
ഞായറാഴ്ച നടന്ന ആദ്യത്തെ മല്‍സരത്തിലാണ് മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും കൊമ്പുകോര്‍ത്തത്. 194 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു മുംബൈയ്ക്കു റോയല്‍സ് നല്‍കിയത്. മൂന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷന്‍- തിലക് വര്‍മ സഖ്യം മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നെങ്കിലും ചാഹല്‍ മധ്യ ഓവറുകളില്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്തു. മികച്ച ലൈനിലും ലെങ്തിലും ബൗള്‍ ചെയ്ത അദ്ദേഹത്തിനെതിരേ റണ്ണെടുക്കാന്‍ മുംബൈ ബാറ്റര്‍മാര്‍ വിഷമിക്കുകയും ചെയ്തു.

16ാമത്തെ ഓവറിലായിരുന്നു യുസ്വേന്ദ്ര ചാഹല്‍ ഹാട്രിക്കിന്റെ തൊട്ടരികില്‍ വരെയെത്തിയത്. ആറു വിക്കറ്റ് ബാക്കിനില്‍ക്കെ മുംബൈയ്ക്കു ജയിക്കാന്‍ 30 ബോളില്‍ 58 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അപകടകാരികളായ കരെണ്‍ പൊള്ളാര്‍ഡും ടിം ഡേവിഡുമായിരുന്നു ക്രീസില്‍. മികച്ചൊരു ഓവര്‍ ലഭിച്ചാല്‍ മുംബൈയ്ക്കു വിജയമുറപ്പായിരുന്നു.
ഈ ഘട്ടത്തിലാണ് 16ാമത്തെ ഓവര്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ചാഹലിനു നല്‍കിയത്. ആദ്യ ബോളില്‍ തന്നെ വിക്കറ്റെടുത്ത് അദ്ദേഹം പ്രതീക്ഷ കാത്തു. ഡേവിഡിനെ ചാഹല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഡേവിഡ് റിവ്യു എടുത്തെങ്കിലും തേര്‍ഡ് അംപയറുടെയും തീരുമാനം ഔട്ട് എന്നുതന്നെയായിരുന്നു.

പുതുതായി ക്രീസിലെത്തിയ ഡാനിയേല്‍ സംസാണ് അടുത്ത ബോള്‍ നേരിട്ടത്. വമ്പന്‍ ഷോട്ടിനാണ് സാംസ് മുതിര്‍ന്നത്. പക്ഷെ ടൈമിങ് പാളിയ ഷോട്ട് ജോസ് ബട്‌ലര്‍ തകര്‍പ്പനൊരു ക്യാച്ചിലൂടെ കൈക്കലാക്കി. ഡീപ്പ് മിഡ് വിക്കറ്റ് ഏരിയയില്‍ വച്ചായിരുന്നു ബട്‌ലര്‍ ക്യാച്ചെടുത്തത്. ഇതോടെ ചാഹല്‍ ഹാട്രിക്കിനരികെ. അടുത്ത ബോള്‍ നേരിട്ടത് സ്പിന്നര്‍ മുരുഗന്‍ അശ്വിനായിരുന്നു. പ്രതിരോധിക്കാന്‍ ശ്രമിച്ച അശ്വിന്റെ ബാറ്റില്‍ ചെറുതായി എഡ്ജ് ചെയ്ത ബോള്‍ സ്ലിപ്പിലേക്കാണ് പോയത്.

വിക്കറ്റ് കീപ്പറും നായകനുമായ സഞ്ജു സാംസണും ഫസ്റ്റ് സ്ലിപ്പില്‍ പകരക്കാരനായി ഗ്രൗണ്ടിലേക്കു വന്ന കരുണ്‍ നായരുമാണുണ്ടായിരുന്നത്. പക്ഷെ കരുണിന് ഈ ക്യാച്ച് വരുതിയിലാക്കാനായില്ല. കൈക്കുമ്പിളില്‍ നിന്നും ബോള്‍ തെന്നി മാറി ഗ്രൗണ്ടിലേക്കു വീണപ്പോള്‍ കരുണും അടിതെറ്റി വീഴുകയും ചെയ്തു. ഹാട്രിക്ക് ലഭിച്ചെന്നുറപ്പിച്ച് ചാടിയുയര്‍ന്ന ചാഹല്‍ പക്ഷെ ഈ ക്യാച്ച് കരുണിന്റെ കൈളില്‍ നിന്നും വഴുതിപ്പോയതു കണ്ട് നിരാശനായി തിരിഞ്ഞു നടക്കുകയും ചെയ്തു. ഈ ഓവറില്‍ ഒരേയൊരു റണ്‍സ് മാത്രമാണ് മുംബൈയ്ക്കു ലഭിച്ചത്. നാലോവറില്‍ 26 റണ്‍സിന് രണ്ടു വിക്കറ്റുകളാണ് ചാഹല്‍ നേടിയത്.

അതേസമയം, മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 23 റണ്‍സിനു മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തുവിട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട റോയല്‍സ് ജോസ് ബട്‌ലറുടെ (100) കിടിലന്‍ സെഞ്ച്വറിയുടെ മികവില്‍ എട്ടു വിക്കറ്റിനു 193 റണ്‍സ് അടിച്ചെടുത്തു. 68 ബോളുകളില്‍ നിന്നും 11 ബൗണ്ടറികളും അഞ്ചു സിക്‌സറുമക്കമായിരുന്നു ഇത്. കരിയറിലെ രണ്ടാമത്തെ ഐപിഎല്‍ സെഞ്ച്വറി കൂടിയാണ് അദ്ദേഹം നേടിയത്.
റണ്‍ചേസില്‍ മുംബൈയ്ക്കു എട്ടു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനേ ആയുള്ളൂ. തിലക് വര്‍മയും (61) ഇഷാന്‍ കിഷനും (54) ഫിഫ്റ്റികള്‍ നേടിയെങ്കിലും ഇവര്‍ പുറത്തായതോടെ മുംബൈയുടെ റണ്‍ചേസിനു തിരിച്ചടി നേരിടുകയായിരുന്നു.


Click it and Unblock the Notifications











