IPL 2022: കഴിഞ്ഞ സീസണില്‍ കൂട്ടുകാര്‍, ഇനി ശത്രുക്കള്‍! ക്യാപ്റ്റന്‍മാരായി ഇവര്‍ നേര്‍ക്കുനേര്‍
ഐപിഎല്ലിന്റെ 15ാം സീസണിനു ഈ മാസം 26നു തുടക്കമാവുകയാണ്. നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും രണ്ടു തവണ ചാംപ്യന്‍മാരായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലാണ് ഉദ്ഘാടന മല്‍സരം. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഈ പോരാട്ടം.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നീ ഫ്രാഞ്ചൈസികളെ പുതിയ ക്യാപ്റ്റന്‍മാരാണ് ഇത്തവണ നയിക്കുക. കഴിഞ്ഞ സീസണില്‍ ഒരുമിച്ച് ഒരേ ടീമില്‍ കളിച്ച ചില താരങ്ങള്‍ പുതിയ സീസണില്‍ ക്യാപ്റ്റന്‍മാരായി ഇത്തവണ മുഖാമുഖം വരും. ആരൊക്കെയാണ് ഇവരെന്നു നമുക്കു പരിശോധിക്കാം.

ധോണി- ഡുപ്ലെസി
ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നേരത്തേ ഒരുമിച്ച് കളിച്ചിരുന്നവരാണ് എംഎസ് ധോണിയും സൗത്താഫ്രിക്കയുടെ വെറ്ററന്‍ ബാറ്റര്‍ ഫഫ് ഡുപ്ലെസിയും. അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്ന രണ്ടു പേരും വരാനിരിക്കുന്ന സീസണില്‍ നായകരായി പരസ്പരം കൊമ്പുകോര്‍ക്കും. ധോണി പതിവുപോലെ സിഎസ്‌കെയെ തന്നെ നയിക്കുമ്പോള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനാണ് ഡുപ്ലെസി.
കരിയറിന്റെ ഭൂരിഭാഗവും ഡുപ്ലെസി സിഎസ്‌കെയുടെ ഭാഗമായിരുന്നു. പക്ഷെ കഴിഞ്ഞ സീസണിനു ശേഷം അദ്ദേഹത്തെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയില്ല. ഇതോടെയാണ് മെഗാ ലേലത്തില്‍ സൂപ്പര്‍ താരത്തെ ആര്‍സിബി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിനു ശേഷം സ്ഥാനമൊഴിഞ്ഞ വിരാട് കോലിക്കു പകരമാണ് ഡുപ്ലെസി പുതിയ നായകനായി ചുമതലയേറ്റത്.

രോഹിത് ശര്‍മ - ഹാര്‍ദിക് പാണ്ഡ്യ
അഞ്ചു തവണ ജേതാക്കളായിട്ടുള്ള മുംബൈ ഇന്ത്യന്‍സില്‍ ദീര്‍ഘകാലം ഒരുമിച്ച് കളിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും പുതിയ സീസണില്‍ വ്യത്യസ്ത കൂടാരത്തിലാണ്. മുംബൈയിലൂടെ ഐപിഎല്‍ കരിയറിനു തുടക്കമിട്ട താരമാണ് ഹാര്‍ദിക്. ടീമിന്റെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളുമായിരുന്നു അദ്ദേഹം. രോഹിത്തിനു കീഴില്‍ മുംബൈയുടെ മാത്രമല്ല ഇന്ത്യയുടെയും ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി ഹാര്‍ദിക് വളരുകയായിരുന്നു.
പക്ഷെ കഴിഞ്ഞ സീസണിനു ശേഷം ഹാര്‍ദിക്കിനെ നിലനിര്‍ത്തേണ്ടതില്ലെന്ന തീരുമാനം മുംബൈ സ്വീകരിക്കുകയായിരുന്നു. എങ്കിലും മെഗാ ലേലത്തില്‍ താരത്തെ മുംബൈ തിരിച്ചുകൊണ്ടു വരുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ലേലത്തിനു മുമ്പ് തന്നെ പുതിയ ഫ്രാഞ്ചൈസികളിലൊന്നായ ഗുജറാത്ത് ടൈറ്റന്‍സ് ഹാദിക്കിനെ റാഞ്ചിയതോടെ മുംബൈയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. അദ്ദേഹത്തെ അവര്‍ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു. ഇതോടെ ഐപിഎല്ലില്‍ രോഹിത്തും ഹാര്‍ദിക്കും ആദ്യമായി നേര്‍ക്കുനേര്‍ വരാനുള്ള അവസരവുമൊരുങ്ങിയിരിക്കുകയാണ്.

റിഷഭ് പന്ത്- ശ്രേയസ് അയ്യര്‍
ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ പരസ്പരം കീഴില്‍ കളിച്ചിട്ടുള്ളവരാണ് ശ്രേയസ് അയ്യരും റിഷഭ് പന്തും. ശ്രേയസിന്റെ കീഴില്‍ റിഷഭാണ് കൂടുതലും കളിച്ചത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ശ്രേയസിനു പരിക്കേറ്റു പിന്‍മാറേണ്ടി വന്നതോടെ റിഷഭ് താല്‍ക്കാലിക ക്യാപ്റ്റനാവുകയായിരുന്നു. സീസണിന്റെ രണ്ടാംപകുതിയില്‍ ശ്രേയസ് ടീമിലേക്കു തിരിച്ചെത്തിയെങ്കിലും റിഷഭിനെ നായകസ്ഥാനത്തു തന്നെ ഡിസി നിലനിര്‍ത്തുകയായിരുന്നു.
പുതിയ സീസണിലും റിഷഭ് തന്നെയായിരിക്കും നായകനെന്നു ഡിസി തീരുമാനിച്ചതോടെ ശ്രേയസ് ടീം വിടാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. മെഗാ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തിയ അദ്ദേഹത്തിനു അവര്‍ ക്യാപ്റ്റന്‍സി നല്‍കുകയും ചെയ്തു. പുതിയ സീസണില്‍ ശ്രേയസും റിഷഭും ക്യാപ്റ്റന്‍മാരായി മുഖാമുഖം വരുമ്പോള്‍ പോരാട്ടം തീപാറുമെന്നുറപ്പാണ്.

കെഎല്‍ രാഹുല്‍- മായങ്ക് അഗര്‍വാള്‍
പഞ്ചാബ് കിങ്‌സില്‍ നേരത്തേ ടീമംഗങ്ങളായിരുന്നവരാണ് ഓപ്പണിങ് ജോടികള്‍ കൂടിയായ കെഎല്‍ രാഹുലും മായങ്ക് അഗര്‍വാളും. കഴിഞ്ഞ രണ്ടു സീസണുകളിലും പഞ്ചാബിനെ നയിച്ചത് രാഹുലായിരുന്നു. എന്നാല്‍ സീസണിനു ശേഷം അദ്ദേഹം ടീം വിടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് മായങ്കിനു സ്ഥിരം ക്യാപ്റ്റനായി നറുക്കുവീഴുന്നത്.
പുതിയ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയാണ് രാഹുല്‍ നയിക്കുന്നത്. വരാനിരിക്കുന്ന സീസണില്‍ അരങ്ങേറ്റത്തിനു തയ്യാറെടുക്കുന്ന ടീമുകൡലൊന്ന് കൂടിയാണ് അവര്‍. പഞ്ചാബ് നിലനിര്‍ത്താതിരുന്ന രാഹുലിനെ 17 കോടി രൂപയ്ക്കാണ് മെഗാ ലേലത്തിനു മുമ്പ് തന്നെ ലഖ്‌നൗ സ്വന്തമാക്കിയത്. മായങ്കിനെയാവട്ടെ കഴിഞ്ഞ സീസണില്‍ പഞ്ചാബ് നിലനിര്‍ത്തുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications