IPL 2022: ബൗളര്‍മാരിലെ വലിയ കോടിപതി ആരാവും? റബാദ മുതല്‍ ജാമിസന്‍വരെ, അഞ്ച് പേരിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ മെഗാ താരലേലം ഈ മാസം തന്നെ നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഇതിനോടകം ഫ്രാഞ്ചൈസികള്‍ താരങ്ങളെ നിലനിര്‍ത്തിക്കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ, ഡല്‍ഹി ക്യാപിറ്റല്‍സ്, കെകെആര്‍ ടീമുകളാണ് നാല് താരങ്ങളെ വീതം നിലനിര്‍ത്തിയത്. രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ആര്‍സിബി ടീമുകള്‍ മൂന്ന് താരങ്ങളെ വീതവും പഞ്ചാബ് കിങ്‌സ് രണ്ട് താരങ്ങളെയുമാണ് നിലനിര്‍ത്തിയത്.
ഇത്തവണ ലേലത്തിലെ ഏറ്റവും വലിയ സവിശേഷത നിരവധി സൂപ്പര്‍ താരങ്ങള്‍ ലേലത്തിലേക്കെത്തുന്നു എന്നത് തന്നെയാണ്. ഡേവിഡ് വാര്‍ണര്‍, കെ എല്‍ രാഹുല്‍, ജോഫ്രാ ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ്, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, റാഷിദ് ഖാന്‍ ഇങ്ങനെ വമ്പന്‍ താരനിരയാണ് ഇത്തവണ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലുള്ളത്. അതുകൊണ്ട് തന്നെ തീപാറുന്ന ലേല പോരാട്ടങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇത്തവണത്തെ ലേലത്തില്‍ ഏറ്റവും പ്രതിഫലം നേടുക ആരാണെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ഡേവിഡ് വാര്‍ണര്‍, ബെന്‍ സ്റ്റോക്‌സ് ഇങ്ങനെ ആരും ഈ നേട്ടത്തിലേക്കെത്തിയെക്കാം. ഇവരെല്ലാം തന്നെ വലിയ ടി20 റെക്കോഡുകളുള്ള താരങ്ങളാണ്. രാഹുലിനെ 20 കോടി രൂപക്ക് ലഖ്‌നൗ ടീം സ്വന്തമാക്കിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 12 കോടി രൂപ കരാര്‍ പറഞ്ഞിട്ടും റാഷിദ് ഖാന്‍ ഹൈദരാബാദ് വിട്ടത് ഇത്തവണ അതിലും വലിയ പ്രതിഫലം പ്രതീക്ഷിച്ച് തന്നെയാവും.
ഇത്തവണ ബാറ്റ്‌സ്മാന്‍മാരില്‍ വലിയ പ്രതിഫലം നേടാന്‍ സാധ്യതയുള്ള താരങ്ങള്‍ നിരവധിയാണ്. എന്നാല്‍ ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടാന്‍ സാധ്യതയുള്ള അഞ്ച് സൂപ്പര്‍ ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

കഗിസോ റബാദ
2020ലെ പര്‍പ്പിള്‍ ക്യാപ് ഉടമയായ കഗിസോ റബാദയെ ഡല്‍ഹി ക്യാപിറ്റല്‍സാണ് ഒഴിവാക്കിയത്. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയതോടെയാണ് റബാദയെ ഡല്‍ഹി കൈവിട്ടത്. ആധുനിക ക്രിക്കറ്റിലെ മികച്ച ബൗളര്‍മാരിലൊരാളാണ് റബാദയെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഡല്‍ഹി റബാദയെ ഒഴിവാക്കി ആന്‍ റിച്ച് നോക്കിയേയെയാണ് നിലനിര്‍ത്തിയത്. ഇതോടെയാണ് റബാദ ലേലത്തിലേക്ക് എത്തിപ്പെട്ടത്.
പുതിയ ടീമുകളായ ലഖ്‌നൗവും അഹമ്മദാബാദും ലേലത്തിന് മുമ്പ് മൂന്ന് താരങ്ങളെ വീതം സ്വന്തമാക്കാനുണ്ട്. അതുകൊണ്ട് തന്നെ ഈ രണ്ട് ടീമുകളിലൊന്ന് റബാദയെ സ്വന്തമാക്കാന്‍ സാധ്യതയേറെയാണ്. ഒഴിവാക്കി ലേലത്തിലേക്ക് എത്തിപ്പെട്ടാല്‍ റബാദ റെക്കോഡ് പ്രതിഫലം തന്നെ സ്വന്തമാക്കിയേക്കും. ഒട്ടുമിക്ക ടീമുകളും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന പേസറാണ് അദ്ദേഹം. സമീപകാല പ്രകടനം മോശമാണെങ്കിലും അദ്ദേഹം ശക്തമായ പ്രകടനത്തോടെ തിരിച്ചുവരാന്‍ കെല്‍പ്പുള്ള ബൗളറാണ്. അതുകൊണ്ട് തന്നെ റെക്കോഡ് പ്രതിഫലമാണ് റബാദക്ക് പ്രതീക്ഷിക്കുന്നത്. 50 ഐപിഎല്ലില്‍ നിന്ന് 76 വിക്കറ്റാണ് റബാദക്കുള്ളത്.

ജോഷ് ഹെയ്‌സല്‍വുഡ്
ഐപിഎല്ലില്‍ അവസാന സീസണ്‍വരെ വലിയ സജീവമല്ലാതിരുന്ന പേസറാണ് ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡ്. എന്നാല്‍ അവസാന സീസണിന്റെ രണ്ടാം പാദത്തില്‍ സിഎസ്‌കെയ്ക്കായി ശ്രദ്ധേയ പ്രകടനം നടത്തിയതോടെയാണ് അദ്ദേഹം എല്ലാ ടീമുകളുടെയും നോട്ടപ്പുള്ളിയായി മാറിയത്. സിഎസ്‌കെയുടെ ഐപിഎല്‍ കിരീട നേട്ടത്തില്‍ മാത്രമല്ല ഓസ്‌ട്രേലിയയുടെ ടി20 ലോകകപ്പ് കിരീട നേട്ടത്തിലും ശ്രദ്ധേയ പങ്കുവഹിക്കാന്‍ ഹെയ്‌സല്‍വുഡിനായി.
ഇന്ത്യന്‍ സാഹചര്യം വളരെ പരിചയസമ്പത്തുള്ള ബൗളറാണ് അദ്ദേഹം. ഹെയ്‌സല്‍വുഡിന്റെ സവിശേഷത അദ്ദേഹത്തിന്റെ ബൗളിങ്ങിന്റെ കൃത്യതയാണ്. ലൈനും ലെങ്തും പിഴക്കാതെ പന്തെറിയുന്ന അദ്ദേഹം ലേലത്തില്‍ വലിയ പ്രതിഫലം തന്നെ നേടുമെന്ന കാര്യം ഉറപ്പാണ്. സിഎസ്‌കെ തന്നെ ഹെയ്‌സല്‍വുഡിനെ തിരികെ എത്തിച്ചേക്കുമെന്നാണ് വിവരം. എന്തായാലും ഹെയ്‌സല്‍വുഡിനായി വാശിയേറിയ പോരാട്ടം തന്നെ താരലേലത്തില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

കെയ്ല്‍ ജാമിസന്‍
ന്യൂസീലന്‍ഡ് പേസ് ഓള്‍റൗണ്ടറാണ് കെയ്ല്‍ ജാമിസന്‍. പേസറെന്ന നിലയില്‍ മാത്രമല്ല ഓള്‍റൗണ്ടറെന്ന നിലയിലും മികവ് കാട്ടാന്‍ അദ്ദേഹത്തിന് സാധിക്കും. ആര്‍സിബിക്കൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്താന്‍ ജാമിസനായെങ്കിലും നിലനിര്‍ത്തിയില്ല. ന്യൂസീലന്‍ഡിന്റെ ടി20 ടീമില്‍ ജാമിസന്‍ സജീവമല്ലെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങള്‍ തിളങ്ങാന്‍ അദ്ദേഹത്തിന് മിടുക്കുണ്ട്. അതിവേഗ പന്തുകള്‍ എറിയുന്ന ബൗളറല്ലെങ്കിലും ലൈനും ലെങ്തും കാത്ത് പന്തെറിയാന്‍ ജാമിസന് മിടുക്കുണ്ട്.
താരത്തിന്റെ സമീപകാല ഫോമും മികച്ചതാണ്. അതുകൊണ്ട് തന്നെ ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് ജാമിസന്‍. ഒമ്പത് ഐപിഎല്ലില്‍ നിന്ന് ഒമ്പത് വിക്കറ്റും 65 റണ്‍സുമാണ് 26 കാരനായ ജാമിസന്‍ നേടിയത്.

ഹര്‍ഷല്‍ പട്ടേല്‍
അവസാന സീസണിലെ പര്‍പ്പിള്‍ ക്യാപ്പിനുടമയാണ് ഹര്‍ഷല്‍ പട്ടേല്‍. ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച പ്രകടനത്തോടെ ഐപിഎല്‍ പര്‍പ്പിള്‍ ക്യാപ്പ് നേടിയിട്ടും ആര്‍സിബി അദ്ദേഹത്തെ ഒഴിവാക്കി. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുകയും ന്യൂസീലന്‍ഡിനെതിരേ ഗംഭീര പ്രകടനം നടത്തുകയും ചെയ്ത ഹര്‍ഷല്‍ പട്ടേല്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്താന്‍ കെല്‍പ്പുള്ള താരം കൂടിയാണ്.
ഹര്‍ഷലിന് ലേലത്തില്‍ വലിയ പ്രതിഫലം തന്നെ ലഭിച്ചേക്കും. പന്തിന്റെ വേഗതയില്‍ നല്ല നിയന്ത്രണമുള്ള ഹര്‍ഷല്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ മിടുക്കനാണ്. പ്രത്യേകിച്ചും മധ്യ ഓവറുകളില്‍. ഇന്ത്യന്‍ സാഹചര്യത്തിനോട് യോജിക്കുന്ന ബൗളറെന്ന നിലയില്‍ ഹര്‍ഷലിനെ സ്വന്തമാക്കാന്‍ ഒട്ടുമിക്ക ടീമും ശ്രമിച്ചേക്കും. ലേലത്തില്‍ വലിയ പ്രതിഫലം തന്നെ അദ്ദേഹം പ്രതീക്ഷിക്കുന്നു.

വനിന്‍ഡു ഹസരങ്ക
അവസാന സീസണിലെ രണ്ടാം പാദത്തില്‍ ആര്‍സിബിക്കായി കളിച്ച് ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച ശ്രീലങ്കന്‍ സ്പിന്നറാണ് വനിന്‍ഡു ഹസരങ്ക. അവസാന സീസണില്‍ മികവിനൊത്ത് ഉയരാനായില്ലെങ്കിലും ഇക്കഴിഞ്ഞ ടി10 ലീഗിലടക്കം ഗംഭീര പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിരുന്നു. ഇന്ത്യയിലെ സാഹചര്യം സ്പിന്നിന് അനുകൂലമായതിനാല്‍ ഹസരങ്കക്ക് ആവിശ്യക്കാരേറെയുണ്ടാവാനാണ് സാധ്യത.
ഗൂഗ്ലിയും ക്യാരം ബോളുമെല്ലാം ഹസരങ്കയുടെ കൈയില്‍ ഭദ്രം. എതിരാളികളെ വട്ടം കറക്കാന്‍ മിടുക്കനായ ഹസരങ്കയെ ഒട്ടുമിക്ക ടീമുകളും ലക്ഷ്യമിടുമെന്ന് ഉറപ്പാണ്. റാഷിദ് ഖാനെപ്പോലെ തന്നെ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടി വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹം മിടുക്കനാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications