IPL 2022: കോലി, രോഹിത്, ധോണി, ആരാണ് ഇഷ്ട നായകന്‍? രാഹുല്‍ തെവാത്തിയ തിരഞ്ഞെടുക്കുന്നു

രാജ്‌കോട്ട്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ മെഗാ ലേലം പൂര്‍ത്തിയായിരിക്കുകയാണ്. ഇനി പോരാട്ടത്തിന്റെ നാളുകളാണ്. ഇത്തവണ 10 ടീമുകള്‍ ടൂര്‍ണമെന്റിലേക്കെത്തുന്നതോടെ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. 2020 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഗംഭീര പ്രകടനം നടത്തി ഏവരുടെയും കൈയടി നേടിയ ഓള്‍റൗണ്ടറാണ് രാഹുല്‍ തെവാത്തിയ. രാജസ്ഥാന്‍ റോയല്‍സിന്റെ സ്പിന്‍ ഓള്‍റൗണ്ടറായിരുന്ന താരം ഷെല്‍ഡോന്‍ കോട്രല്ലിന്റെ ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ പറത്തിയാണ് ശ്രദ്ധേയ താരമായി മാറിയത്.
ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ് തെവാത്തിയ. ലേലത്തില്‍ 9 കോടിക്കാണ് തെവാത്തിയയെ ഗുജറാത്ത് സ്വന്തമാക്കിയത്. ക്രിക് ട്രാക്കറിന് നല്‍കിയ അഭിമുഖത്തില്‍ രസകരമായ പല കാര്യങ്ങളെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് തെവാത്തിയ. വിരാട് കോലി, രോഹിത് ശര്‍മ, എംഎസ് ധോണി എന്നിവരെല്ലാം ഐപിഎല്ലിലെ സൂപ്പര്‍ നായകന്മാരാണ്. എക്കാലത്തെയും മികച്ച നായകന്‍ ആരാണെന്ന ചോദ്യത്തിന് എംഎസ് ധോണിയെന്നാണ് അദ്ദേഹം ഉത്തരം നല്‍കിയത്.

തന്റെ ക്രിക്കറ്റിലെ റോള്‍ മോഡല്‍ യുവരാജ് സിങ്ങാണെന്നാണ് തെവാത്തിയ പറഞ്ഞത്. മുന്‍ ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടറായ യുവരാജ് 2007ലെ ടി20 ലോകകപ്പ് 2011ലെ ഏകദിന ലോകകപ്പ് കിരീടങ്ങള്‍ ഇന്ത്യയുടെ അലമാരയിലെത്തിച്ചതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ്. ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സ് 9 കോടിക്ക് സ്വന്തമാക്കിയപ്പോള്‍ എന്ത് തോന്നിയെന്ന ചോദ്യത്തിന് അനുഗ്രഹവും സന്തോഷവും അവസരവുമായി കാണുന്നുവെന്നാണ് തെവാത്തിയ പറഞ്ഞത്.

രാജസ്ഥാന്‍ റോയല്‍സില്‍ ഒപ്പമുണ്ടായിരുന്ന സഹതാരങ്ങളിലെ ഏറ്റവും അലസനായ താരമാരായിരുന്നുവെന്ന ചോദ്യത്തിന് മായങ്ക് മാര്‍ക്കണ്ഡെയെന്നാണ് തെവാത്തിയ ഉത്തരം നല്‍കിയത്. ഇത്തവണ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് മാര്‍ക്കണ്ഡെയുള്ളത്. ഇഷ്ടപ്പെട്ട വിനോദ സഞ്ചാര സ്ഥലമായി പാരിസാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ക്രിക്കറ്റ് താരമായില്ലായിരുന്നെങ്കില്‍ മറ്റേതെങ്കിലും കായിക ഇനത്തിലേക്ക് എത്തുമായിരുന്നുവോ എന്ന ചോദ്യത്തിനോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഹോക്കിയും ഗുസ്തിയും ഞങ്ങളുടെ നാട്ടില്‍ വളരെ പ്രാധാന്യം നല്‍കുന്ന കായിക ഇനങ്ങളാണ്. അതുകൊണ്ട് തന്നെ ഇതിലേതെങ്കിലും ഒന്ന് കളിക്കുമായിരുന്നു.

മുന്‍ താരങ്ങളില്‍ നേരിടണമെന്ന് ആഗ്രഹിച്ചിരുന്ന ബൗളര്‍ ആരായിരുന്നുവെന്നും തെവാത്തിയ വെളിപ്പെടുത്തി. മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ സ്പിന്നറുമായ അനില്‍ കുംബ്ലെയെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. അത്ഭുതപ്പെടുത്തിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായി ഷഫാലി വര്‍മയെയാണ് തെവാത്തിയ തിരഞ്ഞെടുത്തത്. ഇഷ്ട സിനിമയായി നമസ്‌തേ ലണ്ടനാണ് അദ്ദേഹം തിരഞ്ഞെടുത്തത്. കരിയറിലെ മികച്ച മത്സരമായി പഞ്ചാബ് കിങ്‌സിനെതിരേ ഷാര്‍ജയില്‍ നടന്ന മത്സരമാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
ഫോണില്‍ നമ്പര്‍ സേവ് ചെയ്തിട്ടുള്ള ഏറ്റവും പ്രശസ്തനായ ക്രിക്കറ്റ് താരം റിഷഭ് പന്താണെന്നും തെവാത്തിയ തുറന്ന് പറഞ്ഞു. നിര്‍ത്താന്‍ ആഗ്രഹിക്കുന്ന ദുസ്വഭാവം നഖം കടിക്കുന്നതാണെന്നും താരം പറഞ്ഞു. ഡേറ്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന സെലിബ്രിറ്റി ആരാണെന്ന ചോദ്യത്തിന് ടെന്നിസ് സൂപ്പര്‍ താരം മരിയാ ഷറപ്പോവയെന്നാണ് തെവാത്തിയ ഉത്തരം നല്‍കിയത്.

2014ല്‍ ഐപിഎല്ലിലേക്ക് വരവറിയിച്ച തെവാത്തിയ രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളുടെ ഭാഗമായിട്ടുണ്ട്. ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പവും അദ്ദേഹം കളിക്കും. 48 പെിഎല്ലില്‍ നിന്നായി 521 റണ്‍സും 32 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഒരു തവണ മാത്രമാണ് അര്‍ധ സെഞ്ച്വറി നേടാനായത്. 18 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിരുന്നെങ്കിലും ഫിറ്റ്‌നസ് പ്രശ്‌നത്തെത്തുടര്‍ന്ന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചില്ല. ഇനിയൊരു മടങ്ങി വരവ് തെവാത്തിയയെ സംബന്ധിച്ച് പ്രയാസം തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications