IPL 2022: 17 കളിയില്‍ വെറും 133 റണ്‍സ്, എന്നാലും മോര്‍ഗനെ വാങ്ങാനാളുണ്ട്!- ആരെന്നറിയാം
ഐപിഎല്ലിന്റെ മെഗാ ലേലം നടക്കാനിരിക്കെ ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗനെ ആരെങ്കിലും വാങ്ങുമോയെന്ന് പലര്‍ക്കുമുള്ള സംശയമാണ്. കാരണം ബാറ്ററെന്ന നിലയില്‍ കഴിഞ്ഞ സീസണില്‍ അദ്ദേഹം വന്‍ ഫ്‌ളോപ്പായി മാറിയതാണ് ഇതിനു കാരണം. 17 മല്‍സരങ്ങളില്‍ നിന്നും 11.08 എന്ന ദയനീയ ശരാശരിയില്‍ 133 റണ്‍സ് മാത്രമം മോര്‍ഗന്‍ നേടിയിരുന്നുള്ളൂ. ഒരു ഫിഫ്റ്റി പോലും ഇതില്‍ ഇല്ലായിരുന്നു. പുറത്താവാതെ നേടിയ 47 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ബാറ്റിങില്‍ ദുരന്തമായി മാറിയെങ്കിലും ക്യാപ്റ്റന്‍സിയില്‍ മോര്‍ഗന്‍ ഇതിനു പ്രായശ്ചിത്തം ചെയ്തിരുന്നു. അവിസ്മരണീയ തിരിച്ചുവരവിലൂടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഫൈനലിലെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കലാശക്കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു കെകെആര്‍ തോല്‍ക്കുകയായിരുന്നു. സീസണിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ ഏഴാമതായിരുന്ന കെകെആര്‍ യുഎഇയിലെ രണ്ടാംപാദത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയാണ് ഫൈനലിലേക്കു കുതിച്ചത്. പക്ഷെ മെഗാ ലേലത്തിനു മുന്നോടിയായി മോര്‍ഗനെ കെകെആര്‍ നിലനിര്‍ത്തിയില്ല. അതുകൊണ്ടു തന്നെ ലേലത്തിലുള്‍പ്പെട്ട കളിക്കാരുടെ കൂട്ടത്തില്‍ അദ്ദേഹവുമുള്‍പ്പെട്ടിട്ടുണ്ട്. ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, വരുണ്‍ ചക്രവര്‍ത്തി എന്നീ നാലു പേരെയാണ് പുതിയ സീസണിനു മുമ്പ് കെകെആര്‍ നിലനിര്‍ത്തിയിട്ടുള്ളത്. ലേലത്തില്‍ ഇനി 48 കോടി രൂപയാണ് ഫ്രാഞ്ചൈസിയുടെ പഴ്‌സില്‍ ബാക്കിയുള്ളത്.
നിശ്ചിത ഓവര്‍ ക്രിക്കറ്റിന്റെ ഇംഗ്ലണ്ടിന്റെ നായകനായ മോര്‍ഗന്‍ 2019ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ടീമിനെ ചാംപ്യന്‍മാരാക്കിയിരുന്നു. ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് കന്നിക്കിരീടം നേടിയത്. ക്യാപ്റ്റന്‍സിയിലെ മികച്ച റെക്കോര്‍ഡ് കാരണം ഐപിഎല്ലിന്റെ അടുത്ത സീസണില്‍ മോര്‍ഗനെ ചില ഫ്രാഞ്ചൈസികള്‍ നോട്ടമിട്ടേക്കും. ഏതൊക്കെയാവും ഈ ടീമുകളെന്നു നോക്കാം.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്
മുന്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തന്നെ ഒയ്ന്‍ മോര്‍ഗനെ ലേലത്തില്‍ തിരികെ കൊണ്ടുവന്നേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നാലില്‍ കൂടുതല്‍ കളിക്കാരെ നിലനിര്‍ത്താന്‍ അനുമതിയില്ലാത്തതിനാലാവാം മോര്‍ഗനെ കെകെആര്‍ കൈവിട്ടതെന്നു സൂചനയുണ്ട്.
വളരെ അഗ്രസീവായ, ഒപ്പം നൂതനമായ ക്യാപ്റ്റന്‍സി ശൈലിയുള്ള നായകനാണ് മോര്‍ഗന്‍. അതുകൊണ്ടു തന്നെ കെകെആര്‍ അദ്ദേഹത്തിനു വളരെയധികം യോജിച്ച ടീമാണ്. നേരത്തേ കെകെആറിനോടൊപ്പം പ്രവര്‍ത്തിച്ചതിനാല്‍ മോര്‍ഗനു കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാവുകയും ചെയ്യും. കഴിഞ്ഞ സീസണില്‍ ടീമിനെ മൂന്നാം കിരീടത്തിന് തൊട്ടരികില്‍ വരെയെത്തിച്ച മോര്‍ഗന് കെകെആര്‍ ഒരു അവസരം കൂടി നല്‍കാനുള്ള സാധ്യത കൂടുതലാണ്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് മോര്‍ഗനെ അടുത്ത സീസണില്‍ നോട്ടമിടാന്‍ സാധ്യതയുള്ള മറ്റൊരു ഫ്രാഞ്ചൈസി. വിരാട് കോലി നായകസ്ഥാനമൊഴിഞ്ഞതിനാല്‍ പുതിയൊരു നായകനെ ആര്‍സിബിക്കു ആവശ്യമുണ്ട്. ഈ റോളിന് ഏറ്റവുമധികം അനുയോജ്യനായ താരം കൂടിയാണ് മോര്‍ഗന്‍. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് വിരമിച്ചതോടെ ആര്‍സിബിയുടെ മധ്യനിരയില്‍ ഒരു വിദേശ ബാറ്ററുടെ ഒഴിവും ബാക്കിയുണ്ട്. ഈ റോളും മോര്‍ഗനെ ഏല്‍പ്പിക്കാവുന്നതാണ്.
കഴിഞ്ഞ കുറച്ചു സീസണുകളിലായി ആര്‍സിബിക്കു വേണ്ടി ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്ത എബിഡിക്കു ഫിനിഷറുടെ റോളായിരുന്നു ഉണ്ടായിരുന്നത്. മോര്‍ഗനെ കൊണ്ടു വന്നാല്‍ ടീമിന്റെ നായകനാക്കുന്നതോടൊപ്പം ഫിനിഷറുടെ റോളിലും ആര്‍സിബിക്കു പരീക്ഷിക്കാവുന്നതാണ്.
ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടാന്‍ സാധിച്ചിട്ടില്ലാത്ത ഫ്രാഞ്ചൈസിയാണ് ആര്‍സിബി. ഈ കുറവ് നികത്താന്‍ മോര്‍ഗനു സാധിച്ചേക്കുമെന്ന് ടീം മാനേജമെന്റ് കരുതുകയാണെങ്കില്‍ മെഗാ ലേലത്തില്‍ അദ്ദേഹത്തിനായി അവര്‍ നീക്കം നടത്തിയേക്കും.

പഞ്ചാബ് കിങ്‌സ്
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെപ്പോലെ തന്നെ ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാനായിട്ടില്ലാത്ത മറ്റൊരു ഫ്രാഞ്ചൈസിയാണ് പഞ്ചാബ് കിങ്‌സ്. പുതിയ സീസണിനു മുമ്പ് അടിമുടി ഉടച്ചു വാര്‍ക്കാനൊരുങ്ങുകയാണ് പഞ്ചാബ്. ലേലത്തിനു മുമ്പ് മായങ്ക് അഗര്‍വാള്‍, അര്‍ഷ്ദീപ് സിങ് എന്നിവരെ മാത്രമേ അവര്‍ നിലനിര്‍ത്തിയിട്ടുള്ളൂ. ടീമില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നു അറിയിച്ചതിനാല്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ പഞ്ചാബ് നിലനിര്‍ത്തിയിരുന്നില്ല.
അതുകൊണ്ടു തന്നെ പുതിയ സീസണില്‍ പരിചയസമ്പത്തുള്ള മികച്ചൊരു ക്യാപ്റ്റനെ പഞ്ചാബിന് ആവശ്യമാണ്. ഈ റോള്‍ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുന്ന താരമാണ് ഒയ്ന്‍ മോര്‍ഗന്‍. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ക്യാപ്റ്റന്‍സിയിലെ മികവുമെല്ലാം പഞ്ചാബിനെ പ്രലോഭിപ്പിക്കുന്ന ഘടകങ്ങളാണ്. ശക്തമായൊരു ടീമിനെ വാര്‍ത്തെടുത്താന്‍ മോര്‍ഗന്റെ സാന്നിധ്യം തീര്‍ച്ചയായും പഞ്ചാബിനെ സഹായിക്കും. ലേലത്തില്‍ മികച്ച ചില ബാറ്റര്‍മാരെയും ബൗളര്‍മാരെയും ടീമിലേക്കു കൊണ്ടു വരാന്‍ പഞ്ചാബിനു സാധിച്ചാല്‍ അത് ബാറ്ററെന്ന നിലയില്‍ മോര്‍ഗന്റെ സമ്മര്‍ദ്ദം കുറയ്ക്കുകയും സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications