
മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ത്രസിപ്പിക്കുന്ന വിജയവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു. ഇതോടെ പ്ലേഓഫിന് ഒരുപടി കൂടി അടുക്കാനും അവര്‍ക്കു സാധിച്ചു. ആറു റണ്‍സിന്റെ റണ്‍സിന്റെ വിജയമാണ് കെഎല്‍ രാഹുലിന്റെ ലഖ്‌നൗ ആഘോഷിച്ചത്. ഈ തോല്‍വിയോടെ ഡിസിയുടെ പ്ലേഓഫ് സാധ്യതകള്‍ക്കു തിരിച്ചടിയും നേരിട്ടു. സീസണില്‍ അവര്‍ക്കു നേരിട്ട അഞ്ചാമത്തെ പരാജയം കൂടിയാണിത്.
196 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ഡിസിക്കു ലഖ്‌നൗ നല്‍കിയത്. റണ്‍ചേസില്‍ അവര്‍ വീറോടെ തന്നെ പൊരുതിനോക്കിയെങ്കിലും വിക്കറ്റുകളെടുത്ത് ലഖ്‌നൗ പിടിമുറുക്കിക്കൊണ്ടിരുന്നു. ഓരോ തവണയും ഡിസി കളിയില്‍ മുന്നില്‍ കയറുമ്പോഴും വിക്കറ്റ് പിഴുത് ലഖ്‌നൗ മൂക്കുകയറിടുകയായിരുന്നു. ഒടുവില്‍ ഏഴു വിക്കറ്റിനു 189 റണ്‍സെടുത്ത് ഡിസി കീഴടങ്ങി. 44 റണ്‍സെടുത്ത നായകന്‍ റിഷഭ് പന്താണ് ഡിസിയുടെ ടോപ്‌സ്‌കോറര്‍. 30 ബോളില്‍ അദ്ദേഹം ഏഴു ബൗണ്ടറികളും ഒരു സിക്‌സറമടിച്ചു. അക്ഷര്‍ പട്ടേല്‍ (42*), മിച്ചെല്‍ മാര്‍ഷ് (37), റോമന്‍ പവെല്‍ (35) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. മാര്‍ഷ് 20 ബോളില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടിച്ചപ്പോള്‍ പവെല്‍ 21 ബോളില്‍ മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സറും നേടി.

ഓപ്പണിങ് ജോടികളായ പൃഥ്വി ഷായും (5) ഡേവിഡ് വാര്‍ണറും (3) ഫ്‌ളോപ്പായതാണ് ഡിസിയുടെ തോല്‍വിക്കു പ്രധാന കാരണം. പവര്‍പ്ലേയില്‍ തന്നെ ഇരുവരും മടങ്ങിയിരുന്നു. ലളിത് യാദവ് (3), ശര്‍ദ്ദുല്‍ ടാക്കൂര്‍ (1) എന്നിവരും നിരാശപ്പെടുത്തി. നാലു വിക്കറ്റുകളെടുത്ത പേസര്‍ മൊഹ്‌സിന്‍ ഖാനാണ് ഡല്‍ഹിയുടെ കഥ കഴിച്ചത്. നാലോവരില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം നാലുപേരെ പുറത്താക്കിയത്.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ലഖ്‌നൗ മൂന്നു വിക്കറ്റിനു 195 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ച കെഎല്‍ രാഹുലാണ് (77) ടോപ്‌സ്‌കോററായത്. 51 ബോളില്‍ നാലു ബൗണ്ടറികളും അഞ്ചു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 52 റണ്‍സെടുത്ത ദീപക് ഹൂഡയാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 34 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സുണ്ടായിരുന്നു. ക്വിന്റണ്‍ ഡികോക്ക് 23 റണ്‍സിനു പുറത്തായി. മാര്‍ക്കസ് സ്റ്റോയ്‌നിസ് (17*), ക്രുനാല്‍ പാണ്ഡ്യ (9*) പുറത്താവാതെ നിന്നു.

പവര്‍പ്ലേയില്‍ തന്നെ ഡികോക്കിനെ ലഖ്‌നൗവിനു നഷ്ടമായിരുന്നു. അഞ്ചാം ഓവറില്‍ ടീം സ്‌കോര്‍ 42ല്‍ നില്‍ക്കെയാണ് താരം പുറത്തായത്. 13 ബോളില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 23 റണ്‍സെടുത്ത ഡികോക്കിനെ ശര്‍ദ്ദുലിന്റെ ബൗളിങില്‍ ലളിത് യാദവ് പിടികൂടി. പക്ഷെ പിന്നീട് ലഖ്‌നൗ കളിയിലെ നിയന്ത്രണമേറ്റെടുത്തു. രാഹുല്‍- ഹൂഡ സഖ്യം 95 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് ലഖ്‌നൗ വലിയ സ്‌കോര്‍ ഉറപ്പാക്കിയത്. ഹൂഡയെ സ്വന്തം ബൗളിങില്‍ പിടികൂടി ടാക്കൂര്‍ ഈ ീകൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ രാഹുല്‍- സ്റ്റോയ്‌നിസ് ജോടി 39 റണ്‍സുമെടുത്തതോടെ ലഖനൗ 170 കടന്നു. രാഹുലാണ് അവസാനമായി പുറത്തായത്. ടാക്കൂറിന്റെ ബൗളിങില്‍ സിക്‌സറിന ശ്രമിച്ച രാഹുലിനെ ബൗണ്ടറി ലൈനിന് തൊട്ടിരികെ ഒരു അവിശ്വസനീയ ക്യാച്ചിലൂടെ ലളിത് യാദവ് പിടികൂടുകയായിരുന്നു.
