For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'ഇവര്‍ക്കിത് എന്തുപറ്റി', ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുന്ന അഞ്ച് പ്രമുഖരിതാ

ഇത്തവണ രോഹിത് തീര്‍ത്തും നിരാശപ്പെടുത്തുന്നു. ഇത്തവണ മുംബൈ ഇന്ത്യന്‍സിന്റെ തകര്‍ച്ചക്ക് പ്രധാന കാരണം രോഹിത്തിന്റെ മോശം ഫോമാണ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഗ്രൂപ്പു ഘട്ട മത്സരങ്ങള്‍ പാതി പിന്നിടുമ്പോള്‍ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവാത്ത അവസ്ഥ. ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരെല്ലാമാണ് ശക്തമായ രപോരാട്ടത്തോടെ നിലവില്‍ മുന്നിട്ട് നില്‍ക്കുന്നത്. ആര്‍സിബിയും പഞ്ചാബ് കിങ്‌സും ഭേദപ്പെട്ട് നില്‍ക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, കെകെആര്‍, സിഎസ്‌കെ, മുംബൈ ഇന്ത്യന്‍സ് എന്നിവരെല്ലാം പിന്നോട്ട് പോകുന്ന അവസ്ഥ.

ഇതില്‍ മുംബൈ ഇന്ത്യന്‍സിന്റെയും സിഎസ്‌കെയുടെയും പ്രകടനമാണ് ഏറ്റവും മോശം. മുംബൈ എട്ട് മത്സരവും തോറ്റപ്പോള്‍ സിഎസ്‌കെ എട്ട് മത്സരത്തില്‍ രണ്ട് മത്സരം മാത്രമാണ് ജയിച്ചത്. ആറിലും തോറ്റു. ഡല്‍ഹിക്ക് ഏഴ് മത്സരത്തില്‍ മൂന്ന് ജയവും കെകെആറിന് എട്ട് മത്സരത്തില്‍ നിന്ന് മൂന്ന് ജയവുമാണ് നേടാനായത്. സിഎസ്‌കെയും മുംബൈയും ചാമ്പ്യന്‍ ടീമുകളാണെങ്കിലും ഇത്തവണ ഇരു ടീമിന്റെയും കണക്കുകൂട്ടലുകളെല്ലാം പിഴച്ചിരിക്കുകയാണ്.

ഇത്തവണത്തെ സീസണിന്റെ ഏറ്റവും വലിയ സവിശേഷതയായി പറയാന്‍ സാധിക്കുന്നത് സൂപ്പര്‍ താരങ്ങളുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ്. പതിവ് പോലെ നിരവധി യുവതാരങ്ങള്‍ പ്രതീക്ഷ നല്‍കി പ്രകടന മികവ് കാട്ടുമ്പോള്‍ പല സീനിയേഴ്‌സിനും തല ഉയര്‍ത്താനാവാത്ത അവസ്ഥ. ടീമുകളുടെ നട്ടെല്ലായിരുന്നു ഇവരില്‍ പലരും. അതുകൊണ്ട് തന്നെ ഇവരുടെ മോശം ഫോം ടീമിനെയും പ്രതികൂലമായി ബാധിക്കുന്നു. ഇത്തവണ വലിയ പ്രതീക്ഷയോടെയെത്തി തീര്‍ത്തും നിരാശപ്പെടുത്തുന്ന അഞ്ച് താരങ്ങളിതാ.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാനെന്ന വിശേഷണം പോലും ലഭിക്കുന്ന താരമാണ് രോഹിത് ശര്‍മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനൊപ്പം മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. അഞ്ച് തവണ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലെത്തിച്ച നായകനെന്നതിലുപരി ബാറ്റ്‌സ്മാനായി മിന്നും പ്രകടനം നടത്താനും രോഹിത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ രോഹിത് തീര്‍ത്തും നിരാശപ്പെടുത്തുന്നു. ഇത്തവണ മുംബൈ ഇന്ത്യന്‍സിന്റെ തകര്‍ച്ചക്ക് പ്രധാന കാരണം രോഹിത്തിന്റെ മോശം ഫോമാണ്. എട്ട് ഇന്നിങ്‌സില്‍ നിന്ന് 19.12 ശരാശരിയില്‍ 153 റണ്‍സാണ് രോഹിത്തിന് നേടാനായത്.

സ്‌ട്രൈക്കറേറ്റ് 126. ഉയര്‍ന്ന സ്‌കോര്‍ 41. ജയദേവ് ഉനദ്ഘട്ട് രോഹിത്തിനെക്കാള്‍ ഈ സീസണില്‍ ബാറ്റിങ് ശരാശരിയുണ്ട്. തുടര്‍ തോല്‍വികളുടെ സമ്മര്‍ദ്ദം മുംബൈ നായകനെ വേട്ടയാടുന്നു. പൊതുവേ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ രോഹിത് മിടുക്കനാണെങ്കിലും ഇത്തവണ ഈ മികവ് കാട്ടാനാവുന്നില്ല. രോഹിത്തിന്റെ മോശം ഇന്ത്യന്‍ ടീമിനും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ രോഹിത് ഫോമിലേക്കെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.

വിരാട് കോലി

വിരാട് കോലി

ഇത്തവണത്തെ വിരാട് കോലിയുടെ പ്രകടനം വിരോധികളെപ്പോലും നിരാശരാക്കുന്നതാണ്. ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമെന്ന വിശേഷമുള്ള കോലിക്ക് ഇത്തവണ തൊട്ടതെല്ലാം പിഴക്കുന്നു. അവസാന സീസണോടെ ആര്‍സിബിയുടെ നായകസ്ഥാനം ഒഴിഞ്ഞ കോലിക്ക് ഇത്തവണ ബാറ്റിങ്ങില്‍ വലിയ പ്രതീക്ഷകളായിരുന്നെങ്കിലും ഒന്നും ചെയ്യാനാവാത്ത അവസ്ഥ. രണ്ട് പന്ത് പോലും ക്രീസില്‍ നില്‍ക്കാന്‍ കോലിക്ക് സാധിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരം. അവസാന രണ്ട് മത്സരത്തിലും കോലി ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്.

എട്ട് മത്സരത്തില്‍ 17 ശരാശരിയില്‍ 119 റണ്‍സാണ് കോലിക്ക് നേടാനായത്. 48 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സ്ട്രൈക്കറേറ്റ് 122.68. കോലിക്ക് തിളങ്ങാനാവാത്തത് ആര്‍സിബിയുടെ കുതിപ്പിനെയും പ്രതികൂലമായി ബാധിക്കുന്നു. കോലി വിശ്രമത്തില്‍ പോകേണ്ട സമയമായെന്നാണ് കൂടുതല്‍ ആളുകളും വിലയിരുത്തുന്നത്. ഇന്ത്യയുടെ നായകസ്ഥാനം ഒഴിയേണ്ടി വന്നത് കോലിയെ മാനസികമായി തളര്‍ത്തിയിട്ടുണ്ട്. എന്തായാലും ബാറ്റുകൊണ്ട് കോലിക്ക് പഴയ മിടുക്കില്ല. അദ്ദേഹത്തിന്റെ അവസാന സെഞ്ച്വറി പിറന്നിട്ട് മൂന്ന് വര്‍ഷത്തിലേറെയായിരിക്കുന്നു. കോലി തന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്.

റുതുരാജ് ഗെയ്ക് വാദ്

റുതുരാജ് ഗെയ്ക് വാദ്

അവസാന സീസണിലെ ഓറഞ്ച് ക്യാപ്പിനുടമയാണ് റുതുരാജ് ഗെയ്ക് വാദ്. ക്ലാസിക് ശൈലിയോടെ സ്ഥിരത കാട്ടാന്‍ കഴിയുന്ന റുതുരാജില്‍ ടീമിന് പ്രതീക്ഷകളേറെയായിരുന്നെങ്കിലും താരം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. പഴയ സ്ഥിരതയും ഫോമും താരത്തിനില്ല. ഇത്തവണ സിഎസ്‌കെയുടെ തകര്‍ച്ചക്ക് പ്രധാന കാരണങ്ങളിലൊന്ന് റുതുരാജിന്റെ മോശം ഫോമാണ്. മികച്ച തുടക്കം സിഎസ്‌കെയ്ക്ക് ലഭിക്കുന്നില്ല.

