
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശകരമായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സ് തകര്‍പ്പന്‍ ജയം നേടിയിരിക്കുകയാണ്. അവസാന ഓവറിലേക്ക് നീണ്ട ആവേശകരമായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഗുജറാത്ത് ലഖ്‌നൗവിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കി നിര്‍ത്തി വിജയം നേടുകയായിരുന്നു.

നായകനെന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യക്കും അഭിനന്ദനം അര്‍ഹിക്കുന്ന ജയമാണ് ഗുജറാത്തിന്റേത്. മത്സരത്തില്‍ ഓള്‍റൗണ്ട് മികവോടെ കൈയടി നേടാന്‍ ഹര്‍ദിക്കിനായി. നാല് ഓവര്‍ പന്തെറിഞ്ഞ് 37 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാനായില്ല. ബാറ്റിങ്ങിനിറങ്ങി 28 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമടക്കം 33 റണ്‍സുമായി ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളിക്കാന്‍ ഹര്‍ദിക്കിന് സാധിച്ചു. മത്സരത്തില്‍ ആരാധകര്‍ക്ക് ആവേശം സൃഷ്ടിച്ചത് ചേട്ടനും അനിയനും തമ്മിലുള്ള പോരാട്ടമാണ്.

ഹര്‍ദിക് ഗുജറാത്ത് നായകനാണെങ്കില്‍ ചേട്ടന്‍ ക്രുണാല്‍ പാണ്ഡ്യ ലഖ്‌നൗവിന്റെ ഓള്‍റൗണ്ടറാണ്. മത്സരത്തില്‍ ഹര്‍ദിക്കിനെതിരേ പന്തെറിയാന്‍ ക്രുണാല്‍ എത്തുന്നത് കാത്തിരിക്കുകയായിരുന്നു എല്ലാവരും. എന്തായാലും ആരാധക പ്രതീക്ഷ തെറ്റാതെ ക്രുണാല്‍ ഹര്‍ദിക്കിനെതിരേ പന്തെറിഞ്ഞു. പന്തെറിയുക മാത്രമല്ല വിക്കറ്റും നേടിയെന്നതാണ് രസകരം. ക്രുണാലിനെ വലിയ ഷോട്ടിന് ശ്രമിച്ച ഹര്‍ദിക് മനീഷ് പാണ്ഡെക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്.

അനിയന്റെ വിക്കറ്റ് നേട്ടം ക്രുണാല്‍ ആഘോഷിക്കാതെ ഇരുന്നില്ല. സഹതാരങ്ങളോടൊപ്പം കെട്ടിപ്പിടിച്ചുതന്നെ ഹര്‍ദിക്കിന്റെ വിക്കറ്റ് ക്രുണാല്‍ ആഘോഷിച്ചു. മത്സരത്തില്‍ മികച്ച സ്‌കോറിലേക്ക് നീങ്ങിയ ഹര്‍ദിക്കിനെ പുറത്തായത് മത്സരത്തിന്റെ വഴിത്തിരിവായ നിമിഷമായിരുന്നു. ഹര്‍ദിക് ക്രീസിലുണ്ടായിരുന്നെങ്കില്‍ അവസാന ഓവറിലേക്ക് നീളുന്നതിന് മുമ്പെ മത്സരം അവസാനിപ്പിക്കുമായിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ വലിയ ഉടക്കിലായിരുന്ന ക്രുണാല്‍ പാണ്ഡ്യയും ദീപക് ഹൂഡയും ഒന്നിച്ച് ലഖ്‌നൗ ടീമിലേക്കെത്തുമ്പോള്‍ എന്ത് സംഭവിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ തങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു രണ്ട് പേരും കളത്തില്‍ പെരുമാറിയത്. ആദ്യ ഓവറില്‍ ശുബ്മാന്‍ ഗില്‍ പുറത്തായപ്പോള്‍ ഹൂഡയെ ക്രുണാല്‍ എടുത്തുയര്‍ത്തിയാണ് ആഘോഷിച്ചത്. ക്രുണാലുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ബറോഡ ടീം വിട്ട താരമാണ് ഹൂഡ. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു.

എന്തായാലും ഹര്‍ദിക്കിന്റെ ഗുജറാത്ത് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഹര്‍ദിക് നായകനായി തിളങ്ങിയപ്പോള്‍ രാഹുല്‍ പഴയ അബദ്ധങ്ങളും പിഴവുകളും വീണ്ടും ആവര്‍ത്തിച്ചു. 16,17 ഓവറുകള്‍ സ്പിന്നിനെ ഏല്‍പ്പിക്കാനുള്ള കെ എല്‍ രാഹുലിന്റെ പദ്ധതി പാളി. ദീപക് ഹൂഡയുടെ ഓവറില്‍ 22 റണ്‍സും രവി ബിഷ്‌നോയിയുടെ ഓവറില്‍ 17 റണ്‍സും നേടിയതാണ് ഗുജറാത്തിന് മത്സരത്തിലേക്ക് തിരിച്ചെത്താന്‍ കരുത്തായത്.