
രാജസ്ഥാനെതിരായ മത്സരത്തില്‍ നോബോളിലൂടെത്തന്നെ സമയം കൂടുതല്‍ നഷ്ടപ്പെട്ടു. കൂടാതെ രാജസ്ഥാന്‍ കത്തിക്കയറിയതോടെ വില്യംസണിന് മികച്ച രീതിയില്‍ മത്സരത്തില്‍ ശ്രദ്ധ നല്‍കാന്‍ സാധിച്ചതുമില്ല. ബൗളര്‍മാരെല്ലാം നന്നായി തല്ലുവാങ്ങിയതോടെ സമ്മര്‍ദ്ദത്തിലായി. ഇതോടെ ഓവര്‍ പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് കൂടുതല്‍ സമയവും വേണ്ടിവന്നു. എന്തായാലും ഹൈദരാബാദ് നായകന്‍ വില്യംസണ് തോല്‍വിക്ക് പിന്നാലെ ലഭിച്ച പിഴ ശിക്ഷ വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
രാജസ്ഥാനെതിരേ 61 റണ്‍സിനാണ് ഹൈദരാബാദ് തോറ്റത്. മെഗാ ലേലത്തിന് ശേഷം തന്നെ ഏറ്റവും മോശം നിരയെന്ന വിലയിരുത്തപ്പെട്ട ഹൈദരാബാദ് ആ വിലയിരുത്തല്‍ ശരിയാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം അമ്പേ പരാജയപ്പെട്ടു. ബൗളിങ് നിര തിരിച്ചുവരാന്‍ കെല്‍പ്പുള്ളവരാണെന്ന് പറയാമെങ്കിലും ബാറ്റിങ് നിര ദുര്‍ബലമെന്ന് ഒറ്റ മത്സരത്തിലൂടത്തന്നെ വ്യക്തം. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ എന്നീ രണ്ട് പ്രമുഖരെ ഒഴിവാക്കിയ ഹൈദരാബാദിന് ഉത്തമ പകരക്കാരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

രാജസ്ഥാനെതിരേ ടോസ് നേടിയ ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുത്തു. ബൗളിങ് കരുത്തില്‍ വിശ്വസിച്ച ഹൈദരാബാദിന് പിഴച്ചു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചെടുത്തത്. നാല് നോബോളാണ് രാജസ്ഥാനെറിഞ്ഞത്. ഇതില്‍ രണ്ട് നോബോളുകള്‍ വിക്കറ്റ് ബോളുകളായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ രണ്ടും ഉമ്രാന്‍ മാലിക്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ നോബോളുമാണ് എറിഞ്ഞത്. റണ്‍സ് വിട്ടുകൊടുക്കാനും ആരും മടികാട്ടിയില്ല.

ബാറ്റിങ് വലിയ നിരാശയുണ്ടാക്കുന്നതാണ്. നായകന്‍ കെയ്ന്‍ വില്യംസനിലാണ് എല്ലാ ഭാരവും. ഓപ്പണറായി ഇറങ്ങിയ വില്യംസന്‍ രണ്ട് റണ്‍സാണ് രാജസ്ഥാനെതിരേ നേടിയത്. അഭിഷേക് ശര്‍മ (9), രാഹുല്‍ ത്രിപാഠി (0), നിക്കോളാസ് പുരാന്‍ (0) എന്നിവരെല്ലാം തീര്‍ത്തും നിരാശപ്പെടുത്തി. കോടികള്‍ പ്രതിഫലം നല്‍കി ടീമിലേക്കെത്തിച്ച പുരാന്‍ ഒമ്പത് പന്തുകള്‍ നേരിട്ടാണ് പൂജ്യത്തിന് പുറത്തായത്. കെകെആര്‍ നിരയില്‍ ശ്രദ്ധയ പ്രകടനം നടത്തിയ രാഹുല്‍ ത്രിപാഠിക്കും ആദ്യ മത്സരത്തില്‍ പിഴച്ചു.

എയ്ഡന്‍ മാര്‍ക്രം (57) വാഷിങ്ടണ്‍ സുന്ദര്‍ (40) എന്നിവരുടെ പ്രകടനം കൂടി ഇല്ലായിരുന്നെങ്കില്‍ വലിയ നാണക്കേട് ഹൈദരാബാദിന് നേരിടേണ്ടി വരുമായിരുന്നു. മാര്‍ക്രം 41 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തിയപ്പോള്‍ 14 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സുമാണ് സുന്ദര്‍ നേടിയത്. ഇതേ പ്രകടനം തുടര്‍ന്ന് ഹൈദരാബാദിന് അധികം മുന്നോട്ട് പോകാനാവില്ല. ഈ ടീമില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കാനും സാധിക്കില്ലെന്ന് തന്നെ പറയാം.


Click it and Unblock the Notifications