ടോസ് ലഭിച്ച ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുല്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ ഒരു മാറ്റം വരുത്തിയാണ് ലഖ്‌നൗ ഇറങ്ങിയത്. എന്നാല്‍ ഡിസി തൊട്ടുമുമ്പത്തെ കളിയിലെ അതേ ടീമിനെ നിലനിര്‍ത്തി. പേസര്‍ ആവേശ് ഖാനു പകരം സ്പിന്നര്‍ ആവേശ് ഖാനാണ് ലഖ്‌നൗ ടീമിലേക്കു വന്നത്.
ലഖ്‌നൗവും ഡിസിയും തമ്മിലുള്ള രണ്ടാംപാദ മല്‍സരം കൂടിയായിരുന്നു ഇത്. നേരത്തേ നടന്ന ആദ്യപാദ പോരാട്ടത്തില്‍ ഡിസിയെ ലഖ്‌നൗ ആറു വിക്കറ്റിനു തകര്‍ത്തുവിട്ടിരുന്നു. മൂന്നാം റൗണ്ടിലായിരുന്നു ഇരുടീമുകളും മുഖാമുഖം വന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഡിസിക്കു മൂന്നു വിക്കറ്റിനു 149 റണ്‍സാണ് നേടാനായത്. 61 റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷായായിരുന്നു ടോപ്‌സ്‌കോറര്‍. റണ്‍ചേസില്‍ രണ്ടു ബോളുകളും ആറു വിക്കറ്റുകളും ബാക്കി നില്‍ക്കെ ലഖ്‌നൗ ലക്ഷ്യം നേടിയെടുക്കുകയായിരുന്നു. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കായിരുന്നു ടീമിന്റെ വിജയശില്‍പ്പി. 52 ബോളില്‍ നിന്നും ഒമ്പതു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം അദ്ദേഹം 80 റണ്‍സ് സ്‌കോര്‍ ചെയ്തു. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും ഡികോക്കായിരുന്നു.
ഗുജറാത്ത് ടൈറ്റന്‍സിനോടു അഞ്ചു വിക്കറ്റിനു തോറ്റു കൊണ്ടായിരുന്നു ലഖ്‌നൗവിന്റെ അരങ്ങേറ്റം. എന്നാല്‍ അടുത്ത മൂന്നു കളികളിലും ജയിച്ച് അവര്‍ ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവര്‍ക്കെതിരേയായിരുന്നു എല്‍എസ്ജിയുടെ വിജയം. അടുത്ത റൗണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ലഖ്‌നൗ മൂന്നു റണ്‍സിനു പൊരുതിവീണു. മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിനു തോല്‍പ്പിച്ച് അവര്‍ വിജയവഴിയില്‍ തിരിച്ചെത്തി. പക്ഷെ തൊട്ടടുത്ത മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു 18 റണ്‍സിന്റെ പരാജയം സമ്മതിക്കേണ്ടിവന്നു. അതിനു ശേഷം രണ്ടു തുടര്‍ ജയങ്ങള്‍ ലഖ്‌നൗ സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ് എന്നിവര്‍ക്കെതിരേയായിരുന്നു ഇത്.
അതേസമയം, മുംബൈ ഇന്ത്യന്‍സിനെ നാലു വിക്കറ്റിനു തോല്‍പ്പിച്ചായിരുന്നു ഡിസി തുടങ്ങിയത്. അടുത്ത രണ്ടു മല്‍സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരോടു തോല്‍വിയേറ്റു വാങ്ങി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 44 റണ്‍സിനു തകര്‍ത്ത് ഡിസി വിജയവഴിയില്‍ തിരിച്ചെത്തി. തൊട്ടടുത്ത കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ 16 റണ്‍സിന്റെ തോല്‍വി. പഞ്ചാബ് കിങ്‌സിനെ ഒമ്പതു വിക്കറ്റിനു തകര്‍ത്ത് ഡിസി വീണ്ടും തിരിച്ചുവന്നു. പക്ഷെ അടുത്ത കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനോടു 15 റണ്‍സിനു കീഴടങ്ങി. അവസാന കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഡിസി നാലു വിക്കറ്റിനു തോല്‍പ്പിച്ചിരുന്നു.
പ്ലെയിങ് ഇലവന്‍
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്- കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയ്ിസ്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ആയുഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, മൊഹ്‌സിന്‍ ഖാന്‍, ദുഷ്മന്ത് ചമീര, രവി ബിഷ്‌നോയ്, കെ ഗൗതം.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റോമന്‍ പവെല്‍, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്മാന്‍, ചേതന്‍ സക്കാരിയ.