IPL 2022: റിഷഭ് ധോണിയുടെ ആരാധകനാണോ ? എങ്കില്‍ അത് ചെയ്ത് കാട്ടൂ, ചലഞ്ചുമായി സെവാഗ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് കരുത്തരുടെ നിരയാണെങ്കിലും പ്രതീക്ഷിച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. ഏഴ് മത്സരത്തില്‍ നാലിലും ടീം തോറ്റപ്പോള്‍ മൂന്ന് മത്സരമാണ് ജയിക്കാനായത്. നായകനെന്ന നിലയില്‍ റിഷഭ് പന്തിന്റെ പ്രകടനവും അത്ര മികച്ചതല്ല. ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കാനോ ഉത്തരവാദിത്തത്തോടെ ഫിനിഷ് ചെയ്യാനോ റിഷഭിനാവുന്നില്ല. ഓപ്പണര്‍മാരായ പൃഥ്വി ഷായും ഡേവിഡ് വാര്‍ണറും തിളങ്ങിയാല്‍ ടീം ജയിക്കുമെന്ന അവസ്ഥയാണുള്ളത്.
ഇപ്പോഴിതാ ഡല്‍ഹി നായകന്‍ റിഷഭ് പന്തിന് ചലഞ്ചുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. റിഷഭ് ധോണിയുടെ ആരാധകനാണെങ്കില്‍ ധോണിയെപ്പോലെ ഫിനിഷ് ചെയ്ത് കാട്ടണമെന്നാണ് സെവാഗ് പറഞ്ഞത്. ഇത്തവണ ധോണി സിഎസ്‌കെയ്ക്കായി മികച്ച പ്രകടനമാണ് നടത്തുന്നത്. ടീം വലിയ തകര്‍ച്ച നേരിടുമ്പോഴും മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാന്‍ ധോണിക്ക് സാധിക്കുന്നുണ്ട്.

'റിഷഭ് പന്ത് ഡല്‍ഹിയുടെ നട്ടെല്ലാണ്. ഓപ്പണര്‍മാര്‍ നന്നായി തുടങ്ങിയാലും മധ്യനിരയില്‍ റണ്‍സുയര്‍ത്തേണ്ടത് റിഷഭിന്റെ ഉത്തരവാദിത്തമാണ്. റിഷഭ് ധോണിയുടെ കടുത്ത ആരാധകനാണെന്ന് പറയുമ്പോള്‍ ധോണിയില്‍ നിന്ന് പഠിക്കാനും തയ്യാറാവണം. അവസാന ഓവറില്‍ 20-25 റണ്‍സെങ്കിലും നേടാന്‍ റിഷഭിന് സാധിക്കണം. അതിനുള്ള കഴിവ് അവനുണ്ട്. അവസാന ഓവര്‍വരെ ക്രീസില്‍ നില്‍ക്കാനാണ് റിഷഭ് ശ്രമിക്കേണ്ടത്' -ക്രിക് ബസ്സിനോട് സംസാരിക്കവെ സെവാഗ് പറഞ്ഞു.

റിഷഭ് വലിയ ഷോട്ടുകളോടെ തുടങ്ങുമെങ്കിലും വലിയ സ്‌കോറിലേക്ക് ഉയരാനാവുന്നില്ല. എട്ട് മത്സരത്തില്‍ നിന്ന് 188 റണ്‍സാണ് റിഷഭ് നേടിയത്. 37.60 എന്ന ഭേദപ്പെട്ട ശരാശരിയും 154.09 സ്‌ട്രൈക്കറേറ്റും റിഷഭിനുണ്ട്. എന്നാല്‍ മാച്ച് വിന്നിങ് ഇന്നിങ്‌സ് കാഴ്ചവെക്കുന്നതില്‍ പരാജയപ്പെടുന്നു. 44 റണ്‍സാണ് ഈ സീസണിലെ റിഷഭിന്റെ ഉയര്‍ന്ന സ്‌കോര്‍. മറ്റ് യുവ നായകന്മാരെല്ലാം തിളങ്ങുമ്പോഴും ഇന്ത്യയുടെ ഭാവി നായകന്മാരിലൊരാളായി പരിഗണിക്കപ്പെടുന്ന റിഷഭിന് അവസരത്തിനൊത്ത് ഉയരാനാവുന്നില്ലെന്നതാണ് വസ്തുത.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ റിഷഭിന്റെ പ്രവര്‍ത്തി വലിയ വിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു. അവസാന ഓവറില്‍ നോബോള്‍ വിവാദത്തില്‍ താരങ്ങളോട് കളം വിട്ട് പോരാന്‍ റിഷഭ് ആവിശ്യപ്പെട്ടതും അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്തതും വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. മൂന്ന് സിക്‌സുകള്‍ നേടി മിന്നും ഫോമില്‍ നിന്നിരുന്ന റോവ്മാന്‍ പവലിന്റെ ഫോം നഷ്ടപ്പെടുത്തുകയും മത്സരം നഷ്ടപ്പെടാന്‍ അത് കാരണമാവുകയും ചെയ്തു. ഈ സംഭവത്തില്‍ റിഷഭിന് പിഴ ശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications