Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പകവീട്ടി കുല്‍ദീപ്, കെകെആര്‍ ചാരം, ഡല്‍ഹിക്ക് വമ്പന്‍ ജയം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് വമ്പന്‍ ജയം. 44 റണ്‍സിനാണ് റിഷഭും സംഘവും വിജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 215 എന്ന വമ്പന്‍ ടോട്ടല്‍ ഉയര്‍ത്തിയപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ 19.4 ഓവറില്‍ 171 റണ്‍സിലൊതുങ്ങി. നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് കെകെആറിന്റെ അന്തകനായത്. ഡേവിഡ് വാര്‍ണര്‍ (61), പൃഥ്വി ഷാ (51), ശര്‍ദുല്‍ ഠാക്കൂര്‍ (29*) എന്നിവരുടെ ബാറ്റിങ്ങാണ് ഡല്‍ഹിക്ക് വമ്പന്‍ ടോട്ടല്‍ സമ്മാനിച്ചത്. കെകെആറിനായി സുനില്‍ നരെയ്ന്‍ രണ്ടും ആന്‍ഡ്രേ റസല്‍, വരുണ്‍ ചക്രവര്‍ത്തി, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഡല്‍ഹി പതറാതെയാണ് തുടക്കം മുതല്‍ ബാറ്റുവീശിയത്. പൃഥ്വി ഷായ്‌ക്കൊപ്പം (51) ഡേവിഡ് വാര്‍ണറും ഫോമിലേക്കെത്തിയതോടെ ഡല്‍ഹി സ്‌കോര്‍ബോര്‍ഡ് അതിവേഗത്തില്‍ ഉയര്‍ത്തു. പതിവ് പോലെ പൃഥ്വി ഷാ തല്ലിത്തകര്‍ത്തു. 29 പന്തില്‍ 7 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 175.86 സ്‌ട്രൈക്കറേറ്റിലായിരുന്നു പൃഥ്വിയുടെ പ്രകടനം. കഴിഞ്ഞ മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ പൃഥ്വി തന്റെ ഫോം നിലനിര്‍ത്തുന്നത് ഡല്‍ഹിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. കെകെആറിനെതിരേ മികച്ച റെക്കോഡുള്ള പൃഥ്വി ഈ പതിവ് തെറ്റിച്ചില്ല.

62, 99, 14, 66, 82, 18, 51 എന്നിങ്ങനെയാണ് കെകെആറിനെതിരേ പൃഥ്വിയുടെ ഇതുവരെയുള്ള സ്‌കോര്‍. ഒരു ടീമിനെതിരേ ഒറ്റ സംഖ്യയില്‍ പുറത്താവാതെ കൂടുതല്‍ റണ്‍സെന്ന റെക്കോഡില്‍ മൂന്നാം സ്ഥാനത്തേക്കെത്താനും പൃഥ്വിക്കായി. ഇത് ഏഴാം തവണയാണ് കെകെആറിനെതിരേ പൃഥ്വി രണ്ടക്കം കാണുന്നത്. കെകെആറിനെതിരേ കൂടുതല്‍ റണ്‍സെന്ന റെക്കോഡില്‍ ശിഖര്‍ ധവാനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കും പൃഥ്വിയെത്തി. 392 റണ്‍സാണ് പൃഥ്വിയുടെ പേരിലുള്ളത്. 395 റണ്‍സുമായി വിരാട് കോലിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

1

ഒന്നാം വിക്കറ്റില്‍ 93 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാനും പൃഥ്വിക്കായി. വലിയ സ്‌കോറിലേക്കുയരുമെന്ന് തോന്നിച്ചെങ്കിലും വരുണ്‍ ആരോണ്‍ പൃഥ്വിയെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. മൂന്നാം നമ്പറില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി റിഷഭ് പന്താണ് ബാറ്റ് ചെയ്യാനെത്തിയത്. അവസാന മത്സരത്തില്‍ മെല്ലപ്പോക്ക് ബാറ്റിങ്ങുകൊണ്ട് പഴികേട്ട റിഷഭ് ഇത്തവണ തുടക്കം മുതല്‍ ആക്രമണ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 14 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും പറത്തിയ റിഷഭ് 27 റണ്‍സുമായാണ് മടങ്ങിയത്. ആന്‍ഡ്രേ റസലാണ് ഡല്‍ഹി നായകന് മടക്ക ടിക്കറ്റ് നല്‍കിയത്. മുംബൈ ഇന്ത്യന്‍സിനെതിരേ ശ്രദ്ധേയ പ്രകടനം നടത്തി കൈയടി നേടിയ ലളിത് യാദവിന് മികവ് ആവര്‍ത്തിക്കാനായില്ല. നാല് പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയ ലളിതിനെ സുനില്‍ നരെയ്ന്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു.

വമ്പനടിക്കാരനെന്ന് പേരുള്ള റോവ്മാന്‍ പവല്‍ നിരാശപ്പെടുത്തുന്നത് തുടരുന്നു. ആറ് പന്തില്‍ ഒരു സിക്‌സടക്കം എട്ട് റണ്‍സ് നേടിയ പവലിനെ നരെയ്‌നാണ് പുറത്താക്കിയത്. ഒമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് മടങ്ങിയെത്തിയ ഡേവിഡ് വാര്‍ണര്‍ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ കെകെആറിനെതിരേ അര്‍ധ സെഞ്ച്വറിയോടെ അദ്ദേഹം തിരിച്ചുവരവ് നടത്തി. 45 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 61 റണ്‍സുമായാണ് വാര്‍ണര്‍ മടങ്ങിയത്. ഉമേഷ് യാദവിനായിരുന്നു വിക്കറ്റ്.

1

അവസാന ഓവറുകളില്‍ അക്ഷര്‍ പട്ടേലും ശര്‍ദുല്‍ ഠാക്കൂറും ചേര്‍ന്ന് റണ്‍സുയര്‍ത്തി. ശര്‍ദുല്‍ 11 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 29 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ അക്ഷര്‍ പട്ടേല്‍ 14 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമുള്‍പ്പെടെ 22* റണ്‍സുമായി മികച്ച പിന്തുണയും നല്‍കി. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണ് ഡല്‍ഹി പടുത്തുയര്‍ത്തിയത്.

മറുപടിക്കിറങ്ങിയ കെകെആറിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ഓപ്പണര്‍മാരായ അജിന്‍ക്യ രഹാനെക്കും (14 പന്തില്‍ 8), വെങ്കടേഷ് അയ്യര്‍ക്കും (8 പന്തില്‍ 18) കാര്യമായൊന്നും ചെയ്യാനായില്ല. മൂന്നാം വിക്കറ്റില്‍ ശ്രേയസ് അയ്യര്‍ (33 പന്തില്‍ 54) നിധീഷ് റാണ (20 പന്തില്‍ 30) കൂട്ടുകെട്ട് കെകെആറിന് വലിയ പ്രതീക്ഷ നല്‍കിയെങ്കിലും റാണയെ മടക്കി ലളിത് യാദവ് ഡല്‍ഹിയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. മൂന്ന് സിക്‌സുകള്‍ നേടിയ റാണ ഫുള്‍ട്ടോസിലാണ് പുറത്തായത്. 79 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. 33 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സുമടക്കം വലിയ പ്രതീക്ഷ നല്‍കിയ ശ്രേയസിനെ കുല്‍ദീപ് യാദവ് പുറത്താക്കിയത് മത്സരത്തില്‍ വഴിത്തിരിവായി.

1

സാം ബില്ലിങ്‌സും (9 പന്തില്‍ 15) വലിയ സ്‌കോര്‍ നേടാതെ മടങ്ങി. പാറ്റ് കമ്മിന്‍സ് (4), സുനില്‍ നരെയ്ന്‍ (4), ഉമേഷ് യാദവ് (0) എന്നിവരെ ഒരേ ഓവറില്‍ കുല്‍ദീപ് യാദവ് വീഴ്ത്തിയത് കെകെആറിന്റെ അവസാന പ്രതീക്ഷകളും അസ്തമിപ്പിച്ചു. നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് തന്നെ ബെഞ്ചിലിരുത്തി മുരടിപ്പിച്ച മുന്‍ ടീമായ കെകെആറിനോട് പകരം വീട്ടുകയായിരുന്നുവെന്ന് പറയാം. വമ്പനടിക്കാരനായ ആന്‍ഡ്രേ റസലിനും (21 പന്തില്‍ 24) കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. ഖലീല്‍ അഹമ്മദ് മൂന്നും ശര്‍ദുല്‍ ഠാക്കൂര്‍ രണ്ടും ലളിത് യാദവ് ഒരു വിക്കറ്റും വീഴ്ത്തി കുല്‍ദീപിന് മികച്ച പിന്തുണ നല്‍കി.

ടോസ് നേടിയ കെകെആര്‍ നായകന്‍ ശ്രേയസ് അയ്യര്‍ ഡല്‍ഹിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഈ സീസണിലെ എല്ലാ മത്സരങ്ങളും ടോസ് നേടിയ ടീം ബൗളിങ് തിരഞ്ഞെടുത്തുവെന്നതാണ് എടുത്തുപറയേണ്ട കാര്യം. മഞ്ഞ് വീഴ്ച തന്നെയാണ് നായകന്മാരെ രണ്ടാമത് ബാറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. രണ്ട് ടീമും ശക്തമായ ടീമായതിനാല്‍ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

1

ഡല്‍ഹി ക്യാപിറ്റല്‍സ്-പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, റോവ്മാന്‍ പവല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ഖലീല്‍ അഹമ്മദ്

കെകെആര്‍ - അജിന്‍ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍, സാം ബില്ലിങ്സ്, നിധീഷ് റാണ, ആന്‍ഡ്രേ റസല്‍, സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ്, റാസിഖ് സലാം, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

Story first published: Sunday, April 10, 2022, 19:42 [IST]
Other articles published on Apr 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+