IPL 2022: 'ക്യാപ്റ്റന്‍ ഹര്‍ദിക്കിന് ഒരുപദേശം മാത്രമാണ് നല്‍കിയത് ', വെളിപ്പെടുത്തി മുഹമ്മദ് ഷമി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ നായകനെന്ന നിലയില്‍ എല്ലാവരെയും ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് ഹര്‍ദിക് പാണ്ഡ്യ കാഴ്ചവെച്ചത്. മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൗണ്ടറില്‍ നിന്ന് ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായുള്ള ഹര്‍ദിക് പാണ്ഡ്യയുടെ വളര്‍ച്ച ഏവരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇത്തവണ ആദ്യം പ്ലേ ഓഫ് ഉറപ്പിച്ച ടീമായി മാറിയത് ഹര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സാണ്. ഇത്തവണ അരങ്ങേറ്റം കുറിച്ച ടീമാണ് ഗുജറാത്ത്. ശരാശരി താരനിര മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന ഗുജറാത്തിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ഹര്‍ദിക്കിന് സാധിച്ചു.
ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിന്റെ നായകന്‍ തന്നെയാണ് ഹര്‍ദിക്. ബൗളിങ്, ഫീല്‍ഡിങ് വിന്യസത്തിലും അച്ചടക്കം കാട്ടുന്ന ഹര്‍ദിക് ടീമിനെ മികച്ച നിലയില്‍ മുന്നോട്ട് കൊണ്ടുപോകുന്നു. എന്നാല്‍ പലപ്പോഴും വികാരങ്ങളെ നിയന്ത്രിക്കുന്നതില്‍ ഹര്‍ദിക് പരാജയമാണ്. കളത്തില്‍ സീനിയര്‍ താരങ്ങളോട് പോലും കയര്‍ക്കുന്ന സാഹചര്യം ഉണ്ടായി. മുഹമ്മദ് ഷമി പ്രയാസമുള്ള ക്യാച്ചിന് ശ്രമിക്കാതിരുന്നപ്പോള്‍ പ്രകോപിതനായി പൊട്ടിത്തെറിച്ച ഹര്‍ദിക്ക് രൂക്ഷ വിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു.

ഇന്ത്യന്‍ ടീമിലെ ഹര്‍ദിക്കിന്റെ സീനിയര്‍ താരമാണെന്ന മര്യാദപോലും ഇല്ലാതെയാണ് ഹര്‍ദിക് പെരുമാറിയതെന്ന തരത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മുഹമ്മദ് ഷമി. നായകനെന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യക്ക് നല്‍കിയ ഉപദേശം എന്താണെന്നാണ് ഷമി ഇപ്പോള്‍ ആരാധകരുമായി പങ്കുവെച്ചത്.
'ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായപ്പോള്‍ അവന്‍ കൂടുതല്‍ പക്വതയിലേക്കെത്തി. പ്രതികരണങ്ങള്‍ ശാന്തമായി. ലോകം മുഴുവന്‍ ക്രിക്കറ്റ് കാണുന്നതിനാല്‍ വികാരങ്ങളെ നിയന്ത്രിച്ച് നിര്‍ത്തണമെന്ന് ഞാന്‍ അവനെ ഉപദേശിച്ചിരുന്നു. നായകന്‍ കാര്യങ്ങളെ തിരിച്ചറിയുന്നവനായിരിക്കണം. സംഭവങ്ങളെയും സാഹചര്യങ്ങളേയും മനസിലാക്കേണ്ടതായുണ്ട്. അവന്‍ അത് പരമാവധി ഭംഗിയായി ചെയ്യുന്നുണ്ട്.

നായകനെന്ന നിലയില്‍ ടീമിനെ ഒന്നായി കൊണ്ടുപോകാന്‍ അവന് സാധിക്കുന്നുണ്ട്. താരമെന്ന നിലയില്‍ ക്യാപ്റ്റനെന്ന നിലയിലേക്കുള്ള ഹര്‍ദിക്കിന്റെ വളര്‍ച്ചക്ക് ഞാന്‍ സാക്ഷിയാണ്. ഓരോ താരങ്ങള്‍ക്കും ഓരോ സ്വഭാവമാണുള്ളത്. മഹി ഭായി ശാന്തനായ നായകനാണ്, വിരാട് ആക്രമണോത്സകത ഇഷ്ടപ്പെടുന്ന നായകനാണ്. രോഹിത് മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് നയിക്കുന്ന നായകനാണ്. ഹര്‍ദിക്കിന്റെ സ്വഭാവവും നന്നായി അറിയാം'- ഷമി പറഞ്ഞു.
നായകനെന്ന നിലയില്‍ ഇത്തവണ ഏറ്റവും കൈയടി അര്‍ഹിക്കുന്നത് ഹര്‍ദിക് തന്നെയാണ്. 13 മത്സരത്തില്‍ നിന്ന് 10 ജയവും മൂന്ന് തോല്‍വിയുമടക്കം 20 പോയിന്റോടെയാണ് ഗുജറാത്ത് തലപ്പത്ത് നില്‍ക്കുന്നത്. 12 മത്സരത്തില്‍ നിന്ന് 351 റണ്‍സാണ് ഹര്‍ദിക് നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. നായകനെന്ന നിലയില്‍ ആംഗര്‍ റോളിലും അടിച്ചുകളിക്കാനും ഹര്‍ദിക്കിന് സാധിക്കുന്നുണ്ട്. നാല് വിക്കറ്റുകളും ഹര്‍ദിക് നേടി.

ഇത്തവണത്തെ ഗുജറത്തിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ഏതെങ്കിലും ഒരു താരത്തെ ആശ്രയിച്ചല്ല ടീം മുന്നോട്ട് പോകുന്നത്. ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും പല മത്സരങ്ങളിലും ഭേദപ്പെട്ട് തുടങ്ങുമ്പോള്‍ ടോപ് ഓഡറില്‍ ഹര്‍ദിക് പാണ്ഡ്യയും മികവ് കാട്ടുന്നു. ഫിനിഷര്‍ റോളില്‍ രാഹുല്‍ തെവാത്തിയയും ഡേവിഡ് മില്ലറും നടത്തുന്നത് ശ്രദ്ധേയ പ്രകടനം തന്നെയാണ്.
ബൗളിങ് നിരയില്‍ മുഹമ്മദ് ഷമി ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്നു. 13 മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് ഷമി ഈ സീസണില്‍ വീഴ്ത്തിയത്. റാഷിദ് ഖാന്‍ 16 വിക്കറ്റുമാണ് മികച്ച പിന്തുണയേകുന്നു. ലോക്കി ഫെര്‍ഗൂസന്‍ 12 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഒന്നിലധികം മാച്ച് വിന്നര്‍മാരുള്ള കെട്ടുറപ്പുള്ള ടീമാണ് ഗുജറാത്തിന്റേത്. ഇത്തവണ വമ്പന്മാരെയെല്ലാം അട്ടിമറിച്ച് ഗുജറാത്ത് കപ്പടിച്ചാലും അത്ഭുതപ്പെടാനാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications