IPL 2022: ക്യാപ്റ്റന്‍സിയില്‍ രാഹുല്‍ മെച്ചപ്പെട്ടു, കാരണം വിരാട് കോലിയെന്ന് ഷുഹൈബ് അക്തര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി നായകനായി വിലയിരുത്തപ്പെടുന്ന താരമാണ് കെ എല്‍ രാഹുല്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ രാഹുല്‍ ഓപ്പണിങ്ങില്‍ ഗംഭീര പ്രകടനമാണ് നടത്തുന്നത്. രാഹുലിന്റെ ക്യാപ്റ്റന്‍സി ആദ്യ സമയങ്ങളില്‍ വലിയ വിമര്‍ശനം നേരിട്ടെങ്കിലും ഇപ്പോള്‍ അദ്ദേഹം കൈയടി നേടുകയാണ്. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനായ രാഹുല്‍ മുന്നില്‍ നിന്ന് നയിക്കുകയും ടീമിന് പ്ലേ ഓഫ് ബെര്‍ത്ത് നേടിക്കൊടുക്കുകയും ചെയ്തു.
ഐപിഎല്ലിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ രാഹുലാണ് നായകന്‍. ക്യാപ്റ്റന്‍സിയില്‍ രാഹുല്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് സമീപകാലത്തെ പ്രകടനങ്ങളില്‍ നിന്ന് വ്യക്തം. ഇപ്പോഴിതാ രാഹുല്‍ നായകനായി മെച്ചപ്പെടാന്‍ കാരണം വിരാട് കോലിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷുഹൈബ് അക്തര്‍. കോലി രാഹുലില്‍ അര്‍പ്പിച്ച വിശ്വാസമാണ് നായകനെന്ന നിലയില്‍ അവന്റെ വളര്‍ച്ചക്ക് കാരണമെന്നാണ് അക്തര്‍ പറയുന്നത്.

'വിരാട് കോലി ഇന്ത്യന്‍ നായകനായിരിക്കുന്ന സമയത്ത് വലിയ പിന്തുണയാണ് രാഹുലിന് നല്‍കിയത്. രാഹുലിനെ ഓപ്പണറാക്കാനും ഇന്ത്യന്‍ ടീമിന്റെ അഭിവാജ്യ ഘടകമാക്കി മാറ്റാനും കോലിക്ക് സാധിച്ചു. ബുദ്ധിമാനായ താരമാണ് രാഹുല്‍. ഇന്ത്യന്‍ ടീമിലേയും ഐപിഎല്ലിലേയും അഭിവാജ്യ ഘടകമാണ് താനെന്ന് രാഹുല്‍ തെളിയിച്ചു. ആര്‍സിബിക്കെതിരായ പ്ലേ ഓഫില്‍ ഏറ്റവും നിര്‍ണ്ണായകം രാഹുലാണ്'- അക്തര്‍ പറഞ്ഞു.
രാഹുലിനെ ഓപ്പണറെന്ന നിലയിലേക്ക് വളര്‍ത്തിയത് കോലിയാണ്. അദ്ദേഹം നായകനായിരിക്കെയാണ് രാഹുലിന്റെ പ്രതിഭ മനസിലാക്കുകയും വലിയ പിന്തുണ നല്‍കുകയും ചെയ്തത്. 2021ലെ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുലിനെയാണ് ഇന്ത്യ ഓപ്പണറാക്കിയത്. നായകനെന്ന നിലയിലേക്ക് രാഹുലിനെ വളര്‍ത്തിയതിന് പിന്നിലും കോലിയുടെ പിന്തുണ വലുതാണ്. ഇന്ന് എളുപ്പത്തില്‍ ആര്‍ക്കും തഴയാന്‍ പറ്റാത്ത നിലയിലേക്ക് പ്രകടനം കൊണ്ട് രാഹുല്‍ മാറി.

എലിമിനേറ്ററില്‍ ആര്‍സിബിക്ക് കൂടുതല്‍ ആരാധക പിന്തുണ ലഭിക്കാനാണ് സാധ്യത. വിരാട് കോലിയെന്ന വന്മരം ഒപ്പമുള്ളതാണ് അതിന് കാരണം. അവസാന മത്സരത്തില്‍ ഗുജറാത്തിനെതിരേ കോലി അര്‍ധ സെഞ്ച്വറി നേടിയത് ആരാധകര്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നു. എലിമിനേറ്ററില്‍ രാഹുലിന് ആരാധക പിന്തുണ എത്രത്തോളം ലഭിക്കുമെന്ന് കണ്ടറിയണമെന്ന് അക്തര്‍ പറഞ്ഞു.

'ആര്‍സിബിക്കെതിരേ കെ എല്‍ രാഹുലിനൊപ്പമാണ് ഞാന്‍. എന്നാല്‍ രാഹുലിന് ആരാധക പിന്തുണ എത്രത്തോളം മൈതാനത്ത് ലഭിക്കുമെന്നത് കണ്ടറിയണം. അവന്‍ ഓരോ പന്തിനെയും വളരെയധികം ശ്രദ്ധയോടെ നേരിടേണ്ടതായുണ്ട്'- അക്തര്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ ഫോമില്‍ രാഹുല്‍ വളരെ അധികം പ്രതീക്ഷ നല്‍കുന്നു. 14 മത്സരങ്ങളില്‍ നിന്ന് 537 റണ്‍സ് ഇതിനോടകം അദ്ദേഹം നേടിയിട്ടുണ്ട്. 48.82 ശരാശരിയില്‍ കളക്കുന്ന രാഹുലിന് 135.26 എന്ന മികച്ച സ്‌ട്രൈക്കറേറ്റുമുണ്ട്. രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടി.

ഫോം പരിഗണിച്ചാല്‍ ആര്‍സിബിയേക്കാള്‍ ഒരുപടി മുന്നിലാണ് ലഖ്‌നൗ. ബാറ്റിങ്ങിലും ബൗളിങ്ങിലും ലഖ്‌നൗവിന് കൃത്യമായ മേല്‍കൈയുണ്ട്. 14 മത്സരത്തില്‍ നിന്ന് 502 റണ്‍സ് നേടി ക്വിന്റന്‍ ഡീകോക്ക് മിന്നും ഫോമിലാണ്. അവസാന മത്സരത്തില്‍ പുറത്താവാതെ 140 റണ്‍സാണ് അദ്ദേഹം നേടിയത്. ദീപക് ഹൂഡയുടെ പ്രകടനവും ഗംഭീരം. മൊഹ്‌സിന്‍ ഖാന്‍, ആവേഷ് ഖാന്‍, രവി ബിഷ്‌നോയ്, ജേസന്‍ ഹോള്‍ഡര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബൗളിങ് നിരയും ഗംഭീരം. ആര്‍സിബിയെ സംബന്ധിച്ച് വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍, ഫഫ് ഡുപ്ലെസിസ് എന്നിവരുടെ പ്രകടനമാണ് നിര്‍ണ്ണായകമാവുക. മുഹമ്മദ് സിറാജിന്റെ മോശം ഫോം ബൗളിങ്ങില്‍ ആര്‍സിബിക്ക് തലവേദനയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications