IPL 2022: 'അവന്റെ സ്‌ട്രൈക്കറേറ്റ് കുറവാണെങ്കിലും സ്ഥിരത അപാരം', രാഹുലിനെ പ്രശംസിച്ച് കൈഫ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകന്‍ കെ എല്‍ രാഹുല്‍. ആര്‍സിബി, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കൊപ്പം നനഞ്ഞ പടക്കമായിരുന്ന രാഹുല്‍ പഞ്ചാബ് കിങ്‌സിലേക്കെത്തിയതോടെ ആരെയും മോഹിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ നാല് സീസണിലും 500ന് മുകളില്‍ സ്‌കോര്‍ നേടാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്. പഞ്ചാബ് കിങ്‌സിന്റെ നായകനായ രാഹുല്‍ ഈ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകസ്ഥാനത്തേക്കെത്തുകയായിരുന്നു.
ഓപ്പണിങ്ങില്‍ രാഹുല്‍ മിന്നിക്കുന്ന സ്ഥിരത കാഴ്ചവെക്കുന്നുണ്ടെങ്കിലും സ്‌ട്രൈക്കറേറ്റ് അത്ര പോരാ. നിലയുറപ്പിക്കാന്‍ കൂടുതല്‍ ബോളെടുക്കുന്ന രാഹുല്‍ പവര്‍പ്ലേ മുതലാക്കാത്ത താരമാണെന്നാണ് പൊതുവേയുള്ള വിമര്‍ശനം. ടീമിന്റെ അവസ്ഥ നോക്കാതെ ഓറഞ്ച് ക്യാപ്പിനുവേണ്ടിയാണ് രാഹുല്‍ കളിക്കുന്നതെന്ന വിമര്‍ശനം പൊതുവേയുള്ളതാണ്. ഇപ്പോഴിതാ സ്‌ട്രൈക്കറേറ്റ് കുറവാണെങ്കിലും രാഹുലിന്റെ അസാമാന്യ സ്ഥിരതയെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

'രാഹുലിന്റെ സ്‌ട്രൈക്കറേറ്റ് 120-125നുള്ളിലായിരിക്കുമെങ്കിലും അവനെ ഞാന്‍ പ്രശംസിക്കും. കാരണം തുടര്‍ച്ചയായി 500ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന താരമാണവന്‍. രാഹുലിന്റെ സ്‌ട്രൈക്കറേറ്റിനെ നോക്കുന്നതിലും അവന്റെ സ്ഥിരതയാണ് അത്ഭുതപ്പെടുത്തുന്നത്. അവന്റെ റോളും ബാറ്റിങ് ഓഡറും നോക്കുമ്പോള്‍ അവന്‍ അത്തരം ഇന്നിങ്‌സുകള്‍ കളിക്കുന്നതിനെ തെറ്റ് പറയാനാവില്ല'- കൈഫ് പറഞ്ഞു.
ഈ സീസണിലും ഭേദപ്പെട്ട പ്രകടനമാണ് രാഹുല്‍ നടത്തുന്നത്. മൂന്ന് മത്സരത്തില്‍ നിന്ന് 108 റണ്‍സാണ് രാഹുല്‍ നേടിയത്. സ്‌ട്രൈക്കറേറ്റ് 140.20 ആണ്. അവസാന മത്സരത്തില്‍ 68 റണ്‍സ് രാഹുല്‍ നേടിയപ്പോള്‍ സ്‌ട്രൈക്കറേറ്റ് കുറവായിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹത്തിന് വലിയ വിമര്‍ശനം നേരിടേണ്ടി വന്നു. നായകനെന്ന നിലയില്‍ രാഹുലില്‍ ഇന്ത്യന്‍ ടീമടക്കം വലിയ പ്രതീക്ഷവെക്കുന്നുണ്ടെങ്കിലും അതിനൊത്ത് ഉയരാന്‍ ഇതുവരെ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്ന് പറയുന്നതാണ് സത്യം.

ഡല്‍ഹി-ലഖ്‌നൗ മത്സരത്തില്‍ ആന്‍ റിച്ച് നോക്കിയേ എത്തിയാല്‍ കൂടുതല്‍ ആവേശകരമാകുമെന്ന് കൈഫ് പറഞ്ഞു. ' ആന്‍ റിച്ച് നോക്കിയേ തുടര്‍ച്ചയായി 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ കെല്‍പ്പുള്ളവനാണ്. അവസാന സീസണില്‍ സ്ഥിരതയോടെ പന്തെറിയാന്‍ നോക്കിയേക്കായി. ഡല്‍ഹി കഗിസോ റബാദയെ കൈവിട്ട് നോക്കിയേയെ നിലനിര്‍ത്തിയത് പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താനുള്ള കഴിവുകൊണ്ടാണ് '-കൈഫ് പറഞ്ഞു.

ഡല്‍ഹിക്കും ലഖ്‌നൗവിനും മികച്ച ടീം കരുത്തുണ്ട്. കെ എല്‍ രാഹുല്‍ - റിഷഭ് പന്ത് എന്നീ നായകന്മാരുടെ നേര്‍ക്കുനേര്‍ പോരാട്ടത്തിന് കൂടിയാണ് മത്സരം സാക്ഷ്യം വഹിക്കുന്നത്. മത്സരത്തില്‍ ആവേഷ് ഖാന്‍- റിഷഭ് പന്ത് പോരാട്ടം കാണാനാണ് കാത്തിരിക്കുന്നതെന്ന് കൈഫ് പറഞ്ഞു. 'മത്സരത്തില്‍ റിഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ എതിരാളികള്‍ക്ക് മത്സരം കൈവിട്ട് പോകാനുള്ള സാധ്യതയേറെയാണ്. എന്നാല്‍ ഷോര്‍ട്ട് ബോളുകളില്‍ പുറത്താകുന്നത് റിഷഭിന്റെ ദൗര്‍ബല്യമായി മാറുകയാണ്.
ഇത്തവണ പുറത്തായത് ഒന്ന് തേര്‍ഡ് മാനിലും ഒന്ന് ഫൈന്‍ ലെഗിലുമാണ്. അതുകൊണ്ട് തന്നെ ഷോര്‍ട്ട് ബോളില്‍ റിഷഭ് പുറത്താവാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ പന്തിന്റെ ആക്രമണോത്സക ബാറ്റിങ് എനിക്കിഷ്ടമാണ്. റിഷഭ് പന്ത്- ആവേഷ് ഖാന്‍ പോരാട്ടമാവും ശ്രദ്ധേയമാവുക. രണ്ട് പേരും ഉറ്റ സുഹൃത്തുക്കളാണ്. അവസാന സീസണില്‍ ഡല്‍ഹിയുടെ ഭാഗമായിരുന്ന ആവേഷിന് വലിയ പിന്തുണ റിഷഭ് നല്‍കിയിരുന്നു. ഇപ്പോള്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആ പോരാട്ടം കാണാന്‍ ആകാംക്ഷയുണ്ട്' -കൈഫ് കൂട്ടിച്ചേര്‍ത്തു.

ലഖ്‌നൗവിനും ഡല്‍ഹിക്കും ഇന്നത്തെ മത്സരം വളരെ പ്രധാനപ്പെട്ടതാണ്. ഡല്‍ഹി ഗുജറാത്തിനോട് തോറ്റതിന്റെ ക്ഷീണത്തിലിറങ്ങുമ്പോള്‍ തുടര്‍ച്ചയായി രണ്ട് ജയം നേടിയ ആത്മവിശ്വാസത്തിലാണ് രാഹുലും സംഘവും ഇന്ന് കളത്തിലിറങ്ങുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications