
അഭിഷേക് ശര്‍മ
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ ഓപ്പണറാണ് അഭിഷേക് ശര്‍മ. ഇത്തവണ തുടക്കം മോശമായിരുന്നെങ്കിലും പിന്നീടങ്ങോട്ട് മികച്ച പ്രകടനം നടത്താനായി. കെയ്ന്‍ വില്യംസണോടൊപ്പം ഓപ്പണറായി ഇറങ്ങി അഭിഷേക് ശര്‍മ മികച്ച പ്രകടനമാണ് സീസണില്‍ കാഴ്ചവെക്കുന്നത്. സിഎസ്‌കെയ്‌ക്കെതിരേ 75 റണ്‍സടിച്ച അഭിഷേക് ഇതിനോടകം ഏഴ് ഇന്നിങ്‌സില്‍ നിന്ന് 220 റണ്‍സാണ് നേടിയത്. അപ്രതീക്ഷിതമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഇത്തവണ ചെറിയ സ്‌കോറിന് നിലനിര്‍ത്തപ്പെട്ട താരമാണെങ്കിലും തകര്‍പ്പന്‍ പ്രകടനത്തിലൂടെ അദ്ദേഹം കൈയടി നേടി.

ഹര്‍ദിക് പാണ്ഡ്യ
മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറായിരുന്ന ഹര്‍ദിക് പാണ്ഡ്യ ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനാണ്. മുംബൈ ഇന്ത്യന്‍സിലായിരുന്നപ്പോള്‍ പലപ്പോഴും ഫിനിഷര്‍ റോളായിരുന്നു അദ്ദേഹത്തിന് കിട്ടിയിരുന്നത്. അതുകൊണ്ട് തന്നെ വലിയ പ്രകടനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. വളരെ ചുരുക്കം മത്സരങ്ങളിലാണ് കൂടുതല്‍ പന്ത് നേരിടാനുള്ള അവസരം ഹര്‍ദിക്കിന് ലഭിച്ചത്. എന്നാല്‍ ഗുജറാത്തിലേക്കെത്തിയപ്പോള്‍ നാലാം നമ്പറിലാണ് ഹര്‍ദിക് പാണ്ഡ്യ കളിക്കുന്നത്.
ഇത്തവണ ഞെട്ടിക്കുന്ന പ്രകടനം തന്നെ ഹര്‍ദിക് കാഴ്ചവെക്കുന്നു. സ്ഥിരതയോടെ കളിക്കാനും ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും ഹര്‍ദിക്കിന് സാധിക്കുന്നു. ആറ് മത്സരത്തില്‍ നിന്ന് 295 റണ്‍സാണ് ഹര്‍ദിക് നേടിയത്. 73 ശരാശരിയിലും 136 സ്‌ട്രൈക്കറേറ്റിലുമാണ് അദ്ദേഹം കളിക്കുന്നത്. ഇത്തവണ നായകനായും ബാറ്റ്‌സ്മാനായും ഹീറോയായി മാറാന്‍ ഹര്‍ദിക്കിന് സാധിച്ചിട്ടുണ്ട്.

ശിവം ദുബെ
ഈ സീസണിന് മുമ്പ് ആരും വലിയ പ്രാധാന്യം നല്‍കാത്ത താരമായിരുന്നു ശിവം ദുബെ. എന്നാല്‍ ഈ സീസണില്‍ അദ്ദേഹം തകര്‍പ്പന്‍ പ്രകടനംകൊണ്ട് കൈയടി നേടുകയാണ്. സിഎസ്‌കെയുടെ മധ്യനിരയില്‍ ശ്രദ്ധേയ പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. ഏഴ് ഇന്നിങ്‌സില്‍ നിന്ന് 239 റണ്‍സാണ് ദുബെ കാഴ്ചവെക്കുന്നത്. 39 ശരാശരിയും 161 സ്‌ട്രൈക്കറേറ്റും ദുബെയുടെ പേരിലുണ്ട്. 95* റണ്‍സാണ് അദ്ദേഹത്തിന്റെ ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍. ഇത്തവണ സിഎസ്‌കെ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നിട്ടും ദുബെയുടെ പ്രകടനം ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിലാണ്.

തിലക് വര്‍മ
മുംബൈ ഇന്ത്യന്‍സ് എട്ട് തുടര്‍ തോല്‍വികളോടെ വലിയ സമ്മര്‍ദ്ദം നേരിടുമ്പോഴും മുംബൈക്കായി തകര്‍പ്പന്‍ പ്രകടനം നടത്തുന്നത് തിലക് വര്‍മയാണ്. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന യുവതാരം ഏഴ് ഇന്നിങ്‌സില്‍ നിന്ന് 234 റണ്‍സാണ് നേടിയത്. 46 ശരാശരിയും 140 സ്‌ട്രൈക്കറേറ്റും തിലക് വര്‍മക്കുണ്ട്. ടീം പ്രതിസന്ധി നേരിട്ട പല ഘട്ടത്തിലും നിര്‍ണ്ണായകമായ റണ്‍സുകളുമായി ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിക്കാന്‍ തിലകിനായിരുന്നു. മുംബൈ ഇന്ത്യന്‍സ് കൈവിട്ടാലും ഐപിഎല്ലില്‍ വലിയ കരിയര്‍ കെട്ടിപ്പടുക്കാന്‍ സാധ്യതയുള്ള താരമാണ് തിലക് വര്‍മ.

ദിനേഷ് കാര്‍ത്തിക്
ആര്‍സിബി ഫിനിഷര്‍ റോളില്‍ ദിനേഷ് കാര്‍ത്തികിനെ സ്വന്തമാക്കിയപ്പോള്‍ വിമര്‍ശിച്ചവരാണ് കൂടുതലും. എന്നാല്‍ തന്റെ പ്രകടനമികവുകൊണ്ട് കാര്‍ത്തിക് എല്ലാവരെയും ഞെട്ടിച്ചു. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന കാര്‍ത്തിക് ഇത്തവണ ആര്‍സിബിയിലെ ഏറ്റവും അപകടകാരിയായ താരമാണ്. അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 210 റണ്‍സാണ് അദ്ദേഹം നേടിയത്. അതിവേഗം സ്‌കോര്‍ ഉയര്‍ത്തുകയും മനോഹരമായ ഷോട്ടുകള്‍ കളിക്കുകയും ചെയ്യുന്നുവെന്നതാണ് കാര്‍ത്തികിനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.


Click it and Unblock the Notifications