ഫഫ് ഡുപ്ലെസിസിനെ കൈവിട്ടുകളഞ്ഞതില്‍ ഇപ്പോള്‍ സിഎസ്‌കെ ദുഖിക്കുന്നുണ്ടാവും. എട്ട് മത്സരത്തില്‍ നിന്ന് 138 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു അര്‍ധ സെഞ്ച്വറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ മറ്റ് മത്സരങ്ങളിലെല്ലാം നിരാശപ്പെടുത്തി. ഇന്ത്യന്‍ ടീമിലേക്കും പ്രതീക്ഷയോടെ നോക്കിയിരുന്ന റുതുരാജിന് പക്ഷെ ഇത്തവണ പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല. ശേഷിക്കുന്ന മത്സരങ്ങളില്‍ വമ്പന്‍ ബാറ്റിങ് പ്രകടനത്തോടെ റുതുരാജിന് തിരിച്ചുവരാന്‍ സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്‌മെന്റ് ഇത്തവണ കാട്ടിയ വലിയ മണ്ടത്തരം. അതാണ് റുതുരാജ് ഗെയ്ക്‌വാദ്. 15.25 കോടിക്ക് മെഗാ ലേലത്തില്‍ മുംബൈ തിരിച്ചെത്തിച്ചത് എന്തിനായിരുന്നുവെന്ന് ഇന്ന് ചിന്തിച്ചുപോകുന്ന അവസ്ഥ. വമ്പന്‍ ഷോട്ടുകളോടെ കളം നിറഞ്ഞ് കളിക്കാന്‍ പ്രതിഭയുള്ളവനാണെങ്കിലും നിലവില്‍ ആ മികവ് കാട്ടാന്‍ ഇഷാന് സാധിക്കുന്നില്ല. 81*, 53 എന്നിങ്ങനെ രണ്ട് തുടര്‍ അര്‍ധ സെഞ്ച്വറികളോടെ ഗംഭീരമായാണ് ഇഷാന്‍ തുടങ്ങിയത്. എന്നാല്‍ പിന്നീടങ്ങോട്ട് 14, 26, 3, 13, 0, 8 എന്നിങ്ങനെയായിരുന്നു ഇഷാന്റെ സ്‌കോര്‍. സ്ഥിരത കാട്ടാനാവുന്നില്ലെന്ന് മാത്രമല്ല ടീമിനെ സമ്മര്‍ദ്ദത്തിലാക്കുകയുമാണ് നിലവില്‍ ഇഷാന്‍ ചെയ്യുന്നത്. നിലവിലെ താരത്തിന്റെ പ്രകടനം ആരാധകരെയും നിരാശരാക്കുന്നു. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് ഇഷാന്‍ കിഷന് വിളിയെത്താനുള്ള സാധ്യതകളും കുറയുകയാണെന്ന് പറയാം.

കറെന്‍ പൊള്ളാര്‍ഡ്

കറെന്‍ പൊള്ളാര്‍ഡ്

ഐപിഎല്ലില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് കറെന്‍ പൊള്ളാര്‍ഡ്. മുംബൈ ഇന്ത്യന്‍സ് ഫിനിഷറായി തിളങ്ങിയിരുന്ന പൊള്ളാര്‍ഡിന് പക്ഷെ ഇപ്പോള്‍ പഴയ ഫോം ഇല്ല. എട്ട് ഇന്നിങ്‌സില്‍ നിന്ന് നേടിയത് 115 റണ്‍സ് മാത്രം. മികച്ച പിന്തുണ ലഭിക്കാത്തതിനാല്‍ത്തന്നെ ഫിനിഷിങ്ങിലും മികവ് കാട്ടാന്‍ സാധിക്കുന്നില്ല. പൊള്ളാര്‍ഡിന്റെ മോശം ഫോം മുംബൈയുടെ ഇത്തവണത്തെ തോല്‍വിയുടെ പ്രധാന കാരമാണെന്ന് പറയാം. പൊള്ളാര്‍ഡും നിലവിലെ സാഹചര്യത്തില്‍ വിശ്രമം ആവിശ്യപ്പെടുന്നു.

Story first published: Tuesday, April 26, 2022, 12:33 [IST]
Other articles published on Apr 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+