IPL 2022: 'ഐ ആം ത്രില്‍ഡ്', ഫൈനല്‍ മത്സരം എന്നും ഇഷ്ടം, ആര്‍ആറിന് മുന്നറിയിപ്പുമായി വേഡ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ കലാശപ്പോരാട്ടം ഇന്ന് നടക്കാന്‍ പോവുകയാണ്. ആവേശകരമായ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറില്‍ ആര്‍സിബിയെ തോല്‍പ്പിച്ച് ഫൈനലിലെത്തിയപ്പോള്‍ ആദ്യ ക്വാളിഫയറില്‍ രാജസ്ഥാനെ തകര്‍ത്താണ് ഹര്‍ദിക്കും സംഘവും ഫൈനലില്‍ പ്രവേശിച്ചത്. ഫൈനലില്‍ രാജസ്ഥാന്‍ പകരം വീട്ടുമോ അതോ ഗുജറാത്ത് ജയം ആവര്‍ത്തിക്കുമോയെന്നത് കാത്തിരുന്ന് കാണാം.
രണ്ട് ടീമിനൊപ്പവും മികച്ച താരനിരയുണ്ട്. എന്നാല്‍ ഗുജറാത്ത് ടീമില്‍ ഫൈനലില്‍ എതിരാളികളെ വിറപ്പിക്കാന്‍ കെല്‍പ്പുള്ള ഒരു എക്‌സ് ഫാക്ടറുണ്ട്. അത് മറ്റാരുമല്ല ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്യു വേഡാണ്. 2021ലെ ടി20 ലോകകപ്പ് സെമിയില്‍ സമ്മര്‍ദ്ദ ഘട്ടത്തില്‍ പാകിസ്താന്റെ സൂപ്പര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയെ തല്ലി പതം വരുത്തിയ വേഡിന്റെ ബാറ്റിങ് അത്ര പെട്ടെന്നൊന്നും ആരും മറിക്കില്ല. ഇപ്പോഴിതാ കലാശപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ രാജസ്ഥാന്‍ റോയല്‍സിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മാത്യു വേഡ്.

ഫൈനല്‍ മത്സരങ്ങളെയും സമ്മര്‍ദ്ദം നിറഞ്ഞ മത്സരങ്ങളെയും തനിക്ക് ഇഷ്ടമാണെന്നാണ് വേഡ് പറഞ്ഞിരിക്കുന്നത്. സീസണില്‍ 16 മത്സരത്തില്‍ നിന്ന് 149 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയിരിക്കുന്നത്. 35 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇത് രാജസ്ഥാനെതിരേ ഒന്നാം ക്വാളിഫയറിലാണ് നേടിയത്. നിര്‍ണ്ണായക മത്സരങ്ങളില്‍ തിളങ്ങുന്ന പതിവ് വേഡിനുണ്ടെന്നത് ചരിത്രം വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ വേഡിനെ നിസാരമായി കണ്ടാല്‍ രാജസ്ഥാന്‍ നിരാശപ്പെടേണ്ടിവരുമെന്നുറപ്പ്.
'വലിയ സമ്മര്‍ദ്ദം നിറഞ്ഞ മത്സരങ്ങള്‍ എനിക്കിഷ്ടമാണ്. ഫൈനലുകള്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ കരിയറില്‍ ഏറ്റവും ആസ്വദിച്ചത് ഫൈനല്‍ മത്സരങ്ങളാണ്. പല ഫൈനലുകളിലും മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടുണ്ട്. ഇവിടെയും അത് ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഹമ്മദാബാദിലെ സ്റ്റേഡിയം കണ്ടിട്ടുണ്ട്. വളരെ ആകര്‍ഷണീയമായ സ്റ്റേഡിയമാണിത്. ഇവിടെ കളിക്കാന്‍ സാധിച്ചിട്ടില്ലാത്തിനാല്‍ത്തന്നെ മത്സരം ആസ്വദിക്കാനാവുമെന്നാണ് കരുതുന്നത്'- വേഡ് പറഞ്ഞു.

ഗുജറാത്ത് ആദ്യം ഓപ്പണിങ്ങിലേക്ക് പരീക്ഷിച്ച വേഡ് തുടര്‍ച്ചയായി നിരാശപ്പെടുത്തിയതോടെ അദ്ദേഹത്തെ മൂന്നാം നമ്പറിലാണ് ടീം ഇപ്പോള്‍ ഇറക്കുന്നത്. വലിയൊരു പ്രകടനം ഇതുവരെ നടത്താനായില്ലെങ്കിലും ഫൈനലിലും മൂന്നാം നമ്പറില്‍ ഗുജറാത്ത് അവസരം നല്‍കുക വേഡിന് തന്നെയാവും. വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയെയാണ് ടീം വിശ്വസിക്കുന്നത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ വേഡ് മൂന്നാം നമ്പറില്‍ നടത്തുന്ന പ്രകടനം നിര്‍ണ്ണായകമാണ്.
ഗുജറാത്ത് ഇത്തവണ വിജയിച്ച മത്സരങ്ങളില്‍ ഭൂരിഭാഗവും ഫിനിഷര്‍മാരുടെ മികവിലായിരുന്നു. ടോപ് ത്രീയുടെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. സ്ഥിരതയില്ലാത്ത ടോപ് ത്രീയാണ് ഗുജറാത്തിന്റേത്. അതുകൊണ്ട് തന്നെ ഫൈനലില്‍ ഇവരുടെ പ്രകടനം നിര്‍ണ്ണായകമാവും. ഡേവിഡ് മില്ലര്‍ ആദ്യ ക്വാളിഫയറിലെ ഹീറോയായിരുന്നു. രണ്ടാം ക്വാളിഫയറില്‍ ഇതേ മികവ് ആവര്‍ത്തിക്കാന്‍ മില്ലറിന് സാധിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം.

ഇത്തവണ അരങ്ങേറ്റം കുറിച്ച ടീമാണ് ഗുജറാത്ത്. അരങ്ങേറ്റ സീസണില്‍ത്തന്നെ ഫൈനല്‍ കളിക്കാന്‍ സാധിച്ചുവെന്നത് ഗുജറാത്തിനെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടമാണ്. കിരീടം നേടാനായാല്‍ ഹര്‍ദിക് പാണ്ഡ്യയെന്ന നായകന്റെ കരിയറില്‍ അത് വലിയ വഴിത്തിരിവാകും. സഞ്ജു സാംസണെ സംബന്ധിച്ചും കാര്യങ്ങള്‍ അങ്ങനെ തന്നെയാണ്. ഇത്തവണ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചവര്‍ ഏറെയായിരുന്നെങ്കിലും ഇവരുടെയെല്ലാം മുന്നിലൂടെയാണ് രാജസ്ഥാനെ സഞ്ജു ഫൈനലിലേക്കെത്തിച്ചത്. ഇന്ത്യന്‍ ടീമില്‍ നിന്നടക്കം തഴയപ്പെട്ട് നില്‍ക്കുന്ന സഞ്ജുവിന് ശക്തമായ തിരിച്ചുവരവിന് കിരീട നേട്ടം നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ സഞ്ജു-ഹര്‍ദിക് എന്നീ നായകന്മാരുടെ കരുത്ത് പരീക്ഷിക്കപ്പെടുന്ന പോരാട്ടം കൂടിയാവും ഫൈനലിലേത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications