IPL 2022: 'ജൂനിയര്‍ സെവാഗ്', പൃഥ്വി ഷായെ രോഹിത് പിന്തുണക്കണം, മൂന്ന് കാരണങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ ഏറ്റവും ശ്രദ്ധേയ പ്രകടനം നടത്തുന്ന താരങ്ങളിലൊരാളാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ യുവ ഓപ്പണര്‍ പൃഥ്വി ഷാ. ആദ്യ രണ്ട് മത്സരങ്ങളിലും പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാതിരുന്ന താരം പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളുമായി പവര്‍പ്ലേയില്‍ പൃഥ്വിയുടെ ആറാട്ടാണെന്ന് പറയാം.
തുടക്കം മുതല്‍ ആക്രമിക്കുന്ന പൃഥ്വി വരാനിരിക്കുന്ന ടി20 ലോകകപ്പിലേക്ക് തന്നെ പരിഗണിക്കാന്‍ സെലക്ടര്‍മാരെ നിര്‍ബന്ധിക്കുന്ന തരത്തിലുള്ള പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഭയമില്ലാതെ ബാറ്റ് ചെയ്യുന്നുവെന്നതാണ് പൃഥ്വിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ജൂനിയര്‍ സെവാഗ് എന്ന വിശേഷണമുള്ള പൃഥ്വി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം നടത്തി. ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ഇതുവരെ ടീമില്‍ സജീവമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

ടി20 ലോകകപ്പ് വരാനിരിക്കെ പൃഥ്വിക്ക് മുന്നിലുള്ള വെല്ലുവിളി ഫിറ്റ്‌നസാണ്. തടികൂടുതല്‍ താരത്തിന് വില്ലനാവുന്നു. അവസാന ഫിറ്റ്‌നസ് ടെസ്റ്റിലും പൃഥ്വി പരാജയപ്പെട്ടു. എന്നാല്‍ ഇതിനെയെല്ലാം മറികടക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. ഇപ്പോള്‍ ഐപിഎല്ലില്‍ തിളങ്ങവെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റും നായകന്‍ രോഹിത് ശര്‍മയും പൃഥ്വിയെ കൂടുതല്‍ പരിഗണിക്കേണ്ടതായുണ്ട്. റിക്കി പോണ്ടിങ് പോലും പ്രശംസിക്കുന്ന പൃഥ്വിയെ ഇന്ത്യ കൂടുതല്‍ പരിഗണിക്കണമെന്ന് പറയാനുള്ള മൂന്ന് കാരണങ്ങളിതാ.

പ്രതിഭാശാലിയായ താരം
നിലവിലെ ഇന്ത്യയുടെ യുവതാരങ്ങളില്‍ ഏറ്റവും പ്രതിഭാശാലിയായ താരമെന്ന ബഹുമതി പൃഥ്വി ഷാക്ക് നല്‍കിയാലും തെറ്റ് പറയാനാവില്ല. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ചാണ് പൃഥ്വി വരവറിയിച്ചത്. രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴിലായിരുന്നു പൃഥ്വിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടിയത്. 2018ല്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പൃഥ്വി സെഞ്ച്വറിയോടെയാണ് കരുത്ത് കാട്ടിയത്.
ഓസ്‌ട്രേലിയയില്‍ ഒരു തവണ നിരാശപ്പെടുത്തിയതോടെ പൂര്‍ണ്ണമായും തഴയപ്പെട്ടത് പൃഥ്വിയോടുള്ള അനീതി തന്നെയാണ്. എന്നാല്‍ രോഹിത് നായകനാവുമ്പോള്‍ പൃഥ്വിക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 22വയസ് മാത്രമാണുള്ളതെന്നതിനാല്‍ വലിയ കരിയര്‍ പൃഥ്വിക്ക് മുന്നിലുണ്ട്. അദ്ദേഹത്തിന്റെ പ്രതിഭ പരിഗണിച്ച് കൂടുതല്‍ അവസരം രോഹിത്തിന് കീഴില്‍ ലഭിക്കുമെന്ന് തന്നെ വിലയിരുത്താം.

പെട്ടെന്ന് മത്സരഫലത്തെ മാറ്റാനുള്ള കഴിവ്
എതിര്‍ ടീം ക്യാപ്റ്റന് എങ്ങനെ ഫീല്‍ഡ് സെറ്റ് ചെയ്യണമെന്ന് അറിയാന്‍ സാധിക്കാത്ത വിധം ആക്രമിക്കുന്ന താരമാണ് പൃഥ്വി. ഓഫ് സൈഡിലും ലെഗ് സൈഡിലും ഒരുപോലെ ഗ്യാപ് കണ്ടെത്തുന്ന താരം പെട്ടെന്ന് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ്. ഭയമില്ലാതെ ബാറ്റ് ചെയ്യുന്നവനാണ് പൃഥ്വി. ടെസ്റ്റില്‍ വീരേന്ദര്‍ സെവാഗ് ഇന്ത്യക്കായി നടത്തിയ പ്രകടനം ആവര്‍ത്തിക്കാന്‍ കെല്‍പ്പുള്ള താരമാണ് പൃഥ്വി ഷാ. പ്രത്യേകിച്ച് പരിമിത ഓവര്‍ ക്രിക്കറ്റില്‍. ടി20യില്‍ പവര്‍പ്ലേ പൃഥ്വി പൂര്‍ത്തിയാക്കിയാല്‍ ടീം സ്‌കോര്‍ 50 പിന്നിട്ടുണ്ടാവുമെന്നുറപ്പാണ്. ഷോര്‍ട്ട് ബോളുകള്‍ അല്‍പ്പം ദൗര്‍ബല്യമുണ്ടാക്കുന്നുണ്ടെങ്കിലും ചെറിയ സമയംകൊണ്ട് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള അപൂര്‍വ്വം ചില താരങ്ങളിലൊരാളാണ് പൃഥ്വി ഷാ. അതുകൊണ്ട് തന്നെ രോഹിത്തിന്റെ പിന്തുണ പൃഥ്വിക്ക് ലഭിക്കേണ്ടതായുണ്ട്.

ഭാവിയിലെ സൂപ്പര്‍ താരം
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിതാരമെന്ന നിലയില്‍ പൃഥ്വിയെ പിന്തുണക്കേണ്ടത് അത്യാവശ്യമാണ്. ഭാവി നായകനായിവരെ വളരാന്‍ അദ്ദേഹത്തിന് പ്രതിഭയുണ്ട്. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് 11ലെ കരുത്തുറ്റ താരമായി മാറാന്‍ പൃഥ്വിക്ക് സാധിച്ചേക്കും. രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യയുടെ ഓപ്പണിങ്ങിലെ വെടിക്കെട്ട് താരമാവാന്‍ പൃഥ്വിക്ക് കഴിവുണ്ട്. എന്നാല്‍ മികച്ച പിന്തുണ ലഭിക്കേണ്ടതായുണ്ട്. ഇപ്പോള്‍ രോഹിത് ശര്‍മയും ഇന്ത്യന്‍ മാനേജ്‌മെന്റും പിന്തുണ നല്‍കിയില്ലെങ്കില്‍ ഭാവിയിലെ സൂപ്പര്‍ താരത്തെയാവും ഇന്ത്യക്ക് നഷ്ടമാവുകയെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications