IPL 2022: ടി20 ലോകകപ്പില്‍ ഇന്ത്യക്കു പണി പാളുമോ? ഒറ്റയക്ക സ്‌കോറുകളുമായി ടോപ്പ് ത്രീ
ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയായിട്ടാണ് ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലിന്റെ 15ാം സീസണിനെ കാണുന്നത്. ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്താനായാല്‍ അതു തങ്ങള്‍ക്കു ടി20 ലോകകപ്പ് ടീമിലേക്കും വഴിയൊരുക്കുമെന്ന് താരങ്ങള്‍ പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായിട്ടും ഐപിഎല്ലിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും വരാനിരിക്കുന്ന അന്താരാഷ്ട്ര പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുകയെന്നുറപ്പാണ്.
ഐപിഎല്ലില്‍ പക്ഷെ ഇന്ത്യയുടെ ചില വമ്പന്‍ താരങ്ങള്‍ തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഇവര്‍ക്കു സ്ഥാനമുറപ്പാണെങ്കിലും ഐപിഎല്ലിലെ മോശം പ്രകടനം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റിങിലെ ടോപ്പ് ത്രീയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നത് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, മുന്‍ നായകന്‍ വിരാട് കോലി എന്നിവരാണ്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ടി20 ലോകകപ്പില്‍ രോഹിത്- രാഹുല്‍ സഖ്യം തന്നെയായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ കോലിയും ബാറ്റ് ചെയ്യും. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലും ഇവര്‍ തന്നെയായിരുന്നു ടോപ്പ് ത്രീ.
രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി മല്‍സരരംഗത്ത് വെറ്ററന്‍ ബാറ്റര്‍ ശിഖര്‍ ധവാനുമുണ്ടെങ്കിലും രാഹുലിന് തന്നെ പ്രഥമ പരിഗണന ലഭിക്കാനാണ് സാധ്യത. ഇഷാന്‍ കിഷനാണ് ഓപ്പണിങ് റോളിലേക്കു മല്‍സരിക്കുന്ന മറ്റൊരു താരം.

ഈ സീസണിലെ ഐപിഎല്ലില്‍ ഇതുവരം നടന്ന മല്‍സരങ്ങളെടുത്താല്‍ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവുമധികം തവണ ഒറ്റയക്ക സ്‌കോറിനു പുറത്തായത് രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവരാണെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. രോഹിത് മുംബൈ ഇന്ത്യന്‍സിനായും രാഹുല്‍ പുതിയ ടീം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായും കോലി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായുമാണ് കളിക്കുന്നത്.

കോലിയാണ് ഏറ്റവുമധികം തവണ ഒറ്റയക്ക സ്‌കോറിനു പുറത്തായത്. ആറു തവണ അദ്ദേഹം രണ്ടക്കം കാണാതെ ക്രീസ് വിട്ടു. രോഹിത്തും രാഹുലും അഞ്ചു തവണ വീതവും ഒറ്റയക്ക സ്‌കോറിനു പുറത്തായി. ഇതു ടി20 ലോകകപ്പിലും ഇന്ത്യയെ വേട്ടയാടുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ ആരാധകര്‍ക്കുള്ളത്.

അഞ്ചു തവണ ഒറ്റയക്ക സ്‌കോറുകള്‍ക്കു പുറത്തായെങ്കിലും ബാക്കിയുള്ള ഇന്നിങ്‌സുകളില്‍ തകര്‍പ്പന്‍ പ്രകടനമാണ് കെഎല്‍ രാഹുല്‍ നടത്തിയിട്ടുള്ളത്. ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തുമുണ്ട്. 12 മല്‍സരങ്ങളില്‍ നിന്നും 45.90 ശരാശരിയില്‍ 140.36 സ്‌ട്രൈക്ക് റേറ്റോടെ രാഹുല്‍ അടിച്ചെടുത്തത് 459 റണ്‍സാണ്. രണ്ടു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. മാത്രമല്ല മൂന്നു മല്‍സരങ്ങളില്‍ അദ്ദേഹം ഡെക്കാവുകയും ചെയ്തു.

പക്ഷെ രോഹിത്, കോലി എന്നിവരുടെ ഈ സീസണിലെ പ്രകടനം ദയനീയമാണ്. ഒരു ഫിഫ്റ്റി പോലും ഹിറ്റ്മാന്‍ ഇത്തവണ മുംബൈയ്ക്കായി നേടിയിട്ടില്ല. 11 മല്‍സരങ്ങളില്‍ നിന്നും 18.18 എന്ന മോശം ശരാശരിയില്‍ 200 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ഒരു മല്‍സരത്തില്‍ ഡെക്കായ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 43 റണ്‍സാണ്.

അതേസമയം, വിരാട് കോലിയുടെ കാര്യമെടുത്താല്‍ അദ്ദേഹത്തിന്റെ ഏറ്റവും മോശം സീസണായി ഇത്തവണത്തേതു മാറിയിരിക്കുകയാണ്. 12 മല്‍സരങ്ങളില്‍ നിന്നും 19.63 ശരാശരിയില്‍ കോലിയുടെ സമ്പാദ്യം 216 റണ്‍സാണ്. ഒരേയൊരു ഫിഫ്റ്റി നേടിയ അദ്ദേഹം മൂന്നു കളികളില്‍ ഡെക്കുമായി. 58 റണ്‍സാണ് കോലിയുടെ ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications