത്ത് ലഖ്‌നൗവിനെ അല്‍പ്പനേരം സമ്മര്‍ദ്ദത്തിലാക്കാന്‍ ഡല്‍ഹി ബൗളര്‍മാര്‍ക്കായി. ക്രുണാല്‍ പാണ്ഡ്യ തുടക്കത്തിലേ റണ്‍സ് നേടാനാവാതെ പ്രയാസപ്പെട്ടെങ്കിലും 19ാം ഓവര്‍ എറിയാനെത്തിയ മുസ്തഫിസുര്‍ റഹ്‌മാനെ സിക്‌സര്‍ പറത്തി കളി നിയന്ത്രണത്തിലാക്കി. 14 റണ്‍സാണ് 19ാം ഓവറില്‍ പിറന്നത്. അവസാന ഓവറില്‍ ലഖ്‌നൗവിന് ജയിക്കാന്‍ അഞ്ച് റണ്‍സ്. എറിയാനെത്തിയ ശര്‍ദുല്‍ ഠാക്കൂര്‍ ആദ്യ പന്തില്‍ത്തന്നെ ദീപക് ഹൂഡയെ (13 പന്തില്‍ 11) പുറത്താക്കി.

രണ്ടാം പന്ത് ഡോട്ട് ബോളാക്കിയെങ്കിലും മൂന്നാം പന്ത് ബൗണ്ടറി കടത്തി ആയുഷ് ബധോനി സ്‌കോര്‍ ഒപ്പമെത്തിച്ചു. നാലാം പന്തില്‍ ശര്‍ദുലിനെ സിക്‌സര്‍ പറത്തി ആയുഷ് ബധോനി ലഖ്‌നൗവിനെ വിജയത്തിലേക്കെത്തിച്ചു. ക്രുണാല്‍ പാണ്ഡ്യ (14 പന്തില്‍ 19*), ബധോണി (3 പന്തില്‍ 10*) പുറത്താവാതെ നിന്നു. ഡല്‍ഹിക്കായി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും ലളിത് യാദവ്, ശര്‍ദുല്‍ ഠാക്കൂര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

1

രണ്ട് ടീമിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഡല്‍ഹി നിരയിലേക്ക് ഡേവിഡ് വാര്‍ണര്‍ എത്തിയതാണ് എടുത്തു പറയേണ്ടത്. കൂടാതെ മന്ദീപ് സിങ്ങിന് പകരം സര്‍ഫറാസ് ഖാനും ഡല്‍ഹിയുടെ പ്ലേയിങ് 11ലേക്കെത്തി. ലഖ്‌നൗ നിരയില്‍ മോശം ഫോമിലുള്ള മനീഷ് പാണ്ഡെക്ക് സ്ഥാനം നഷ്ടമായി. പകരം കൃഷ്ണപ്പ ഗൗതം പ്ലേയിങ് 11ല്‍ ഇടം പിടിച്ചു.

പ്ലേയിങ് 11: ഡല്‍ഹി- പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, റോവ്മാന്‍ പവല്‍, ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ആന്‍ റിച്ച് നോക്കിയേ.

ലഖ്‌നൗ- കെ എല്‍ രാഹുല്‍, ക്വിന്റന്‍ ഡീകോക്ക്, എവിന്‍ ലെവിസ്, കൃഷ്ണപ്പ ഗൗതം, ദീപക് ഹൂഡ, ആയുഷ് ബധോനി, ക്രുണാല്‍ പാണ്ഡ്യ, ജേസന്‍ ഹോള്‍ഡര്‍, ആവേഷ് ഖാന്‍, ആന്‍ഡ്രേ ടൈ, രവി ബിഷ്‌നോയ്

Story first published: Thursday, April 7, 2022, 23:46 [IST]
Other articles published on Apr 7, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+