IPL 2022: 'ഇഷാന്‍ എങ്ങോട്ടും പോവണ്ടാ', മുംബൈയുടെ 'മുത്ത്', 15.25 കോടിക്ക് തിരികെ എത്തിച്ചു

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ മെഗാ താരലേലത്തിലെ താരമായി ഇഷാന്‍ കിഷന്‍. മുംബൈ ഇന്ത്യന്‍സ് മെഗാ ലേലത്തിന് മുമ്പ് ഒഴിവാക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ 15.25 കോടിക്ക് മുംബൈ ഇന്ത്യന്‍സ് തന്നെയാണ് തിരികെ എത്തിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സും ഇഷാനായി വാശിയോടെ പോരാടിയപ്പോള്‍ ലേലത്തിലെ റെക്കോഡ് പ്രതിഫലം പ്രതീക്ഷിച്ചെങ്കിലും 15.25 കോടിക്ക് മുകളില്‍ വിളിക്കാന്‍ ഹൈദരാബാദ് തയ്യാറാകാതെ വന്നതോടെ ഇഷാന്‍ മുംബൈയിലേക്കെത്തുകയായിരുന്നു.
വളരെ ആവേശത്തോടെ മുംബൈ ഇന്ത്യന്‍സ് ലേലം വിളിച്ചത് ഇഷാനുവേണ്ടിയായിരുന്നെന്ന് പറയാം. എന്ത് വിലകൊടുത്തും ഇഷാനെ സ്വന്തമാക്കുമെന്ന ഉറച്ച നിലപാടില്‍ത്തന്നെയായിരുന്നു മുംബൈ. ഇത് മനസിലാക്കിത്തന്നെയാണ് ഹൈദരാബാദ് പിന്മാറിയത്. വിക്കറ്റ് കീപ്പര്‍ വെടിക്കെട്ട് താരത്തെ മറ്റ് വഴികളില്ലാതെയാണ് മുംബൈ മെഗാ ലേലത്തിന് മുമ്പ് ഒഴിവാക്കിയത്. സൂര്യ കുമാര്‍ യാദവ്-ഇഷാന്‍ കിഷന്‍ എന്നിവരിലൊരാളെ നിലനിര്‍ത്താമെന്ന അവസ്ഥയിലേക്ക് മുംബൈ എത്തിയപ്പോള്‍ മധ്യനിരയിലെ വിശ്വസ്തനായ സൂര്യയെ മുംബൈ നിലനിര്‍ത്തുകയായിരുന്നു.

മെഗാ ലേലത്തില്‍ റെക്കോഡ് പ്രതിഫലം തന്നെ ഇഷാന് പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്. മുംബൈ താരത്തെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ സാധിക്കുന്ന താരമാണെന്നതാണ് ഇഷാന്റെ സവിശേഷത. ഇടം കൈയന്‍ താരം മൈതാനത്തിന്റെ ഏത് വശത്തേക്കും ഷോട്ട് പായിക്കാന്‍ മിടുക്കനാണ്. അവസാന സീസണിലെ മുംബൈയുടെ അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഇഷാന്‍ നടത്തിയ വെടിക്കെട്ട് ഇന്നിങ്‌സ് മാത്രം മതി താരത്തിന്റെ പ്രതിഭ വ്യക്തമാക്കാന്‍.
ഓപ്പണറെന്ന നിലയിലും മധ്യനിരയിലും ഫിനിഷറെന്ന നിലയിലും തിളങ്ങുന്ന താരം വിക്കറ്റ് കീപ്പറെന്ന നിലയിലും വിശ്വസ്തനാണ്. ഇന്ത്യന്‍ ടീമില്‍ ഏകദിന, ടി20 അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടാനും ഇഷാന് സാധിച്ചിരുന്നു. ഒട്ടുമിക്ക ടീമും ഇഷാനായി രംഗത്തെത്തുമെന്നത് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. ക്വിന്റന്‍ ഡീകോക്കിനെ സ്വന്തമാക്കാതിരുന്ന മുംബൈ ഇഷാന്‍ കിഷനെ ടീമിലെത്തിക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തം.

61 ഐപിഎല്ലില്‍ നിന്ന് 28.47 ശരാശരിയില്‍ 1452 റണ്‍സാണ് ഇഷാന്‍ നേടിയത്. ഇതില്‍ ഒമ്പത് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 99 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 136.34 ആണ് സ്‌ട്രൈക്കറേറ്റ്. 23 വയസ് മാത്രമാണ് പ്രായമെന്നതിനാല്‍ ദീര്‍ഘ കാല അടിസ്ഥാനത്തില്‍ മുംബൈ ഇന്ത്യന്‍സിന് ഇഷാനെ ഉപയോഗിക്കാനാവും. രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായിത്തന്നെയാവും ഇഷാനെ പരിഗണിക്കാന്‍ സാധ്യത. ഇടത്-വലം കൈ ഓപ്പണിങ് കൂട്ടുകെട്ടാണ് ടീമിന് ഗുണം ചെയ്യുന്നതും. പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ ഇഷാന് മികവുണ്ട്.
ഐപിഎല്ലില്‍ ലേലത്തില്‍ ഇന്ത്യക്കാരന് ലഭിക്കുന്ന ഉയര്‍ന്ന രണ്ടാമത്തെ തുകയാണിത്. 16 കോടി ലഭിച്ച യുവരാജ് സിങ്ങാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 2015ലെ മെഗാ ലേലത്തില്‍ ഡല്‍ഹിയാണ് യുവരാജിനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കുന്നത്. ഇതിന് ശേഷം ഏറ്റവും പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ഇഷാനെ തേടിയെത്തിയിരിക്കുന്നത്. 2014ല്‍ ആര്‍സിബി 14 കോടിക്ക് യുവരാജിനെ സ്വന്തമാക്കിയതാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 2014ല്‍ ഡല്‍ഹി 12.5 കോടിക്ക് ദിനേഷ് കാര്‍ത്തികിനെയും ഇത്തവണ ശ്രേയസ് അയ്യരെ കെകെആര്‍ 12.5 കോടിക്കും സ്വന്തമാക്കിയിരുന്നു.

രോഹിത് ശര്‍മ, കീറോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നീ സൂപ്പര്‍ താരങ്ങളെ നിലനിര്‍ത്തിയിറങ്ങിയ മുംബൈ ഇപ്പോള്‍ ഇഷാനെയും തിരിച്ചെത്തിച്ചിരിക്കുകയാണ്. ട്രന്റ് ബോള്‍ട്ടിനായി രംഗത്തെത്തിയിരുന്നെങ്കിലും പോരാട്ടം കടുത്തതോടെ മുംബൈ പിന്മാറുകയായിരുന്നു. എന്തായാലും ഉയര്‍ന്ന പ്രതിഫലം ഇഷാനെ സംബന്ധിച്ച് വലിയ ഉത്തരവാദിത്തം തന്നെയാവും. താരത്തിന് വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications